Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; സര്‍വകലാശാലാ സംഘം മുഖ്യമന്ത്രിയെ കണ്ടു അക്കാദമിക് ബ്ലോക്കിന് 30 കോടി, മ്യൂസിയത്തിന് 13 കോടി  

HIGHLIGHTS : Calicut University News; 30 crores for the academic block and 13 crores for the museum, the university team met the Chief Minister

സര്‍വകലാശാലാ സംഘം മുഖ്യമന്ത്രിയെ കണ്ടു അക്കാദമിക് ബ്ലോക്കിന് 30 കോടി, മ്യൂസിയത്തിന് 13 കോടി  

കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ അക്കാദമിക് ബ്ലോക്ക് നിര്‍മിക്കുന്നതിനും ചുറ്റുമതില്‍ കെട്ടുന്നതിനുമായി 30 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍വകലാശാലയുടെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജും സിന്‍ഡിക്കേറ്റംഗങ്ങളും മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്. ദേശീയപാതാ വികസനത്തിനായി ഭൂമി ഏറ്റെടുത്ത വകയില്‍ സര്‍വകലാശാലക്ക് ലഭിച്ച നഷ്ടപരിഹാരത്തില്‍ നിന്നാണ് ഇതിന് തുക വകയിരുത്തുക. ചുറ്റുമതില്‍ ഇല്ലാത്തത് കാരണം കാമ്പസിനകത്ത് സുരക്ഷാഭീഷണിയുണ്ട്. സമൂഹവിരുദ്ധര്‍ മാലിന്യം തള്ളുന്നതും പതിവാണ്. ചുറ്റുമതില്‍ വരുന്നതോടെ ഇതിന് പരിഹാരമാകും. സര്‍വകലാശാലയിലെ മള്‍ട്ടി ഡിസിപ്ലിനറി മ്യൂസിയം സജ്ജമാക്കുന്നതിന് 13 കോടി വേറെ അനുവദിക്കും. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ നൂതന സംരഭങ്ങള്‍ തുടങ്ങുന്നതായി കാമ്പസ് പാര്‍ക്ക് തുടങ്ങാന്‍ രണ്ട് കോടി അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന്റെ ഭാഗമായി ഇന്റേണ്‍ഷിപ്പുകള്‍ നടത്താനും കാമ്പസ് പാര്‍ക്ക് പ്രയോജനപ്പെടും. ഫോറന്‍സിക് സയന്‍സ്, വയനാട് ചെതലയത്തുള്ള ഗോത്രവര്‍ഗ പഠനഗവേഷണ കേന്ദ്രം (ഐ.ടി.എസ്.ആര്‍.) എന്നിവയില്‍ രണ്ട് വീതം അധ്യാപകരെ നിയമിക്കുന്നതിനുള്ള അനുമതി തേടിയതായും വൈസ് ചാന്‍സലര്‍ പറഞ്ഞു. തൃശ്ശൂര്‍ ജോണ്‍ മത്തായി സെന്ററിലെ വികസന പദ്ധതികള്‍ക്കായി 10 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നത് യു.എല്‍.സി.സി.എസാണ്. വ്യവസായ മന്ത്രി പി. രാജീവ്, ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ എന്നിവരുമായും സര്‍വകലാശാലാ സംഘം ചര്‍ച്ച നടത്തി. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. ടി. വസുമതി, അഡ്വ. എല്‍.ജി. ലിജീഷ് എന്നിവരാണ് വൈസ് ചാന്‍സലര്‍ക്കൊപ്പമുണ്ടായിരുന്നത്.

sameeksha-malabarinews

കാലിക്കറ്റില്‍ ഫുഡ് ടെസ്റ്റിംഗ് ലാബ് സര്‍വകലാശാലയും എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറവും ധാരണയായി

