കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ 55 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ സല്‍ക്കാരത്തിന്റെ നഗരമൊരുങ്ങിക്കഴിഞ്ഞു. ഉത്സവം തുടങ്ങാന്‍ രണ്ടു പകലുകള്‍ മാത്രം ബാക്കിനില്‍ക്കെ കലോത്സവ നഗരികളെല്ലാം അവസാനഘട്ട മിനുക്കുപണികളിലാണ്. തിങ്കളാഴ്‌ച വൈകീട്ട് കലോത്സവത്തിന്റെ സ്വര്‍ണകപ്പിന്റെ നഗര പ്രദക്ഷണം ബിഇഎം ഹൈസ്‌ക്കൂള്‍ പരിസരത്തു നിന്ന് തുടങ്ങി മാനാഞ്ചിറയെ വലം വെച്ച് പ്രധാന വേദിയായ ക്രിസ്‌ത്യന്‍ കോളേജ് സ്‌കൂള്‍ അങ്കണത്തില്‍ എത്തിച്ചു. വന്‍വരവേല്‍പ്പാണ് സ്വര്‍ണക്കപ്പിന് ലഭിച്ചത്. മേയറും കലോത്സവ സംഘാടനത്തിന്റെ ചെയര്‍മാനുമായ എ കെ പ്രേമജത്തിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
നഗരത്തിലെ ഗതാഗതതിരക്കും ക്രമസമാധാനവും നിയന്ത്രിക്കാന്‍ പൊലീസ് പ്രത്യേക സജ്ജീകരണങ്ങള്‍ തന്നെ ഒരുക്കിയിട്ടുണ്ട്. കലോത്സവ വേദികളിലും നഗരങ്ങളിലെ പ്രധാന ഇടങ്ങളിലുമടക്കം 90 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിലേക്ക് കടക്കുന്ന പ്രധാന ട്രാഫിക്ക് പോയിന്റുകളിലെല്ലാം കൂടുതല്‍ പോലീസുകാരെ ഡ്യൂട്ടിക്കിടും. പൊലീസിനെ സഹായിക്കാന്‍ ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍, 600 സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ്, 800 എന്‍എസ്‌എസ് അംഗങ്ങള്‍, 400 സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, 100 റെഡ് ക്രോസ് വളണ്ടിയര്‍മാര്‍ ഇവര്‍ക്കു പുറമെ വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുത്ത 2,000 മറ്റ് വളണ്ടിയര്‍മാരും പരിപാടിയുടെ നടത്തിപ്പ് സുഖമമാക്കാന്‍ രാപ്പകലില്ലാതെ രംഗത്തിറങ്ങും.
എല്ലാ തവണത്തെ പോലെ പഴയിടം മോഹനന്‍ നമ്പൂതിരി തന്നെയാണ് ഇത്തവണയും സദ്യ ഒരുക്കുന്നത്. കോഴിക്കോട് നിന്ന് മാത്രമല്ല തൊട്ടടുത്ത ജില്ലയായ മലപ്പുറത്തു നിന്നും യുവജനോത്സവം കാണാനായി നിരവധി പേരെത്തുമെന്നാണ് കണക്കാക്കുന്നത്.



