‘പഴ്സില്‍’ കാലിക്കറ്റിന് 10.78 കോടി രൂപ ഹരിത ഹൈഡ്രജന്‍ ഗവേഷണ പദ്ധതിക്ക് ഡി.എസ്.ടി. അംഗീകാരം
കാലിക്കറ്റ് സര്‍വകലാശാലക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പദ്ധതിയില്‍ 10.78 കോടി രൂപയുടെ ഗവേഷണ സാമ്പത്തിക സഹായം. ‘പഴ്‌സ്’ (Promotion of University Research and Scientific Excellance) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കാലിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഇത്രയും വലിയൊരു തുക ഗവേഷണപദ്ധതിക്കായി ലഭിക്കുന്നത്. പ്രകാശോര്‍ജം ഉപയോഗിച്ച് ജലത്തില്‍ നിന്നും ഹരിത ഹൈഡ്രജന്‍ ഉത്പാദിപ്പിച്ച് അതിന്റെ സുരക്ഷിതമായ സംരക്ഷണവും ഉപയോഗവും ഏകോപിപ്പിക്കുന്ന പദ്ധതിക്കാണ് ഈ പുരസ്‌കാരം. ഫോസില്‍ ഇന്ധനങ്ങളുടെ അമിത ഉപയോഗം മൂലമണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ നിയന്ത്രിച്ച് അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്നതും പദ്ധതി ലക്ഷ്യം വെക്കുന്നുണ്ട്. അതിനൂതന തന്‍മാത്രകളും പദാര്‍ഥങ്ങളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. രാജ്യത്തെ 80 സര്‍വകലാശാലകള്‍ സമര്‍പ്പിച്ച ഗവേഷണ പദ്ധതികള്‍ പരിഗണിച്ച സമിതി 18 സര്‍വകലാശാലകളെ കൂടിക്കാഴ്ചക്കും അവതരണത്തിനുമായി ആസാമിലെ ഗുവാഹട്ടി സര്‍വകലാശാലയിലേക്ക് ജൂലൈ 14-ന് ക്ഷണിച്ചിരുന്നു. സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സ് സമര്‍പ്പിച്ച പദ്ധതിയുടെ അവതരണത്തില്‍ പ്രൊഫ. അബ്രഹാം ജോസഫ്, പ്രൊഫ. രാജീവ് എസ്. മേനോന്‍, ഡോ. ഫസലുറഹ്‌മാന്‍, ഡോ. ഇ.എസ്. ഷിബു എന്നിവരാണ് പങ്കെടുത്തത്. ഇവര്‍ക്കു പുറമെ പ്രൊഫ. എന്‍.എന്‍. ബിനിത, ഡോ. റോയ്മോന്‍ ജോസഫ്, ഡോ. ടി.ഡി. സുജ, പ്രൊഫ. എസ്. സിന്ധു, പ്രൊഫ. പി.എസ്. മുഹമ്മദ് ഷാഹിന്‍, ഡോ. സുസ്മിത, ഡോ. എം.ജി. ഡെറി ഹൊളാഡെ, ഡോ. ലിബു അലക്സാണ്ടര്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തി പദ്ധതിയുടെ നിര്‍വഹണത്തിനായി പ്രത്യേക സംഘത്തെ ഇതിനകം നിയമിച്ചു കഴിഞ്ഞു. പദ്ധതിക്ക് നേതൃത്വം നല്‍കിയ സംഘത്തെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവര്‍ അഭിനന്ദിച്ചു. ഫോസില്‍ ഇന്ധനത്തിന് ബദല്‍ കണ്ടെത്തേണ്ട സാമൂഹ്യപ്രാധാന്യമുള്ള വിഷയത്തിലാണ് സര്‍വകലാശാലയുടെ ഗവേഷണമെന്നും വിവിധ പഠനവകുപ്പുകളുടെ കൂട്ടായ പ്രയത്നമാണിതിന് പിന്നിലെന്നും വി.സി. പറഞ്ഞു. സര്‍വകലാശാലയുടെ നാളിതുവരെയുള്ള ഗവേഷണ മികവും എന്‍.ഐ.ആര്‍.എഫ്.-റാങ്കും സമര്‍പ്പിക്കപ്പെട്ട ഗവേഷണ പദ്ധതിയുടെ പ്രാധാന്യവും കണക്കിലെടുത്താണ് ഈ അംഗീകാരം. നാലു വര്‍ഷത്തേക്കുള്ള ഈ പദ്ധതിയിലൂടെ നൂതന ഉപകരണങ്ങളും ഗവേഷണ സൗകര്യങ്ങളും സര്‍വകലാശാലയില്‍ ഒരുക്കപ്പെടും.
നിര്‍മിത ബുദ്ധി – ദേശീയ സമ്മേളനം
കാലിക്കറ്റ് സര്‍വകലാശാലാ കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗം ഫിലോസഫി, ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവിഭാഗങ്ങളുമായി സഹകരിച്ചു കൊണ്ട് നിര്‍മിത ബുദ്ധി സാമൂഹ്യനന്മക്കെങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് ദേശീയ സമ്മേളനം നടത്തുന്നു. 10-ന് രാവിലെ 10 മണിക്ക് ഇ.എം.എസ് സെമിനാര്‍ കോംപ്ലക്‌സില്‍ വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. പ്രൊവൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ അദ്ധ്യക്ഷനാകും. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഫിലോസഫി പഠനവിഭാഗം അദ്ധ്യക്ഷ ഡോ. കെ.വി. പ്രസന്ന, ഡോ. വി.എല്‍. ലജിഷ്, ഡോ. ലക്ഷ്മി പ്രദീപ് തുടങ്ങിയവര്‍ സംസാരിക്കും. പ്രൊഫ. ടി.വി. മധു, ഡോ. പി. ദീപക്, സുനില്‍ പ്രഭാകര്‍, വരുണ്‍ രമേഷ് എന്നിവര്‍ വിവിധ സെഷനുകളില്‍ വിഷയാവതരണം നടത്തും.
എം.ബി.എ. റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെയും സ്വാശ്രയസെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും 2023-24 അദ്ധ്യയന വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 21-നകം പ്രവേശനം എടുക്കേണ്ടതാണ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ നവംബര്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
ആറാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു., ബി.വി.സി., ബി.എഫ്.ടി., ബി.എ. എ.എഫ്.യു. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



