കടലുണ്ടി റെയിൽവേ മേൽപ്പാലം സ്ഥലമെടുപ്പിന് 10 കോടി രൂപയുടെ ഭരണാനുമതി

കടലുണ്ടിയിൽ റെയിൽവേ മേൽപ്പാലം നിർമാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കാൻ 10 കോടി രൂപയുടെ ഭരണാനുമതി. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് ഫണ്ട് അനുവദിച്ചത്. ഏകദേശം 0.9037 ഹെക്ടർ ഭൂമിയാകും ഏറ്റെടുക്കുക..

കടലുണ്ടിയിലെ ഗതാഗത പ്രശ്നത്തിന് ശാശ്വത പരിഹാരമായി റെയിൽവേ മേൽപാലം നിർമിക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ആവശ്യമാണ്. കടലുണ്ടി -ചാലിയം റോഡിൽ കടലുണ്ടി അങ്ങാടിയുടെ മധ്യത്തിലൂടെയാണ് റോഡ് മുറിച്ച് റെയിൽപാത കടന്നുപോകുന്നത്. ഇവിടെ റെയിൽവേ ഗേറ്റ് കാരണമുണ്ടാകുന്ന ഗതാഗത പ്രശ്നങ്ങൾക്ക് മേൽപാലം വരുന്നതോടെ പരിഹാരമാകും.
ഫറോക്ക്, മണ്ണൂർ, കടലുണ്ടി, ചാലിയം മേഖലകളിലെ യാത്രയും തീരദേശ റോഡുമായി ബന്ധപ്പെട്ട ദീർഘദൂര യാത്രയും സുഗമമാകും.

മേൽപാലം നിർമാണത്തിന് 10 കോടി രൂപ സർക്കാർ അനുവദിച്ചതോടെ ജനങ്ങളുടെ ദീർഘകാലമായുള്ള ഒരു സ്വപ്ന പദ്ധതി കൂടി സാക്ഷാത്കാരത്തിലേക്കടുക്കുകയാണെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കി, മേൽപാലം നിർമാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top