കാലിക്കറ്റ് സർവകലാശാല വാർത്തകൾ; അഖിലേന്ത്യാ അന്തർ സർവകലാശാലാ നെറ്റ്ബോൾ കിരീടം നിലനിർത്തി കാലിക്കറ്റ്

അഖിലേന്ത്യാ അന്തർ സർവകലാശാലാ നെറ്റ്ബോൾ കിരീടം നിലനിർത്തി കാലിക്കറ്റ്

ഭോപ്പാൽ സേജ് സർവകലാശാലയിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം തവണയും ജേതാക്കളായി കാലിക്കറ്റ്. റായിഗഡിലെ എസ്.എൻ.പി.വി. സർവകലാശാലയെ 17 – 36 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് സൂപ്പർ ലീഗിൽ പ്രവേശിച്ചത്. സൂപ്പർ ലീഗിൽ മഹാത്മാഗാന്ധി സർവകലാശാലയെ 32 – 30, പൂനെ സാവിത്രി ഭായ് ഫുലെ സർവകലാശാലയെ 38 – 32, സേജ് സർവകലാശാലയെ 54 – 31 എന്നീ സ്കോറുകൾക്ക് പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് ജേതാക്കളായത്. സേജ് സർവകലാശാലാ വൈസ് ചാൻസിലർ ഡോ. ഇ.ആർ. സഞ്ജീവ് അഗർവാൾ ട്രോഫിയും മെഡലുകളും സമ്മാനിച്ചു. ടീമംഗങ്ങൾ : അഖിൽ ആന്റണി (ക്യാപ്റ്റൻ), മിലൻ എം സാജു, അമൽ ജോസ്, ജുവൽ വർഗീസ് (നൈപുണ്യ കോളേജ് പൊങ്ങം), അമൽ ജീവൻ, സി.കെ. ജയകൃഷ്ണൻ, എസ്. ആദിത്യൻ, കെവിൻ എ ഷാജി, ജെ.എസ്. ജിഷ്ണു, റോബിൻ കെ സജി (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട) കൃഷ്ണദത്തൻ, അലൻ ജോയ് മാത്യു (സഹൃദയ കോളജ് കൊടകര) പരിശീലകൻ : ജിതിൻ മാത്യു, മാനേജർ : എബിൻ റാഫേൽ.

അഖിലേന്ത്യാ അന്തർ സർവകലാശാലാ ക്രിക്കറ്റ് പിച്ച് ഒരുക്കൽ പുരോഗമിക്കുന്നു

മാർച്ച് 26 മുതൽ ഏപ്രിൽ 01 വരെ കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിലും കോഴിക്കോട് ദേവഗിരി കോളേജിലുമായി നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ വനിതാ ക്രിക്കറ്റ് ചാംപ്യൻഷിപ്പിന്റെ പിച്ചുകളുടെ നിർമാണപ്രവർത്തനം തുടങ്ങി. സർവകലാശാലാ സ്റ്റേഡിയത്തിലെ രണ്ട് ഫുട്ബാൾ മൈതാനങ്ങളിലും പിച്ചുകൾ ഒരുക്കിക്കൊണ്ടാണ് പ്രവർത്തനം നടക്കുന്നത്. സർവകലാശാലാ ഗ്രൗണ്ട്സ്മാൻമാരും കേരളാ ക്രിക്കറ്റ് അസോസിയേഷൻ പിച്ച് എക്സ്പെർട്ടുകളും ചേർന്ന് സർവകലാശാലാ കായിക വിഭാഗം ഡയറക്ടറുടെ നേതൃത്വത്തിലാണ് പിച്ചുകളുടെ നിർമാണം. മത്സരത്തിനായി മാറ്റ് വിക്കറ്റുകളാണ്‌ ഒരുക്കുന്നത്. 16 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ദക്ഷിണേന്ത്യയിൽനിന്ന് കാലിക്കറ്റ് സർവകലാശാല മാത്രമാണുള്ളത്.  കേരളത്തിൽ ആദ്യമായാണ് അഖിലേന്ത്യാ അന്തർ സർവകലാശാലാ വനിതാ ക്രിക്കറ്റ് മത്സരം നടക്കുന്നത്. ടീമംഗങ്ങൾക്കുള്ള താമസം ക്യാമ്പസിൽ തന്നെ ഒരുക്കും. മത്സരങ്ങൾ 20 – 20 ഫോർമാറ്റിൽ ലീഗ് കം നോക്ഔട്ട് അടിസ്ഥാനത്തിലാണ് നടത്തുകയെന്ന് കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ അറിയിച്ചു. 

എജ്യുക്കേഷൻ പഠനവകുപ്പിൽ  പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലാ എജ്യുക്കേഷൻ പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രോഗ്രാമിന് (2025 പ്രവേശനം) ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട് പഠനവകുപ്പിൽ നേരിട്ടോ ഇ-മെയിൽ മുഖാന്തിരമോ റിപ്പോർട്ട് ചെയ്തവർ ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും യു.ജി.സി. – ജെ.ആർ.എഫ്., യു.ജി.സി. – നെറ്റ് യോഗ്യതയുള്ളവർ ആയത് തെളിയിക്കുന്ന രേഖകളും സഹിതം 17-ന് രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം.

പരീക്ഷാ സമയത്തിൽ മാറ്റം

അഫിലിയേറ്റഡ് കോളേജ് / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്കായി മാർച്ച് 23 മുതൽ ഏപ്രിൽ 01 വരെ നടത്താനിരുന്ന ആറാം സെമസ്റ്റർ യു.ജി. (CBCSS / CUCBCSS) ഏപ്രിൽ 2026, ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സമയക്രമം രാവിലെ 10 മുതൽ ആരംഭിക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാ തീയതി, കേന്ദ്രം എന്നിവയിൽ മാറ്റമില്ല.  

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം

വിദൂര വിഭാഗം – രണ്ടാം സെമസ്റ്റർ എം.എ. മലയാളം (CBCSS SDE – 2019 പ്രവേശനം) സെപ്റ്റംബർ 2023, നാലാം സെമസ്റ്റർ എം.എ. മലയാളം, എം.എ. ഹിന്ദി (CBCSS SDE – 2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എസ് സി. ഫോറൻസിക് സയൻസ് (CCSS – 2024 പ്രവേശനം) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എം.ടി.എച്ച്.എം. (2024 പ്രവേശനം) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.

Share news
error: Content is protected !!
Scroll to Top