കൊല്ലം ആയൂരില്‍ വാഹനാപകടം; സ്ത്രീകളും കുട്ടിയും ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു

കൊല്ലം: ആയൂരില്‍ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസും കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
വടശ്ശേരിക്കര സ്വദേശികളാണ് മരിച്ചത്. ചെങ്ങന്നൂര്‍ ആല സ്വദേശി അരുണ്‍, റാന്നി വടശ്ശേരിക്കര തലച്ചിറ കൈലാസ് ഭവനില്‍ മിനി(45), ഹര്‍ഷ(മൂന്നര),സ്മിത, അജ്ഞന(22) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ആറുപേരാണ് ഉണ്ടായിരുന്നതെന്നും ഇവരില്‍ അഞ്ചുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അപകടത്തില്‍പ്പെട്ടവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നാണ് സൂചന.
കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്.

Related Articles