കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; മികച്ച ആശയങ്ങളുണ്ടോ? അവതരിപ്പിക്കാം ‘ഐഡിയ @ യു.ഒ.സി. 2022’-ല്‍

മികച്ച ആശയങ്ങളുണ്ടോ? അവതരിപ്പിക്കാം ‘ഐഡിയ @ യു.ഒ.സി. 2022’-ല്‍

കാലിക്കറ്റ് സര്‍വകലാശാലയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ചേര്‍ന്ന് സാമൂഹ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നൂതനാശയങ്ങള്‍ ക്ഷണിക്കുന്നു. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, കോളേജ്, ഐ.ടി.ഐ., സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. കെ.എസ്.ഐ.ഡി.സി., ഡയറ്റ്, മലപ്പുറം – കോഴിക്കോട് ജില്ലാ പഞ്ചായത്തുകള്‍, കൊളീജിയറ്റ്-സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവക്ക് പുറമെ വിവിധ സാമൂഹ്യ-വിദ്യാഭ്യാസ-വ്യാവസായിക സംഘടനകളുമായും സഹകരിച്ചാണ് പരിപാടി. മാലിന്യ സംസ്‌കരണം, ജല-ഉര്‍ജ്ജ വിനിയോഗം, കാലാവസ്ഥാ വ്യതിയാനം, സ്ത്രീകള്‍ കുട്ടികള്‍ വൃദ്ധര്‍ രോഗികള്‍ എന്നിവരെ സഹായിക്കുന്നതിനുള്ള സാങ്കേതിക വിദ്യ, ക്ഷീര കൃഷി മൃഗപരിപാലനം മത്സ്യബന്ധന മേഖലകള്‍, ആരോഗ്യം വിദ്യാഭ്യാസം എന്നിവയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആശയങ്ങളാണ് തേടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ആശയങ്ങള്‍ പരിപോഷിപ്പിച്ച് പ്രശ്നപരിഹാരത്തിനുള്ള ഉത്പന്നങ്ങളായും പുതിയ സംരംഭങ്ങളായും മാറ്റുന്നതിന് സര്‍വകലാശാല മാര്‍ഗനിര്‍ദ്ദേശം നല്‍കും. 3 മുതല്‍ 5 പേരടങ്ങുന്ന സംഘങ്ങളായി ആശയം അവതരിപ്പിക്കാം. പൊതുജനങ്ങള്‍ക്ക് വ്യക്തിപരമായോ 5 പേരടങ്ങുന്ന സംഘമായോ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 25-ന് മുമ്പായി www.bit.ly/idea2022uoc എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 30-ന് മുമ്പായി ആശയങ്ങള്‍ അപ്ലോഡ് ചെയ്യണം. ഫോണ്‍ 9048191511, 9961824725.

ദേശീയപാതാ വികസനം ; 94.40 കോടി രൂപ ട്രഷറി എക്കൗണ്ടില്‍

ദേശീയപാതാ സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലക്കുള്ള നഷ്ടപരിഹാരയിനത്തില്‍ 94.40 കോടി രൂപ രണ്ട് ഘട്ടങ്ങളിലായി ട്രഷറി എക്കൗണ്ടിലെത്തി. ആദ്യഘട്ടത്തില്‍ 64 ലക്ഷം രൂപയും രണ്ടാം ഘട്ടത്തില്‍ 93,77,69,466 രൂപയുമാണ് ദേശീയപാതാ അധികൃതര്‍ ട്രഷറി എക്കൗണ്ടില്‍ നിക്ഷേപിച്ചത്. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ടെയ്ക്ക് എ ബ്രേക്ക്, എംപ്ലോയീസ് ക്രെഡിറ്റ് സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളുടെയും അതിലുള്ള മറ്റു ചമയങ്ങളുടെയും നഷ്ടപരിഹാരത്തുക ഇതിലുള്‍പ്പെട്ടിട്ടില്ലെന്ന് രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് അറിയിച്ചു. 14.5 ഏക്കര്‍ ഭൂമിയും ക്വാര്‍ട്ടേഴ്സുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളും 600-ഓളം മരങ്ങളുമാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നഷ്ടമായിട്ടുള്ളത്. നഷ്ടപരിഹാരത്തുക മുന്നില്‍ക്കണ്ട്, സര്‍വകലാശാലയുടെ അക്കാദമിക്-അടിസ്ഥാന സൗകര്യ വികസനത്തിനായി 150 കോടി രൂപയുടെ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

അസി. പ്രൊഫസര്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍ അരണാട്ടുകരയിലെ ഡോ. ജോണ്‍ മത്തായി സെന്ററിലെ സാമ്പത്തികശാസ്ത്ര പഠന വകുപ്പില്‍ എം.എ. എക്കണോമിക്സില്‍ രണ്ട് അസി. പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. 9-ന് ഉച്ചക്ക് 2 മണിക്ക് ജോണ്‍ മത്തായി സെന്ററിലാണ് ഇന്റര്‍വ്യൂ. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.

ജേണലിസം പി.എച്ച്.ഡി. പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പി.എച്ച്.ഡി. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ജേണലിസം പഠനവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ക്കുള്ള ഇന്റര്‍വ്യു 16-ന് കാലത്ത് 10.30-ന് പഠനവിഭാഗത്തില്‍ നടക്കുന്നു. വിദ്യാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍.

കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

2021 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ നാല്, ആറ് സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് മാര്‍ച്ച് 8 മുതല്‍ 14 വരെ കോഴിക്കോട്, തൃശൂര്‍ സര്‍ക്കാര്‍ ലോ കോളേജുകളില്‍ നടക്കും. പ്രസ്തുത ദിവസങ്ങളില്‍ സര്‍വകലാശാലക്കു കീഴിലുള്ള സര്‍ക്കാര്‍ ലോ കോളേജുകളില്‍ ഇംഗ്ലീഷ് ഒഴികെയുള്ള ക്ലാസ്സുകള്‍ ഉണ്ടായിരിക്കുന്നതല്ല.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്ന്, അഞ്ച് സെമസ്റ്റര്‍ ബി.വോക്. ബ്രോഡ്കാസ്റ്റിംഗ് ആന്റ് ജേണലിസം നവംബര്‍ 2020 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ എക്കൗണ്ടിംഗ് ആന്റ് ടാക്സേഷന്‍, ജെമ്മോളജി നവംബര്‍ 2019 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ്, മൂന്ന്, നാല് സെമസ്റ്റര്‍ എം.കോം. (എസ്.ഡി.ഇ.) ഏപ്രില്‍ 2020 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഇലക്ട്രോണിക്സ്, ജ്യോഗ്രഫി, പോളിമര്‍ കെമിസ്ട്രി നവംബര്‍ 2020 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എം.എസ് സി. ജ്യോഗ്രഫി ഏപ്രില്‍ 2021 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.എഡ്. സ്പെഷ്യല്‍ എഡ്യുക്കേഷന്‍ (ഹിയറിംഗ് ഇംപയര്‍മെന്റ്) നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

Share news
error: Content is protected !!
Scroll to Top