Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കാലിക്കറ്റിൽ വിദൂരവിഭാഗം കലാ-കായികോത്സവം ജനുവരിയിൽ

HIGHLIGHTS : Calicut University News; Calicut Distant Section Arts and Sports Festival in January

കാലിക്കറ്റിൽ വിദൂരവിഭാഗം കലാ-കായികോത്സവം ജനുവരിയിൽ

കാലിക്കറ്റ് സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾക്കായുള്ള കലോത്സവവും കായിക മത്സരങ്ങളും ജനുവരിയിൽ നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. സ്റ്റേജിതര മത്സരങ്ങൾ ജനുവരി ഒമ്പതിന് നടത്തും. 11, 12 തീയതികളിലാണ് സ്പോർട്സ്. 13, 14 തീയതികളിൽ സ്റ്റേജ് കലാമത്സരങ്ങളും അരങ്ങേറും. സർവകലാശാലാ കാമ്പസിൽ തന്നെയാകും മത്സരങ്ങൾ നടത്തുക. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകും. കലാ-കായിക മത്സരങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഈ മാസം 21-ന് സംഘാടക സമിതി യോഗം ചേരും. 15 ലക്ഷം രൂപ മത്സരങ്ങൾക്കായി നീക്കിവെച്ചിട്ടുണ്ട്. കോളേജുകളിൽ ബിരുദ സീറ്റുകൾ ഒഴിഞ്ഞു കിടക്കാനുള്ള സാഹചര്യം പഠിക്കാനും വരും വർഷങ്ങളിൽ അതൊഴിവാക്കാനും നടപടി സ്വീകരിക്കും. ചാലക്കുടി പനമ്പള്ളി മെമ്മോറിയൽ ഗവ. കോളേജിൽ ഗണിത ശാസ്ത്ര ഗവേഷണ കേന്ദ്രത്തിന് അനുമതി നൽകി. സർവകലാശാലയുടെ ഇന്റർനെറ്റ് റേഡിയോ ആയ റേഡിയോ സി.യു. സേവനം വിദ്യാർഥികളിലേക്ക് കൂടുതലായി എത്തിക്കുന്നതിന്റെ ഭാഗമായി കോളേജുകളിലേക്ക് കൂടി വ്യാപിപ്പിക്കും. റേഡിയോക്ക് പ്രത്യേകമായി മുറിയും സ്റ്റുഡിയോയും ഒരുക്കാനും യോഗം തീരുമാനിച്ചു.

ദക്ഷിണമേഖലാ അന്തർസർവകലാശാലാ ഫുട്ബോൾ
കാലിക്കറ്റിൽ 23-ന് തുടങ്ങും

ദക്ഷിണമേഖലാ അന്തർസർവകലാശാലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് കാലിക്കറ്റ് സർവകലാശാല ആതിഥ്യമരുളും. ഡിസംബർ 23 മുതൽ ജനുവരി രണ്ട് വരെ നാല് വേദികളിലായാണ് മത്സരം അരങ്ങേറുക. സർവകലാശാലാ സ്റ്റേഡിയത്തിലെ രണ്ട് മൈതാനങ്ങൾക്ക് പുറമെ കോഴിക്കോട് ദേവഗിരി കോളേജ്, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളിലും മത്സരം നടക്കും. ദക്ഷിണേന്ത്യയിലെ 117 സർവകലാശാലാ ടീമുകളാണ് പങ്കെടുക്കുന്നത്. ടൂർണമെന്റിന്റെ നടത്തിപ്പിനായി വൈസ് ചാൻസലർ ചെയർമാനായി സംഘാടകസമിതി രൂപവത്കരിച്ചു. യോഗം വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് അധ്യക്ഷനായി. സിൻഡിക്കേറ്റിന്റെ കായികവിഭാഗം സ്ഥിരംസമിതി കവീനർ അഡ്വ. ടോം കെ. തോമസ്, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ, ഡയറക്ടർ ഡോ. കെ.പി. മനോജ്, ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സുധീർ കുമാർ, സിൻഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. ജി. റിജുലാൽ, ഡോ. പി. റഷീദ് അഹമ്മദ്, ഡി.എസ്.യു. ചെയർമാൻ സ്നേഹിൽ, അധ്യാപക-അനധ്യാപക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. .

ടോക്കൺ രജിസ്‌ട്രേഷൻ

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റർ ബി.എ., ബി.എ. അഫ്‌സലുൽ ഉലമ നവംബർ 2022 പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് ടോക്കൺ രജിസ്‌ട്രേഷനുള്ള സൗകര്യം 16 വരെ വെബ്‌സൈറ്റിൽ ലഭ്യമാണ്. 2440 രൂപയാണ് ഫീസ്. അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.

പരീക്ഷാ ഫലം

ബി.ടി.എ. ഒന്നാം സെമസ്റ്റർ നവംബർ 2021 റഗുലർ പരീക്ഷയുടെയും രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ എം.ടി.എച്ച്.എം. നവംബർ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

ബി.ആർക്ക്. ഏഴാം സെമസ്റ്റർ നവംബർ 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ നവംബർ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ബി.എം.എം.സി. നവംബർ 2019, 2020, 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

പരീക്ഷാ അപേക്ഷ

സർവകലാശാലാ നിയമപഠനവിഭാഗത്തിലെ ഒന്നാം സെമസ്റ്റർ എൽ.എൽ.എം. നവംബർ 2022 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.

പരീക്ഷ

പത്താം സെമസ്റ്റർ ബി.ബി.എ.-എൽ.എൽ.ബി. (ഓണേഴ്‌സ്) നവംബർ 2022 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം 2023 ജനുവരി 4-ന് തുടങ്ങും.

സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം സെമസ്റ്റർ ബി.ടെക്. നവംബർ 2021 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ 2023 ജനുവരി 10-ന് തുടങ്ങും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!