ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടിയില്‍ 66.39 % പോളിംഗ്,  സമാധാനപരം

HIGHLIGHTS : By-election: 66.39 % polling in Tiruvambadi, peaceful

ബുധനാഴ്ച ഉപതെരെഞ്ഞെടുപ്പ് നടന്ന വയനാട് ലോക്‌സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ 66.39 % പോളിംഗ്.

ആകെയുള്ള 1,84,808 വോട്ടര്‍മാരില്‍ 1,22,705 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. സ്ത്രീകളില്‍ 68.34 % പേരും പുരുഷന്മാരില്‍ 64.40 % പേരും വോട്ടര്‍ പട്ടികയില്‍ പേരുള്ള മൂന്ന് ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളില്‍ ഒരാളും വോട്ട് ചെയ്തു.

sameeksha-malabarinews

ഈ വര്‍ഷം ഏപ്രില്‍ 26 ന് നടന്ന തെരഞ്ഞെടുപ്പില്‍ തിരുവമ്പാടി മണ്ഡലത്തില്‍ 73.37 % ആയിരുന്നു പോളിംഗ്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് 81.26 ശതമാനം പേര്‍.

രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങി. 10.30 ആയപ്പോള്‍ 21 % പിന്നിട്ടു. ഉച്ചയോടെ 40 % കടന്ന പോളിംഗ് വൈകുന്നേരം 3.30 ആയപ്പോള്‍ 50 ശതമാനമായി.

വൈകീട്ട് ആറു മണിയോടെ മണ്ഡലത്തിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയായി. മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഉദ്യോഗസ്ഥര്‍ വോട്ടിംഗ് യന്ത്രവും മറ്റ് സാമഗ്രികളും തെരഞ്ഞെടുപ്പ് സാധന സാമഗ്രികളുടെ വിതരണ-സ്വീകരണ കേന്ദ്രവും വോട്ടെണ്ണല്‍ കേന്ദ്രവുമായ കൂടത്തായി സെന്റ് മേരീസ് എല്‍ പി സ്‌കൂളില്‍ തിരികെ എല്‍പ്പിച്ചു. പോളിംഗ് സാധനസാമഗ്രികള്‍ ഏറ്റുവാങ്ങാന്‍ 18 കൗണ്ടറുകള്‍ ഇവിടെ ഒരുക്കിയിരുന്നു.

സുതാര്യവും സുരക്ഷിതവുമായ വോട്ടെടുപ്പിനായി എല്ലാ പോളിങ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. എല്ലാ ബൂത്തുകളിലെയും വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ വെബ് കാസ്റ്റിംഗ് വഴി നിരീക്ഷിക്കുന്നതിനായി ജില്ല കണ്‍ട്രോള്‍ റൂം കോഴിക്കോട് കളക്ടറേറ്റില്‍ പ്രവര്‍ത്തിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ശീതള്‍ ജി മോഹന്‍ എന്നിവര്‍ നടപടിക്രമങ്ങള്‍ നിരീക്ഷിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ശക്തമായ സുരക്ഷാ സന്നാഹമായിരുന്നു വോട്ടെടുപ്പിനായി ഒരുക്കിയത്.

കൂടത്തായി സെന്റ് മേരീസ് എല്‍പിഎസില്‍ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ കെ എന്‍ ബിന്ദുവിന്റെ നിയന്ത്രണത്തില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിച്ചു.

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ത്രിതല സുരക്ഷാ സംവിധാനം

വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ 24 മണിക്കൂറും നീരിക്ഷിക്കാന്‍ ഗസറ്റഡ് ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. സിഎപിഎഫ്, സ്റ്റേറ്റ് ആംഡ് പോലിസ്, കേരള പോലീസ് സേനകള്‍ ചേര്‍ന്ന ത്രിതല സുരക്ഷാ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഉപവരണാധികാരി എല്ലാദിവസവും സ്‌ട്രോങ്ങ് റൂം പരിശോധിക്കും. വരണാധികാരിയുടെ പരിശോധനയുമുണ്ടാവും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!