തിരു: ബസ്ചാര്‍ജ് വര്‍ദ്ധിപ്പിച്ചതോടെ മിനിമം നിരക്ക് ഒരു രൂപയായി വര്‍ദ്ധിപ്പിച്ചെങ്കിലും ഓര്‍ഡിനറി ബസുകളുടെ ഫെയര്‍ സ്റ്റേജില്‍ ഇരട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മിനിമം നിരക്കില്‍ ഒരുരൂപയുടെ വര്‍ദ്ധനവും കിലോമീറ്ററില്‍ 10 ശതമാനം വര്‍ദ്ധനവുമാണ് മന്ത്രി പ്രഖ്യാപിച്ചത്. അതേസമയം ഇതിന് ഘടകവിരുദ്ധമായിട്ടായിരിക്കും വര്‍ദ്ധനവ് നിലവില്‍ വരുമ്പോള്‍ ഉണ്ടാകുന്ന സ്ഥിതി.
ഇപ്പോള്‍ മിനിമം ചാര്‍ജ്ജ് 6 രൂപയാണ്. എന്നാല്‍ ഇത് 7 രൂപയായി വര്‍ദ്ധിക്കും. ആദ്യ അഞ്ചു കിലോമീറ്റര്‍ ഇതായിരിക്കും നിരക്ക്. ഇതു കഴിഞ്ഞ് ഓരോ രണ്ടര കിലോമീറ്ററും ഒരു ഫെയര്‍ സ്റ്റേജായി കണക്കാക്കുന്നതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. അഞ്ചു കിലോമീറ്റര്‍ കഴിഞ്ഞുള്ള ആദ്യ ഫെയര്‍ സ്റ്റേജിന് 7 രൂപയാണ് നിലവിലെ നിരക്ക് . ഇത് ഇപ്പോഴത്തെ നിരക്കു വര്‍ദ്ധനയനുസരിച്ച് 9 രൂപയായി കൂട്ടും. ഇതോടെ യാത്രാനിരക്കില്‍ ഇരട്ടി വര്‍ദ്ധന ഉണ്ടാകും. നിലവില്‍ 6,7,8,9 ഇങ്ങനെയാണ് ഓര്‍ഡിനറി ബസുകളുടെ നിരക്ക്. മിനിമംചാര്‍ജ് കഴിഞ്ഞുള്ള ഓരോ സ്റ്റേജിനൊപ്പവും രണ്ടര കിലോമീറ്ററിന് പുതിയ നിരക്കായ 1.60 രൂപ കൂടിയാണ് സ്റ്റേജ് കണക്കാക്കുന്നത്. 8 രൂപയോടൊപ്പം 1.6 രൂപ കൂടുമ്പോള്‍ 9.6 രൂപയാകും. ഇതിനെ 10 രൂപയാക്കി റൗണ്ട് ഓഫ് ചെയ്യും. ഇതോടെ നിലവില്‍ 8 രൂപയുടെ സ്ഥാനത്ത് യാത്രാനിരക്ക് 10 രൂപയായി ഉയരും. എന്നാല്‍ ഇതിന് പകരം ഓരോ ഫെയര്‍ സ്റ്റേജിലും ഒരു രൂപ വീതം വര്‍ദ്ധിപ്പിച്ചിരുന്നെങ്കില്‍ ഈ വ്യത്യാസം ഒഴിവാക്കാവുന്നതായിരുന്നു. ഈ നിരക്ക് വര്‍ദ്ധന 2011ലും 12 ലും നടപ്പിലാക്കിയത് ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമായിരുന്നു.
അതേസമയം സ്വകാര്യ ബസുടമകളെ സഹായിക്കാനാണ് പുതിയ പരിഷ്‌കാരമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മിനിമംചാര്‍ജിന് മുകളില്‍ കിലോമീറ്റര്‍ നിരക്ക് രാജ്യത്തെ ഒരു സംസ്ഥാനത്തും ഇല്ലാത്ത പരിഷ്‌കാരമാണ്. നിലവിലെ ബസ്ചാര്‍ജ് നിര്‍ണയ ഫോര്‍മുല പിന്‍വലിച്ച് 2011 ന് മുമ്പുള്ള ഫെയര്‍ സ്റ്റേജിലേക്കുള്ള ദൂരം, കിലോമീറ്റര്‍ നിരക്കുകള്‍ കൊണ്ട് ഗുണിച്ചു കിട്ടുന്ന നിരക്കു സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ ഇത്തവണയും പരിഗണിച്ചിട്ടില്ല. 50 യാത്രക്കാരെ അടിസ്ഥാനമാക്കി ബസ്‌കൂലി പുതുക്കിയാല്‍ ഓര്‍ഡിനറി മിനിമം ചാര്‍ജ് 25 കിലോമീറ്ററിന് 3 രൂപയും കിലോമീറ്റര്‍ നിരക്ക് 33 പൈസയായും കുറയും. തമിഴ്‌നാട്ടില്‍ മിനിമം നിരക്ക് 3 രൂപയും കര്‍ണ്ണാടകയില്‍ 4 രൂപയും ആണ് ഉള്ളത്. ഈ സ്ഥാനത്താണ് കേരളത്തില്‍ മാത്രം മിനിമം നിരക്ക് 7 രൂപയായി ഉയര്‍ത്തിയിരിക്കുന്നത്.



