ഷൊര്‍ണ്ണൂര്‍ : തീവണ്ടികളില്‍ നിന്നും പുറം തള്ളുന്ന മനുഷ്യ വിസര്‍ജ്യം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ബയോ ടോയ്‌ലെറ്റുകള്‍ കേരളത്തിലും എത്തി. മനുഷ്യവിസര്‍ജ്യത്തെ ബാക്ടീരിയയുടെ സഹായത്താല്‍ വാതകവും, ജലവുമാക്കി മാറ്റുന്ന ഇത്തരം ബയോ ടോയ്‌ലെറ്റുകള്‍ കേരളത്തിലെ തീവണ്ടികളിലും ഘടിപ്പിച്ച് തുടങ്ങി. താമസിയാതെ എല്ലാം തീവണ്ടികളിലേക്കും ഇത് വ്യാപിപ്പിക്കും. തീവണ്ടികളില്‍ നിന്ന് പുറംതള്ളപ്പെടുന്ന മനുഷ്യ വിസര്‍ജ്യം കൊണ്ട് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഇന്ത്യന്‍ റെയില്‍വേ 2011 മുതല്‍ തുടങ്ങിയ പദ്ധതിയാണ് കേരളത്തിലും ഇപ്പോള്‍ നടപ്പായി കൊണ്ടിരിക്കുന്നത്. ഈ പദ്ധതി ആദ്യമായി നടപ്പിലാക്കിയത് ഗോളിയോര്‍- വാരണസി ബുന്തേല്‍ഖണ്ഡ് എക്‌സ്പ്രസ്സില്‍ 2011 ലാണ്.
തീവണ്ടികളില്‍ നിന്ന് പുറംതള്ളുന്ന മനുഷ്യ വിസര്‍ജ്യത്തെ ബോഗിക്ക് കീഴില്‍ സ്ഥാപിച്ചിട്ടുള്ള ടാങ്കില്‍ ശേഖരിക്കുകയും മാലിന്യത്തെ അനെറോബിക് ബാക്ടീരിയയുടെ സഹായത്തോടെ കാര്‍ബണ്‌ഡൈഓക്‌സൈഡ്, മീഥൈന്‍ എന്നീ വാതകങ്ങളും വെള്ളവുമാക്കി മാറ്റിയശേഷം പുറം തള്ളുകയും ചെയ്യുന്നതാണ് ഈ രീതി. വെളളം ക്ലോറിന്‍ ഉപയോഗിച്ച് പുറം തള്ളുന്നതിനാല്‍ യാതൊരു വിത മലിനീകരണവും ഇതുകൊണ്ട് ഉണ്ടാകുന്നില്ല. 75,000 മുതല്‍ 80,000 രൂപ വരെയാണ് ഈ ഒരു ടോയ്‌ലെറ്റ് സ്ഥാപിക്കാനുള്ള ചെലവ്. ഇന്ത്യന്‍ റെയില്‍വേയും ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ) സംയുക്തമായാണ് ടോയ്‌ലെറ്റ് വികസിപ്പിച്ചെടുത്തത്. നിലവില്‍ ഇന്ത്യയിലാകെ വിവിധ തീവണ്ടികളുടെ 5000 ത്തിലധികം കോച്ചുകളില്‍ ബയോ ടൊയ്‌ലെറ്റ് ഘടിപ്പിച്ചിട്ടുണ്ട്. 2021-22 ആകുമ്പോഴേക്കും എല്ലാ ട്രെയിനുകളിലും ഈ സംവിധാനം ഘടിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ഈ ബയോടോയ്‌ലെറ്റില്‍ മാലിന്യ നിര്‍മാര്‍ജനത്തിനായി ഉപയോഗിച്ചിരിക്കുന്നത് അന്റാര്‍ട്ടിക്കയില്‍ നിന്ന് കണ്ടെത്തിയ പ്രതേ്യക തരം ബാക്ടീരിയകളെയാണ്. ഇവക്ക് ശക്തമായ പ്രതികൂല കാലാവസ്ഥയെയും കീടനാശിനികളെയും പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. ടാങ്കില്‍ ഒരു തവണ ഈ ബാക്ടീരിയയെ നിക്ഷേപിച്ചു കഴിഞ്ഞാല്‍ ഒരു വര്‍ഷം വരെ ഉപയോഗിക്കാവുന്നതാണ്. ഈ ടാങ്കിന് ഒരു തരത്തിലുള്ള ദുര്‍ഗന്ധവും ഉണ്ടാകില്ല എന്നതാണ് മറ്റൊരു ഗുണം.
അതേസമയം മലിനീകരണം കുറക്കാനാകുമെങ്കിലും യാത്രക്കാരുടെ സഹകരണം കൂടിയുണ്ടെങ്കിലേ ഈ പദ്ധതി പൂര്‍ണ്ണമായും വിജയിക്കൂ. ചായകപ്പ്, കവറുകള്‍, നാപ്കിന്‍
തുടങ്ങിയവ ദ്വാരങ്ങളില്‍ നിക്ഷേപിച്ചു കഴിഞ്ഞാല്‍ മാലിന്യം കെട്ടി നില്‍ക്കുകയും ടോയ്‌ലെറ്റ് പ്രവര്‍ത്തനക്ഷമമല്ലാതാകുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ടോയ്‌ലെറ്റ് സ്ഥാപിക്കുന്നതോടൊപ്പം മാലിന്യം ശേഖരിക്കാന്‍ ബക്കറ്റും ഇതോടൊപ്പം സ്ഥാപിക്കുന്നതാണ്.



