Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍ ;ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് പ്രവേശനം

HIGHLIGHTS : ഡോ. ജോണ്‍ മത്തായി അനുസ്മരണം ദ്വിദിന അന്തര്‍ദേശീയ വെബിനാര്‍ ഡോ. ജോണ്‍ മത്തായി ജന്മദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍ ...

ഡോ. ജോണ്‍ മത്തായി അനുസ്മരണം
ദ്വിദിന അന്തര്‍ദേശീയ വെബിനാര്‍

ഡോ. ജോണ്‍ മത്തായി ജന്മദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള തൃശൂര്‍ അരണാട്ടുകര ഡോ. ജോണ്‍ മത്തായി സെന്റര്‍ സാമ്പത്തിക പഠനവിഭാഗം അന്തര്‍ദേശീയ വെബിനാര്‍ സംഘടിപ്പിക്കുന്നു. ‘റക്കിംഗ് കോവിഡ്-19 പാന്‍ഡമിക് – സെക്ടറല്‍ ആന്റ് സ്പെഷ്യല്‍ ഡയമെന്‍ഷന്‍സ് ഇന്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ 12, 13 തീയതികളിലാണ് വെബിനാര്‍. സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പഠന വകുപ്പു മേധാവി ഡോ. സബീന ഹമീദ് അദ്ധ്യക്ഷത വഹിക്കും. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഡോ. പോള്‍ കാട്ടുമാന്‍ മുഖ്യപ്രഭാഷണം നടത്തും. കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമന്‍, സി.ഡി.എസ്. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബീന പി.എല്‍., പഠനവകുപ്പ് മുന്‍ മേധാവി ഡോ. കെ.പി. മാണി തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. എക്കണോമിക്സ് അദ്ധ്യാപകരും ഗവേഷകരും വിദ്യാര്‍ത്ഥികളും പങ്കെടുക്കും.

sameeksha-malabarinews

പ്രൊഫ. പി.എസ്. കൃഷ്ണന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം 14-ന്

പ്രൊഫ. പി.എസ്. കൃഷ്ണന്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനവും ഫ്രോണ്ടിയര്‍ പ്രഭാഷണവും 14-ന് കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കും. രാവിലെ 10 മണിക്ക് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ‘പരിസ്ഥിതി സൗഹൃദ വ്യവസായം’ എന്ന വിഷയത്തില്‍ ഡല്‍ഹി സര്‍വകലാശാലയിലെ പരിസ്ഥിതി പഠനവകുപ്പിലെ പ്രൊഫ. പി. പാര്‍ഥസാരഥി പ്രഭാഷണം നടത്തും. ലക്‌നൗ സര്‍വകലാശാലാ വൈസ് ചാന്‍സലറും ബയോകെമിസ്ട്രി ഗവേഷകനുമായിരുന്ന പ്രൊഫ. പി.എസ്. കൃഷ്ണന്റെ പേരിലാണ് ഫൗണ്ടേഷന്‍. അക്കാദമിക് – ഗവേഷണ പ്രോത്സാഹനമാണ് ലക്ഷ്യം. കാലിക്കറ്റിലെ ബോട്ടണി പഠനവകുപ്പില്‍ എമിരറ്റസ് പ്രൊഫസറായും ഡോ. പി.എസ്. കൃഷ്ണന്‍ പ്രവര്‍ത്തിച്ചിരുന്നു. കാലിക്കറ്റിലെ ഇദ്ദേഹത്തിന്റെ സഹാധ്യാപകരും പൂര്‍വ വിദ്യാര്‍ഥികളും ചേര്‍ന്നാണ് ഫൗണ്ടേഷന്‍ രൂപവത്കരിച്ചിരിക്കുന്നത്. പ്ലാന്റ് ഫിസിയോളജി, ബയോകെമിസ്ട്രി വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നവര്‍ക്കായി ഫൗണ്ടേഷന്റെ വക പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് പ്രവേശനം

