ആം ആദ്മി പിന്തുണ ഇടതിന്; സി ആര്‍ നീലകണ്ഠനെ സസ്‌പെന്‍ഡ് ചെയ്തു

ദില്ലി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുമുന്നണിയെ പിന്തുണക്കാന്‍ ആംആദ്മി പാര്‍ട്ടി. ദേശീയ നേതൃത്വമാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള തീരുമാനവുമായി കേരള നേതൃത്വം മുന്നോട്ടുവന്നിരുന്നു. ഇതില്‍ അതൃപ്തരായ അണികള്‍ ദേശീയ നേതൃത്വത്തെ സമീപിക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് ഈ തീരുമാനം.

നിലവിലെ ആപ്പിന്റെ സംസ്ഥാന കണ്‍വീനറായ സിആര്‍ നിലകണ്ഠനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പി പി തുഫൈലിനായിരിക്കും താത്ക്കാലിക ചുമതല. നേരത്തെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് അറിയാത്തതുകൊണ്ടാണ് ഇത്തരത്തില്‍ ആശയകുഴപ്പമുണ്ടായതെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും സി ആര്‍ നീലകണ്ഠന്‍ വ്യക്തമാക്കി.

പത്ത് സീറ്റില്‍ യുഡിഎഫിനെയും ഒരു സീറ്റില്‍ എല്‍ഡിഎഫിനെയും പിന്‍തുണയ്ക്കാനായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ ജില്ലാ കമ്മിറ്റികള്‍ ഇതിനെ അനുകൂലിച്ചില്ല.

ദില്ലിയില്‍ ഇടതുപക്ഷം ആം ആദ്മിയെ പിന്‍തുണയ്ക്കുമെന്നാണ് സൂചന. ആപ്പും ഇടതുപക്ഷവുമായി ദേശീയ തലത്തില്‍ അത്തരം ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു.

Related Articles