Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റില്‍ അന്താരാഷ്ട്ര അറബിക് സെമിനാറും പുസ്തക പ്രദര്‍ശനവും തുടങ്ങി

HIGHLIGHTS : Calicut University News; International Arabic seminar and book exhibition started in Calicut

കാലിക്കറ്റില്‍ അന്താരാഷ്ട്ര അറബിക് സെമിനാറും പുസ്തക പ്രദര്‍ശനവും തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര അറബിക് സെമിനാറിന് തുടക്കമായി. സര്‍വകലാശാലയിലെ അറബിക് പഠനവിഭാഗവും ഫാറൂഖ് കോളേജിലെ അറബിക് പഠനവകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പരിപാടി രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വിനിമയങ്ങളിലൂടെ ഇന്തോ-അറബ് സൗഹൃദം കൂടുതല്‍ വളരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യു.എ.ഇയിലെ എഴുത്തുകാരിയും പ്രസാധകയുമായ ഡോ. മറിയം ശിനാസി മുഖ്യപ്രഭാഷണം നടത്തി. അറബി വിഭാഗം മേധാവി പ്രൊഫ. എ.ബി. മൊയ്തീന്‍ കുട്ടി അധ്യക്ഷനായി. ഫാത്തിമ അല്‍ മസ്‌റൂയി. (യു.എ. ഇ.), ഡോ. ഖാലിദ് അല്‍ കിന്ദി, ഡോ. നാസര്‍ അല്‍ ഹസനി (ഒമാന്‍), സാലിം അല്‍ റുമൈദി (കുവൈറ്റ്), ഡോ. ഫാത്തിമ അല്‍ മുഖൈനി, ഡോ. ഹദിയ മൈക്കി (ഒമാന്‍) തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ വിഷയാവതരണവതരണം നടത്തി. സിന്‍ഡിക്കേറ്റംഗം ഡോ. എം. മനോഹരന്‍, ഭാഷ ഫാക്കല്‍റ്റി മുന്‍ ഡീന്‍ ഡോ. കെ.കെ. ഗീതാകുമാരി, ഇംഗ്ലീഷ് വിഭാഗം വകുപ്പ് മേധാവി ഡോ. എം.എ. സാജിത, ഫാറൂഖ് കോളേജ് അറബി വിഭാഗം മേധാവി ഡോ. യൂനുസ് സാലിം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യൂണിവേഴ്‌സിറ്റി സംസ്‌കൃത വിഭാഗ മുന്‍ മേധാവി ഡോ. കെ.കെ.ഗീതാ കുമാരി വിവര്‍ത്തനം ചെയ്ത ‘മുദക്കി റാത്തുല്‍ ഫാരിസ അറബിയ്യ’ എന്ന അറബി പുസ്തകത്തിന്റെ സംസ്‌കൃത പരിഭാഷ (‘ഒരു അറബി അശ്വാഭ്യാസിയുടെ ഓര്‍മ്മ കുറിപ്പുകള്‍’.), പി.ടി.എം. ഗവ. കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സി.ടി. ഖാലിദിന്റെ ചെറുകഥാ വിവര്‍ത്തന സമാഹാരം ‘വിലാപങ്ങളുടെ വീട്’ എന്നിവ ചടങ്ങില്‍ പ്രകാശനം ചെയ്തു. അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ വായന മത്സരത്തില്‍ വിജയികളായ ഷഹിന്‍ഷ മൊല്ല, ടി. മുഹമ്മദ് ഷക്കീബ്, കെ. മുഹമ്മദ് നബീല്‍, മുഹമ്മദ് റൂഹുല്‍ അമീന്‍ എന്നിവര്‍ക്കുള്ള സമ്മാന ദാനവും യു.ജി.സി. നെറ്റ് ജെ.ആര്‍.എഫ്. വിജയിയായ ജാസിയ മാജിക്കുള്ള അവാര്‍ഡ് വിതരണവും നടന്നു. ഡോ. ടി.എ. അബ്ദുല്‍ മജീദ് സ്വാഗതവും ഡോ. കെ.പി. അബ്ബാസ് നന്ദിയും പറഞ്ഞു. വിവിധ ഇനങ്ങളിലുള്ള സാഹിത്യ, അക്കാദമിക അറബി പുസ്തകങ്ങളുടെ പ്രദര്‍ശനവും ചടങ്ങിനോടൊപ്പം സംഘടിപ്പിപ്പിട്ടുണ്ട്. നാല് ദിവസങ്ങളിലായി ഇന്ത്യക്കകത്തും പുറത്തു നിന്നുമുള്ള അമ്പതോളം പേര്‍ ഗവേഷണ പ്രബന്ധങ്ങള്‍  അവതരിപ്പിക്കും.

