പുസ്തകവിവാദം അടിസ്ഥാനരഹിതം
കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നതിനും വാങ്ങുന്നതിനും കൃത്യമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നിലവിലുണ്ട്. ഈ നടപടിക്രമങ്ങളുടെ ഭാഗമായി, പുതുതായി വാങ്ങുന്ന പുസ്തകങ്ങള്‍ ഒരു നിശ്ചിത സമയം ന്യൂ അറൈവല്‍സ് എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കാറുണ്ട്. പ്രസ്തുത പുസ്തകങ്ങള്‍ പ്രദര്‍ശന കാലയളവില്‍ വായനക്കാര്‍ക്ക് നല്‍കാറില്ല. ഈ സമയപരിധി കഴിഞ്ഞാല്‍ പുസ്തകം സ്റ്റാക്ക് റൂമിലേക്ക് മാറ്റുകയും വായനക്കാര്‍ക്ക് നല്‍കുകയും ചെയ്യും. ‘മോദി @ 20’ എന്ന പുസ്തകത്തിന്റെ കാര്യത്തിലും പ്രസ്തുത മാനദണ്ഡങ്ങള്‍ തന്നെയാണ് പാലിച്ചിട്ടുള്ളത്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് യൂണിവേഴ്‌സിറ്റി ലൈബ്രേറിയന്‍ അറിയിച്ചു.
കാമ്പസിലെ മഞ്ഞവസന്തത്തില്‍ ആകൃഷ്ടരായി
‘നാക്’ സന്ദര്‍ശന സമിതി
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിന്റെ മുഖമുദ്രയായ ‘മഞ്ഞവസന്തം’ കൂടെക്കൂട്ടാന്‍ ‘നാക് ‘ പരിശോധനാ സമിതി അംഗങ്ങള്‍. സര്‍വകലാശാലാ സസ്യോദ്യാനം സന്ദര്‍ശിക്കാനെത്തിയ സംഘം അരാക്കിഷ് ഗ്ലബ്രേറ്റ എന്ന പുല്‍പ്പരവതാനി ചെടിയിലാണ് ആകൃഷ്ടരായത്. ലാറ്റിനമേരിക്ക ജന്മദേശമായുള്ളതും നിലക്കടല വര്‍ഗത്തില്‍പ്പെട്ടതുമായ കുഞ്ഞുപൂച്ചെടിയാണിത്. നിലത്തുപറ്റിവളരുന്ന പച്ചിലകള്‍ക്കിടയില്‍ നിന്ന് ചെറിയ തണ്ടില്‍ നിന്ന് ഉയരുന്ന മഞ്ഞപൂക്കള്‍ മനോഹരമാണ്. 13 വര്‍ഷം മുമ്പ് സര്‍വകലാശാലാ ലാന്‍ഡ്സ്‌കേപ്പിംഗ് ചുമതലയുള്ള ഡോ. എ.കെ. പ്രദീപാണ് ഈ ചെടി കാമ്പസിലെത്തിച്ചത്. ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്ന് കവറിലാക്കി കൊണ്ടു വന്ന വേരുകള്‍ ചട്ടികളിലേക്കും തുടര്‍ന്ന് മണ്ണിലേക്കും നട്ടുവളര്‍ത്തുകയായിരുന്നു. ഇപ്പോള്‍ കാമ്പസിന്റെ പലഭാഗങ്ങളിലായി നാലേക്കറിലധികം സ്ഥലത്ത് മഞ്ഞപ്പൂക്കളുടെ വസന്തമാണ്. കണ്ണിന് കുളിരേകുന്ന ചെടിയെ സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ സമിതി അംഗങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചു. നാക് സന്ദര്‍ശന സമിതി ചെയര്‍മാന്‍ പ്രൊഫ. സുധീര്‍ ഗാവ്നേ ചെടി നട്ടുപരിപാലിക്കേണ്ട കാര്യങ്ങളും ഡോ. പ്രദീപില്‍ നിന്നു ചോദിച്ചു മനസ്സിലാക്കി. ഒരു മണിക്കൂറോളം സസ്യോദ്യാനത്തില്‍ ചെലവിട്ട സംഘം അപൂര്‍വ അലങ്കാര ഇഞ്ചിച്ചെടികളും മറ്റുമരങ്ങളും കാഴ്ചയില്ലാത്തവര്‍ക്കായി തയ്യാറാക്കിയ ഉദ്യാനവുമെല്ലാം സന്ദര്‍ശിച്ചു. മനോഹരമായി ഉദ്യാനത്തെ പരിപാലിക്കുന്ന തൊഴിലാളികളെ അഭിനന്ദിക്കാനും അവര്‍ക്കൊപ്പം ഫോട്ടോയെടുക്കാനും ഇവര്‍ പ്രത്യേകം സമയം കണ്ടെത്തി. ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍, ഉദ്യാനത്തിന്റെ ചുമതലയുള്ള ഡോ. സന്തോഷ് നമ്പി, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. കെ.പി. വിനോദ് കുമാര്‍, ഡോ. ജി. റിജുലാല്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെത്തിയ നാക് ഗ്രേഡിംഗ് പരിശോധനാ സംഘം വിദ്യാര്‍ത്ഥികള്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപക രക്ഷാകര്‍തൃ സമതി, ജീവനക്കാര്‍ എന്നിവരുമായി സംവദിച്ചു. കാമ്പസിലെ പഠനവകുപ്പുകള്‍, എന്‍.എസ്.എസ്., സുവേഗ, അന്വേഷണ വിഭാഗം, സസ്യോദ്യാനം, തുഞ്ചന്‍ താളിയോല ഗ്രന്ഥപ്പുര, സി.എച്ച്.എം.കെ. ലൈബ്രറി, സി.ഡി.എം.ആര്‍.പി., ഇ.എം.എം.ആര്‍.സി., സെന്റ്രല്‍ സോഫിസ്റ്റിക്കേറ്റഡ് ഇന്‍സ്ട്രമെന്റേഷന്‍ ഫസിലിറ്റി തുടങ്ങിയ കേന്ദ്രങ്ങളും സംഘം സന്ദര്‍ശിച്ചു.
ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍
അപേക്ഷ നീട്ടി
എസ്.ഡി.ഇ. ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന് ഓണ്‍ലൈന്‍ അപേക്ഷ 500 രൂപ ഫൈനോടു കൂടി സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 24 വരെ നീട്ടി. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356.
ബി.എഡ്. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പില്‍ പ്രവേശനത്തിനായി പ്രൊവിഷണല്‍ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം 19-ന് രാവിലെ 9.30-ന് പഠനവകുപ്പില്‍ നടക്കും. വിശദവിവരങ്ങള്‍ പഠനവകുപ്പ് വെബ്‌സൈറ്റില്‍.
പരീക്ഷ മാറ്റി
23, 26, 27 തീയതികളില്‍ നടത്താനിരുന്ന മൂന്നാം സെമസ്റ്റര്‍ ബി.വോക്. അപ്ലൈഡ് ബയോടെക്‌നോളജി, നഴ്‌സറി ആന്റ് ഓര്‍ണമെന്റല്‍ ഫിഷ് ഫാമിംഗ്, പ്രൊഫഷണല്‍ എക്കൗണ്ടിംഗ് ആന്റ് ടാക്‌സാഷന്‍ എന്നിവയുടെ കോര്‍ കോഴ്‌സുകളുടെ നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകളില്‍ മാറ്റമില്ല.
പരീക്ഷാ ഫലം
ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ എം.ഫില്‍. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 6 വരെയും 170 രൂപ പിഴയോടെ 10 വരെയും സപ്തംബര്‍ 19 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
എട്ടാം സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 28-ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.




