Edit Content

Section

Edit Content

കാലിക്കറ്റ് സർവകലാശാല വാർത്തകൾ; കാട്ടുതെച്ചികളുടെ അപൂർവ്വ ശേഖരവുമായി കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനം

HIGHLIGHTS : Calicut University News; Calicut University Botanical Garden with a rare collection of wild plants

കാട്ടുതെച്ചികളുടെ അപൂർവ്വ ശേഖരവുമായി കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനം

കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാന പ്രദർശനത്തിന്റെ ഭാഗമായി കാട്ടുതെച്ചികളുടെ അപൂർവശേഖരങ്ങൾക്കായുള്ള പ്രത്യേക സംരക്ഷണ വിഭാഗം രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ലോകത്താകെ 561 ഓളം സ്പീഷീസുകളുള്ള ഇക്സോറ ജനുസിൽ പെടുന്ന കാട്ടുതെച്ചികളിൽ ഇന്ത്യയിൽ നിന്ന് 44 ഇനങ്ങളാണുള്ളത്. ഇവയിലെ ഇരുപതോളം വരുന്ന തദ്ദേശ വിഭാഗങ്ങൾ ഉൾപ്പെടെ വൈവിധ്യമാർന്ന തെച്ചികളുടെ ശേഖരമാണ് സസ്യോദ്യാനത്തിൽ പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്.

ബോട്ടണി പഠനവകുപ്പിലെ സീനിയർ പ്രൊഫസർ സന്തോഷ് നമ്പിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ കാട്ടുതെച്ചികളിൽ ഗവേഷണം നടത്തുന്ന തൃശ്ശൂർ സ്വദേശിനിയായ കെ.എച്ച്.  ഹരിഷ്മ യും സംഘവുമാണ് ഈ അപൂർവ്വ ഇനങ്ങളെ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, ആസാം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നും പശ്ചിമഘട്ടം ഉൾപ്പെട്ട ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമായി ശേഖരിച്ചത്. ഈ ജനുസിന്റെ വർഗീകരണ പഠനത്തിന്റെ ഭാഗമായി ജനിതക തലത്തിലുള്ള പഠനങ്ങൾ ഇവിടെ നടത്തിവരുന്നു. അമ്പതോളം ചെടികളാണ് ഇവിടെ സംരക്ഷിക്കുന്നത്.

ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിച്ചിട്ടുള്ള കീഴ്ക്കുലതെച്ചി എന്നറിയപ്പെടുന്ന ഇക്സോറ  മലബാറിക്ക ഉൾപ്പെടെ ഇക്സോറ ലാൻസിയോ ലാരിയ, ഇക്സോറ ഇലോങ്ങേറ്റ, ഇക്സോറ ജോൺസോണി, ഇക്സോറ പോളിയാന്ത തുടങ്ങിയ പത്തോളം തദ്ദേശീയമായ വർഗ്ഗങ്ങളും കാവുകളിലും മറ്റും കാണപ്പെടുന്ന ഇക്സോറ ബ്രാക്കിയേറ്റ, ഇക്സോറ നൊട്ടോണിയാന തുടങ്ങിയ മരങ്ങളും ഇതിൽ ഉൾപ്പെടുന്നു. പൗരാണിക കാലം മുതൽ ആയൂർവേദ മരുന്നുകളിലും പാരമ്പര്യ ചികിൽസ രീതികളിലും കണ്ണുരോഗം, ചർമ്മരോഗം തുടങ്ങിയവയുടെ ചികിൽസയ്ക്കും സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ഇതിൽ പലയിനങ്ങളും ഉപയോഗിക്കുന്നുണ്ട്. ഇവയുടെ പൂക്കൾ, ഇലകൾ, വേര് എന്നിവ നിരവധി ബാക്ടീരിയൽ ഫംഗൽ രോഗങ്ങൾക്കും ഫലപ്രദമാണ്. കാലിക്കറ്റ് സർവകലാശാലാ സസ്യോദ്യാനത്തിൽ നടക്കുന്ന പ്രദർശനം നവംബർ 30-ന് ( ഞായർ ) അവസാനിക്കും.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ പാർട്ട് ടൈം എം.ബി.എ. ( CUCSS – 2024 പ്രവേശനം ) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ പത്ത് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ് സി. റേഡിയേഷൻ ഫിസിക്സ് ( CCSS – 2024 പ്രവേശനം ) ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ബി.കോം., ബി.ബി.എ. ( CCSS – UG – 2011, 2012, 2013 പ്രവേശനം ) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ പത്ത് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

നാല്, ആറ് സെമസ്റ്റർ ബി.ടെക്. / പാർട്ട് ടൈം ബി.ടെക്. (2000 സ്‌കീം) സെപ്റ്റംബർ 2022 ഒറ്റത്തവണ പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. ആൽഫാ ന്യൂമെറിക്കൽ രജിസ്റ്റർ നമ്പറുള്ളവരുടെ ഫലം സർവകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. ന്യൂമെറിക്കൽ രജിസ്റ്റർ നമ്പറുള്ളവരുടെ ഫലം തപാൽ മുഖേന അറിയിക്കും.

ഏഴ്, ഒൻപത് സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!