sameeksha-malabarinews

വിദൂരവിഭാഗം കലാ-കായികമേള ലോഗോ പ്രകാശനം ചെയ്തു

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കലാ-കായികമേളയുടെ (അസ്മിത-’23)  ലോഗോ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ പ്രകാശനം ചെയ്തു. സര്‍വകലാശാലാ പ്രസ്സിലെ ജീവനക്കാരനായ അജിഷ് ഐക്കരപ്പടിയാണ് ലോഗോ തയ്യാറാക്കിയത്. ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗങ്ങളായ യൂജിന്‍ മൊറേലി, കെ.കെ. ഹനീഫ, ഡോ. എം. മനോഹരന്‍, അഡ്വ. ടോം കെ. തോമസ്, എ.കെ. രമേഷ് ബാബു, വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ്, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഇബ്രായി കണിയാങ്കണ്ടി മീത്തല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കലാ-കായിക മേളയില്‍ പങ്കെടുക്കുന്നവര്‍ വിദൂരവിഭാഗം വെബ്സൈറ്റ് വഴി പേര് രജിസ്റ്റര്‍ ചെയ്യാന്‍ 15 വരേക്ക് സമയം നല്‍കിയിട്ടുണ്ട്. മത്സരവിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും നല്‍കും.

ജോണ്‍മത്തായി അനുസ്മരണ പ്രഭാഷണം

കാലിക്കറ്റ് സര്‍വകലാശാലാ തൃശൂര്‍ അരണാട്ടുകര ഡോ. ജോണ്‍മത്തായി സെന്ററിലെ സാമ്പത്തിക ശാസ്ത്ര പഠനവിഭാഗം ഡോ. ജോണ്‍മത്തായി ജന്മദിനത്തിന്റെ ഭാഗമായി അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. വൈസ്ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. കേരള പബ്ലിക് എക്‌സ്‌പെന്റിച്ചര്‍ റിവ്യൂ കമ്മിറ്റി ചെയര്‍മാന്‍ ഡി. നാരായണ മുഖ്യപ്രഭാഷണം നടത്തി. പഠനവകുപ്പ് മേധാവി ഡോ. പി. സബീന ഹമീദ്, അസി. പ്രൊഫസര്‍ ഡോ. എം. മുനീര്‍ബാബു എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് പൈത്തണ്‍ ഉപയോഗിച്ചുള്ള ഡാറ്റാ അനാലിസിസില്‍ എം.എസ്. രാഹുല്‍ നയിക്കുന്ന ദ്വിദിന ശില്‍പശാലയും നടക്കുന്നുണ്ട്.

അന്താരാഷ്ട്ര ഫോക് പെര്‍ഫോമന്‍സ് ശില്‍പശാല

കാലിക്കറ്റ് സര്‍വകലാശാലാ ഫോക് ലോര്‍ പഠനവകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഫോക് പെര്‍ഫോമന്‍സ് ശില്‍പശാലക്ക് തുടക്കമായി. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. 9 രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. വകുപ്പ് മേധാവി ഡോ. സി.കെ. ജിഷ, ചരിത്ര പഠനവകുപ്പ് മേധാവി ഡോ. മുജീബ് റഹ്‌മാന്‍, അസി. പ്രൊഫസര്‍ സിനീഷ് വേലിക്കുനി, ഐ.വി. ദൃത്യുല്‍ എന്നിവര്‍ സംസാരിച്ചു.

പെന്‍ഷന്‍കാര്‍ ആദായനികുതി സ്റ്റേറ്റ്‌മെന്റ് സമര്‍പ്പിക്കണം

കാലിക്കറ്റ് സര്‍വകലാശാലാ പെന്‍ഷന്‍കാര്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ ആദായനികുതി സ്റ്റേറ്റ്‌മെന്റ് 20-ന് മുമ്പായി സര്‍വകലാശാലാ ഫിനാന്‍സ് ബ്രാഞ്ചില്‍ സമര്‍പ്പിക്കണം. വാര്‍ഷിക വരുമാനം സംബന്ധിച്ച വിശദാംശങ്ങളും സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കുന്നതിനുള്ള ഫോമും സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പെന്‍ഷനേഴ്‌സ് സ്‌പോട്ടില്‍ ലഭ്യമാണ്.  ആകെ വരുമാനം രണ്ടര ലക്ഷം രൂപയില്‍ കൂടുതലുള്ളവര്‍ തുടര്‍മാസങ്ങളിലെ പെന്‍ഷന്‍ ലഭ്യമാകുന്നതിന് പാന്‍കാര്‍ഡിന്റെ പകര്‍പ്പ് ഫിനാന്‍സ് വിഭാഗത്തില്‍ സമര്‍പ്പിക്കണം.

പരീക്ഷ

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ 31-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

സര്‍വകാലശാലാ നിയമപഠന വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്ന്, മൂന്ന് സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ 24 വരെയും 170 രൂപ പിഴയോടെ 27 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെയും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെയും ആറാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!