കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; എ.ഐ. കാലത്ത് ഭാഷാപഠനത്തിന് സാധ്യതകളേറെ – അന്താരാഷ്ട്ര അറബിക് സമ്മേളനം

HIGHLIGHTS : Calicut University News; AI era offers more opportunities for language learning - International Arabic Conference

എ.ഐ. കാലത്ത് ഭാഷാപഠനത്തിന് സാധ്യതകളേറെ – അന്താരാഷ്ട്ര അറബിക് സമ്മേളനം

നിർമിതബുദ്ധിയുടെ കാലത്ത് ഭാഷാപഠനത്തിന് സാധ്യതകളേറെയാണെന്ന് കാലിക്കറ്റ് സർവകലാശാലയിൽ ആരംഭിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഭാഷാ ശൈലിയും പ്രയോഗങ്ങളുമൊക്കെ കാലികമായ മാറ്റത്തിന് വിധേയമാണെന്നും ഭാഷാ സിദ്ധാന്തങ്ങളുടെ വിമര്‍ശനാത്മകമായ വിലയിരുത്തലുകളിലൂടെയാണ് ഭാഷ വികസിക്കുകയെന്നും ആധുനിക ഭാഷാ സാഹിത്യ സിദ്ധാന്തങ്ങളും ഗള്‍ഫ് സാഹിത്യത്തില്‍ അവയുടെ പ്രയോഗവും എന്ന തലക്കെട്ടില്‍ ആരംഭിച്ച സെമിനാര്‍ വിലയിരുത്തി.

sameeksha-malabarinews

കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പും ഫാറൂഖ് കോളേജിലെ അറബിക് വകുപ്പും യു.എ.ഇ.യിലെ ദാറുല്‍ യാസ്മീന്‍ പബ്ലിഷിങ് ആന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്പനി യുമായി സഹകരിച്ചാണ് സെമിനാര്‍ നടത്തുന്നത്. പബ്ലിഷിങ് കമ്പനി  സി.ഇ.ഒ. ഡോ. മറിയം അല്‍ ശനാസി, ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് യൂണിവേര്‍സിറ്റി അറബിക് വിഭാഗം പ്രൊഫസര്‍മാരായ ഡോ. ഖാലിദ് അല്‍ കിന്‍ദി, ഡോ. അബ്ദുറഹിമാന്‍ തുഅ്മ, ഡോ. മുഹമ്മദ് മുസ്തഫ, ടെക്നോളജി ആന്റ് ആപ്ളിക്കേഷന്‍ സയന്‍സ് യൂണിവേര്‍സിറ്റി പ്രൊഫസര്‍ ഡോ. സഈദ് അല്‍ സല്‍ത്തി തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു.

ചരിത്രകാരനും കാലിക്കറ്റ് മുന്‍ വൈസ് ചാന്‍സിലറുമായ  ഡോ. കെ.കെ.എന്‍. കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സംസ്‌കാരമാണ് അറബികള്‍ ഇന്ത്യക്ക് പകര്‍ന്ന് നല്‍കിയതെന്നും സാഹോദര്യവും ഏകമാനവികതയുമാണ് ഇന്തോ അറബ് ബന്ധം അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വശ്യ സുന്ദരമായ അറബി ഭാഷ സംഗീതാത്മകവും മനോഹരവുമാണെന്നും മനസുകളെ കോര്‍ത്തിണക്കുന്നതാണെന്നും ചടങ്ങില്‍ സംസാരിച്ച കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ.കെ. ഗീതാകുമാരി അഭിപ്രായപ്പെട്ടു. സര്‍വകലാശാല അറബി വകുപ്പ് മേധാവി ഡോ. ടി.എ. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഐഷ സ്വപ്‌ന, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഇ.കെ. സാജിദ്, അറബി വകുപ്പ് മേധാവി ഡോ. യൂനുസ് സലീം, കാലിക്കറ്റ് സര്‍വകലാശാല മലയാളം വകുപ്പ് മേധാവി ഡോ. ആര്‍.വി.എം. ദിവാകരന്‍, അറബി വകുപ്പ് പ്രൊഫസര്‍ ഡോ. ഇ. അബ്ദുല്‍ മജീദ്, പ്രിന്‍സിപ്പല്‍സ് കണ്‍സോര്‍ഷ്യം സെക്രട്ടറി ഡോ. ഐ.പി. അബ്ദുസ്സലാം, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഡോ. അലി നൗഫല്‍, ജോയന്റ് കോര്‍ഡിനേറ്റര്‍ ഡോ.കെ.പി. അബ്ബാസ് എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നുള്ള നിരവധി അറബി വിദ്യാര്‍ഥികളും അധ്യാപകരും സമ്മേളനത്തില്‍ പങ്കെടുത്തു. 23-നാണ് സെമിനാർ സമാപനം.