കയറ്റുമതിക്കായുള്ള ഭക്ഷ്യവിഭവങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ലബോറട്ടി സ്ഥാപിക്കാന്‍ സര്‍വകലാശാലയും കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറവും തമ്മില്‍ ധാരണ. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശരാജ്യങ്ങളിലേക്ക് ഭക്ഷ്യവിഭവങ്ങള്‍ കയറ്റിയയക്കുന്നതിന് സാംപിള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ നല്‍കേണ്ടതുണ്ട്. നിലവില്‍ കേരളത്തിനു പുറത്തുള്ള ലാബുകളെയാണ് പല കമ്പനികളും ആശ്രയിക്കുന്നത്. ഇത് സമയനഷ്ടമുണ്ടാക്കുന്നുവെന്നും അതുവഴി സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതുമായും കയറ്റുമതിക്കാര്‍ പറയുന്നു. സര്‍വകലാശാലയിലെ ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പില്‍ ആധുനികരീതിയിലുള്ള ലാബ് സജ്ജമാക്കാനാണ് ആലോചിക്കുന്നത്. 11 കോടിയോളം രൂപയാണ് ഇതിനാവശ്യമായി വരുന്നത്. അഗ്രികള്‍ച്ചര്‍ ആന്റ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി (അപാഡെ), കൊച്ചി, ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് എന്നിവയുടെ സഹകരണത്തോടെ പണം കണ്ടെത്താനാണ് ശ്രമം. പദ്ധതി പ്രാവര്‍ത്തികമായാല്‍ മലബാര്‍ മേഖലയിലെ ഭക്ഷ്യകയറ്റുമതി രംഗത്തുള്ളവര്‍ക്ക് എളുപ്പത്തില്‍ ഭക്ഷ്യസാംപിള്‍ പരിശോധിച്ച്  ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കാനാകും. ഇതു സംബന്ധിച്ച യോഗത്തില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി മുന്‍ഷിദ് അലി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശേഷാദ്രിവാസം സുരേഷ്, ജി.പി. സായ്കൃഷ്ണ പ്രസാദ്, അപാഡെ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ എസ്. മനീഷ, സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സ് ഡയറക്ടര്‍ ഡോ. സുനോജ്കുമാര്‍, രഞ്ജിത്ത് ബാബു, എയര്‍ കാര്‍ഗോ വിഭാഗം മേധാവി ജ്യോതി ശങ്കര്‍, എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം പ്രസിഡണ്ട് ഹമീദ്അലി തുടങ്ങിയവര്‍ പങ്കെടുത്തു.

ഗാന്ധിചെയര്‍ അവാര്‍ഡ്

കാലിക്കറ്റ് സര്‍വകലാശാലാ ഗാന്ധി ചെയര്‍ ഏര്‍പ്പെടുത്തിയ 2022-23 വര്‍ഷത്തെ ഗാന്ധി ചെയര്‍ അവാര്‍ഡ് മരണാനന്തര ബഹുമതിയായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സമര്‍പ്പിക്കും. 21-ന് രാവിലെ 11 മണിക്ക് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജില്‍ നിന്നും ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ. അവാര്‍ഡ് ഏറ്റുവാങ്ങും. ടി. സിദ്ധീഖ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തും.

എം.ബി.എ. പ്രവേശനം

2023-24 അദ്ധ്യയന വര്‍ഷത്തില്‍ എം.ബി.എ. കോഴ്‌സിന് ഒഴിവുള്ള സീറ്റുകളില്‍ 30-ന് മുമ്പായി പ്രവേശനത്തിന് അവസരം. താല്‍പര്യമുള്ളവര്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റ് വഴി ലേറ്റ് ഫീയോടു കൂടി അപേക്ഷ സമര്‍പ്പിച്ച് 28-ന് മുമ്പായി അതാത് കോളേജ് / സെന്ററുകളുമായി ബന്ധപ്പെടേണ്ടതാണ്. കെമാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യതയില്ലാത്തവര്‍ക്കും അപേക്ഷിക്കാം. പ്രസ്തുത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മാത്രമേ ഇല്ലാത്തവരെ പരിഗണിക്കുകയുള്ളൂ. സീറ്റ് ഒഴിവ് വിവരങ്ങള്‍ക്ക് അതാത് കോളേജ് / സെന്ററുകളുമായി ബന്ധപ്പെടേണ്ടതാണ്.

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ പഠനകേന്ദ്രമായ വടകര, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. കോഴ്‌സിന് വരാനിരിക്കുന്ന ഒഴിവുകളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 25-ന് മുന്‍പായി smsvatakara@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും. ഫോണ്‍ 9846393853, 9495319339.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ എം.എ., എം.എസ് സി., എം.കോം. നവംബര്‍ 2023 റഗുലര്‍ പരീക്ഷക്കും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ നവംബര്‍ 11 വരെയും 180 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 4 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 2 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 31 വരെ അപേക്ഷിക്കാം.

എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. അറബിക് ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 1 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റര്‍ എം.എസ് സി. കെമിസ്ട്രി നവംബര്‍ 2022 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ എം.എസ് സി. സുവോളജി ഏപ്രില്‍ 2023 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

നാലാം സെമസ്റ്റര്‍ എം.എ. ഹിസ്റ്ററി ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ്, ബിസിനസ് എക്കണോമിക്‌സ്, ഡവലപ്‌മെന്റ് എക്കണോമിക്‌സ്, എക്കണോമെട്രിക്‌സ്, എം.എസ്.ഡബ്ല്യു. ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!