ഇന്റഗ്രേറ്റഡ് എം.എസ് സി. ബയോസയന്‍സ് പ്രവേശനത്തിന് സര്‍വകലാശാലയില്‍ നിന്ന് നേരിട്ട് ഫോണ്‍ വഴി അറിയിപ്പ് ലഭിച്ചവര്‍ മാത്രം, 12-ന് രാവിലെ 10.30-ന് അസ്സല്‍ രേഖകള്‍ സഹിതം സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ എത്തിച്ചേരുക. മറ്റുള്ളവര്‍ ഒഴിവ് വരുന്ന മുറക്ക് സര്‍വകലാശാലയില്‍ നിന്നും ലഭിക്കുന്ന അറിയിപ്പ് പ്രകാരം നിശ്ചിത തീയതിയിലും സമയത്തും അഭിമുഖത്തിന് ഹാജരായാല്‍ മതി.

എം.പി.എഡ്., ബി.പി.എഡ്. റാങ്ക്ലിസ്റ്റ്

കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്. പ്രവേശനത്തിന് അലോട്ട്മെന്റിനു ശേഷമുള്ള റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ്സ് ലോഗിന്‍ വഴി റാങ്ക്നില പരിശോധിക്കാം. സര്‍വകകലാശാലാ പഠന വകുപ്പുകള്‍, സെന്ററുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശമനുസരിച്ച് 22-നകം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടേണ്ടതാണ്. ഫോണ്‍ 0494 2407016, 7017

ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ജേണലിസം
പി.എച്ച്.ഡി. പ്രവേശനം

സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശന ഷോര്‍ട്ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ജേണലിസം പഠനവിഭാഗങ്ങളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തേ നല്‍കിയ അപേക്ഷയുടെ പകര്‍പ്പും ഗവേഷണ വിഷയത്തിന്റെ സിനോപ്സിസും സഹിതം 21-നകം അതത് വകുപ്പ് മേധാവികള്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷകരില്‍ നിന്ന് അഭിമുഖത്തിനു ശേഷം തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റില്‍ നിന്നാണ് പ്രവേശനം നടത്തുക. അഭിമുഖത്തിനുള്ള അപേക്ഷ ഇ-മെയിലില്‍ അറിയിക്കും.

സ്റ്റാറ്റിസ്റ്റിക്സ് പി.എച്ച്.ഡി. പ്രവേശനം

സര്‍വകലാശാലാ പി.എച്ച്.ഡി. പ്രവേശനം ഷോര്‍ട്ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ സ്റ്റാറ്റിസ്റ്റിക്സ് പഠനവിഭാഗത്തില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ 21-ന് മുമ്പായി പഠനവകുപ്പുമായി ബന്ധപ്പെടുക.

പരീക്ഷാ അപേക്ഷ

ബി.ബി.എ., എല്‍.എല്‍.ബി.,. എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി ജനുവരി 2022 ഇന്റേണല്‍ മാര്‍ക്ക് ഇംപ്രൂവ്മെന്റ് പരീക്ഷക്ക് പിഴ കൂടാതെ 21 വരെയും 170 രൂപ പിഴയോടെ 24 വരെയും ഫീസടച്ച് 27 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

കോവിഡ് സ്പെഷ്യല്‍ പരീക്ഷ

മൂന്ന്, അഞ്ച് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട്ട് ടൈം ബി.ടെക്. നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കോവിഡ് സ്പെഷ്യല്‍ പരീക്ഷ 17-ന് തുടങ്ങും.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എസ് സി. ഫിസിക്സ് ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2019 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ സുവോളജി, ഇലക്ട്രോണിക്സ്, ക്ലിനിക്കല്‍ സൈക്കോളജി, അപ്ലൈഡ് ജിയോളജി ഏപ്രില്‍ 2020 പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ മൈക്രോ ബയോളജി, അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോ ബയോളജി ഏപ്രില്‍ 2021 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

മാര്‍ക്ക് ലിസ്റ്റ് വിതരണം

എസ്.ഡി.ഇ. അവസാന വര്‍ഷ എം.എ. സോഷ്യോളജി, ഹിസ്റ്ററി വിദ്യാര്‍ത്ഥികളുടെ കണ്‍സൊളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മെയിന്‍ സെന്ററുകളില്‍ നിന്ന് വിതരണം ചെയ്യും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!