ലൈബ്രറി ശില്പശാല

കാലിക്കറ്റ് സർവകലാശാലാ സി.എച്ച്. മുഹമ്മദ് കോയ ലൈബ്രറിയും കേരള ലൈബ്രറി അസോസിയേഷൻ കോഴിക്കോട് റീജിയണും സംയുക്തമായി സംഘടിപ്പിക്കുന്ന പഞ്ചദിന ശില്പശാല ആരംഭിച്ചു. ഗവേഷക വിദ്യാർഥികൾക്കായുള്ള ശില്പശാല ജനുവരി 25 വരെ സി.എച്ച്. മുഹമ്മദ് കോയ ലൈബ്രറി സെമിനാർ ഹാളിൽ നടക്കും. സർവകലാശാലാ ലൈബ്രേറിയൻ ചുമതല വഹിക്കുന്ന ഡോ. വി.എം. വിനോദിൻ്റെ വിരമിക്കലിന്റെ ഭാഗമായാണ് പരിപാടി. സിൻഡിക്കേറ്റംഗം ഡോ. കാവുമ്പായി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ. വി.എം. വിനോദ് അധ്യക്ഷത വഹിച്ചു അസി. ലൈബ്രേറിയൻ എൻ.പി. ജംഷീർ സ്വാഗതം പറഞ്ഞു. അസി. ലൈബ്രറിയൻ ഡോ. കെ. മിനിമോൾ നന്ദി പറഞ്ഞു.

പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സർവകലാശാലയുടെ 2024 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പിഴ കൂടാതെ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി മൂന്ന്. ഫീസ് – ജനറല്‍ വിഭാഗം 830/- രൂപ, പട്ടിക ജാതി / പട്ടിക വർഗ വിഭാഗം 310/- രൂപ. അപേക്ഷാ ഫീസടച്ചതിനുശേഷം റീ ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കേണ്ടതാണ്. പ്രിന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂർണമാകൂ. അപേക്ഷയുടെ പ്രിന്റൗട്ട് പഠനവകുപ്പുകളിലേക്കോ ഗവേഷണ കേന്ദ്രങ്ങളിലേക്കോ അയക്കേണ്ടതില്ല. പ്രവേശന പരീക്ഷയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് പി.എച്ച്.ഡി 2024 വിജ്ഞാപനം കാണുക. പി.എച്ച്.ഡി റഗുലേഷന്‍, ഭേദഗതികൾ, ഒഴിവുകള്‍ എന്നിവ സംബന്ധിച്ചുള്ള‍ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് ഒഴിവ് വിവരങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. ഫോണ്‍ : 0494 2407016, 2407017 https://admission.uoc.ac.in/ .

കുഞ്ഞിരാമൻ വൈദ്യർ എൻഡോവ്മെന്റ് അവാർഡ്

2023 – 2024 അധ്യയന വർഷത്തെ കുഞ്ഞിരാമൻ വൈദ്യർ എൻഡോവ്മെന്റ് ഗോൾഡ് മെഡൽ അവാർഡ് ജനുവരി 24 – ന് വൈകീട്ട് മൂന്ന് മണിക്ക് സർവകലാശാലാ സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. തൃശ്ശൂർ ഗവ. ലോ കോളേജിലെ അഞ്ചു വർഷ ബി.ബി.ബി. എൽ.എൽ.ബി. ( ഹോണേഴ്‌സ് ) വിദ്യാർഥിനി വർണനാ വത്സനാണ് അവാർഡിന് അർഹയായത്. ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷൺ മുഖ്യാതിഥിയാകും. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ്, സിൻഡിക്കേറ്റംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തക്കും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ മൂന്നു വർഷ എൽ.എൽ.ബി. യൂണിറ്ററി (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2024, (2018 പ്രവേശനം) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി അഞ്ചു വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെ  ഒന്നാം സെമസ്റ്റർ ( 2021 പ്രവേശനം മുതൽ ) എൽ.എൽ.എം. ജൂൺ 2024 റഗുലർ / സപ്ലിമെന്ററി / പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി അഞ്ചു വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!