Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിററി വാര്‍ത്തകള്‍;കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് പുറത്തിറക്കി കാലിക്കറ്റ് സര്‍വകലാശാല

HIGHLIGHTS : Calicut University News

കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് പുറത്തിറക്കി കാലിക്കറ്റ് സര്‍വകലാശാല
പലവിധ ഊര്‍ജോപയോഗങ്ങളുടെ ഫലമായി കാമ്പസിലെ അന്തരീക്ഷത്തിലേക്ക് പുറന്തുള്ളുന്ന കാര്‍ബണ്‍ഡയോക്സൈഡിന്റെ കണക്കെടുത്ത് കാലിക്കറ്റ് സര്‍വകലാശാല. സര്‍വകലാശാലാ പരിസ്ഥിതി പഠനവകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ പരിസ്ഥിതി ഓഡിറ്റിലാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ ഹരിത ഓഡിറ്റും നടത്തിയിട്ടുണ്ട്. 2020 വര്‍ഷത്തെ കണക്കനുസരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പരിസ്ഥിതി പഠനവകുപ്പ് മേധാവി ഡോ. സി.സി. ഹരിലാല്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന് കൈമാറി.
കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ പ്രതിവര്‍ഷ കാര്‍ബണ്‍ പുറന്തള്ളല്‍ നിരക്ക് 2642.86 മെട്രിക് ടണ്‍ ആണ്. ആളോഹരി വിഹിതം 0.53 മെട്രിക് ടണ്‍ മാത്രം. ദേശീയ ശരാശരി 1.74 ആണ്. യു.എസ്.എയില്‍ ഇത് 15.52 മെട്രിക് ടണ്‍ വരും. കാമ്പസിലെ വാഹന, വൈദ്യുതി ഉപയോഗം. ലാബുകള്‍, കാന്റീന്‍, ഹോസ്റ്റലുകള്‍, ക്വാര്‍ട്ടേഴ്സുകള്‍ എന്നിവിടങ്ങളിലെ വാതക ഉപയോഗം എന്നിവയെല്ലാം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ആളോഹരി ഹരിത മേഖലയുടെ (ഗ്രീന്‍ സ്പേസ്) കാര്യത്തില്‍ 185.37 ച.മീ. ആണ് സര്‍വകലാശാലാ കാമ്പസിലുള്ളത്. ലോകാരാഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്നത് 9 ച.മീ. മാത്രമാണ്. 2015-16 വര്‍ഷത്തെ അപേക്ഷിച്ച് ഖരമാലിന്യത്തിന്റെ കാര്യത്തില്‍ കുറവുണ്ടായിട്ടുണ്ട്. പ്രതിദിനം 613 കി.ഗ്രാം ഉണ്ടായിരുന്നത് 557.2 കിലോ ആയി. ആളോഹരി മാലിന്യം പ്രതിദിനം 112 ഗ്രാമാണ്. ഇതില്‍ 57 ശതമാനം ഭക്ഷണാവശിഷ്ടങ്ങളും 30 ശതമാനം കടലാസും 11 ശതമാനം പ്ലാസ്റ്റിക്കുമാണ്. വെള്ളത്തിന്റെ ഉപയോഗം ആളൊന്നിന് 329.9 ലിറ്റര്‍ എന്നതാണ് കണക്ക്.

കാമ്പസിലെ കെട്ടിട നിര്‍മിതികള്‍ 4.81 ശതമാനവും തരിശുഭൂമി 19.14 ശതമാനവുമാണ്. പരിസ്ഥിതി പഠനവകുപ്പിലെ അധ്യാപകരായ ഡോ. ടി.ആര്‍. ശാന്തി, ഡോ. എം.സി. രതി, വി.കെ. ശ്യാമിലി എന്നിവര്‍ക്കു പുറമെ നാല്പതോളം വിദ്യാര്‍ഥികളും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ പങ്കാളികളായി. ഊര്‍ജോപയോഗം കുറയ്ക്കുന്നതിനായി വൈദ്യുതി വാഹനങ്ങള്‍, സൗരോര്‍ജം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും മഴവെള്ള ഉപയോഗം വര്‍ധിപ്പിക്കുന്നതിനും നടപടി സ്വീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, അസി. രജിസ്ട്രാര്‍ വി.വി. സാബു തുടങ്ങിയവര്‍ പങ്കെടുത്തു.

‘കോവിഡിന്റെ മനഃശാസ്ത്ര സ്വാധീനം’
വിലയിരുത്തുന്ന സെമിനാര്‍ തുടങ്ങി

sameeksha-malabarinews

കാലിക്കറ്റ് സര്‍വകലാശാലാ മനഃശാസ്ത്ര പഠനവിഭാഗം ‘സൈക്കോവ്’ എന്ന പേരില്‍ നടത്തുന്ന സെമിനാറിന് തുടക്കമായി. കോവിഡ് മഹാമാരി വിവിധ മേഖലകളില്‍ ഉണ്ടാക്കിയ മനഃശാസ്ത്രപരമായ സ്വാധീനം എന്ന വിഷയത്തില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു.

കോവിഡ് പശ്ചാത്തലത്തിലെ മാനസികാരോഗ്യം വിഷയമാക്കി ചര്‍ച്ചകളും വിശകലനങ്ങളുമാണ് നടക്കുന്നത്. ചടങ്ങില്‍ ഡോ. കെ. മണികണ്ഠന്‍ അധ്യക്ഷനായി. മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പ്രൊഫ. പി.കെ. ഷാജഹാന്‍ മുഖ്യപ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. എം. മനോഹരന്‍, കെ.കെ. ഹനീഫ, ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. പി.എ. ബേബി ഷാരി, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഡോ. രജനി രാമചന്ദ്രന്‍, ഡോ. എം. ലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു. 11-ന് വൈകീട്ട് മൂന്നരക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് എ.സി.പി. എ. ഉമേഷ് മുഖ്യാതിഥിയാകും.

ബിരുദ പുനഃപ്രവേശനത്തിന് അവസരം

കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലോ വിദൂര വിദ്യാഭ്യാസ വിഭാഗത്തിനു കീഴിലോ ബിരുദ പഠനത്തിനു ചേര്‍ന്ന് അഞ്ചാം സെമസ്റ്റര്‍ പരീക്ഷയെഴുതി തുടര്‍ പഠനത്തിന് അവസരം നഷ്ടപ്പെട്ടവര്‍ക്ക് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ ആറാം സെമസ്റ്ററില്‍ പുനഃപ്രവേശനത്തിന് അവസരം. പിഴ കൂടാതെ 15 വരെയും 100 രൂപ പിഴയോടെ 21 വരെയും 500 രൂപ പിഴയോടെ 25 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407356, 2407494.

ബി.ടെക്. മാര്‍ക്കിലിസ്റ്റ് വിതരണം

അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകള്‍ കോളേജുകളില്‍ നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരായി മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റേണ്ടതാണ്.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. ഹിന്ദി, ഫംഗ്ഷണല്‍ ഹിന്ദി ആന്റ് ട്രാന്‍സിലേഷന്‍, തമിഴ് നവംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!