കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക്: മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : Burns Unit at Kottayam Medical College to reach world-class standards: Minister Veena George

careertech

കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക് ഉയരും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സ്‌കിന്‍ ബാങ്ക് അന്തിമഘട്ടത്തിലാണ്. ഇതിന് പുറമേയാണ് വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ സ്‌കിന്‍ ബാങ്ക് ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നത്. അപകടങ്ങളാലും പൊള്ളലേറ്റും ത്വക്കിന് കേടുപാട് സംഭവിച്ചവര്‍ക്ക് ത്വക്ക് വച്ച് പിടിപ്പിച്ചാല്‍ അണുബാധയുണ്ടാകാതെ ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനാകും. കൂടാതെ രോഗികളെ വൈരൂപ്യത്തില്‍ നിന്നും രക്ഷിക്കാനുമാകും. ഈയൊരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സ്‌കിന്‍ ബാങ്കുകള്‍ ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്ക് ശേഖരിച്ച് പ്രിസര്‍വ് ചെയ്ത് ആവശ്യമുള്ള രോഗികള്‍ക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ വച്ചുപിടിപ്പിക്കുകയാണ് സ്‌കിന്‍ ബാങ്കിലൂടെ ചെയ്യുന്നത്. കൃത്യമായ വീതിയിലും ഘനത്തിലും ശരീരത്തിന്റെ പരുക്കേല്‍ക്കാത്ത ഭാഗങ്ങളില്‍ നിന്നും ചര്‍മ്മ ഗ്രാഫ്റ്റുകളെടുക്കാന്‍ ഉപയോഗിക്കുന്ന അത്യാധുനിക ശസ്ത്രക്രിയാ ഉപകരണമാണ് ഇലക്ട്രിക് ഡെര്‍മറ്റോം. ഗുരുതര പൊള്ളലോ ആഘാതമോ മൂലം കേടായ ചര്‍മ്മം പുന:നിര്‍മ്മിക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്.

sameeksha-malabarinews

2022 ലാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ബേണ്‍സ് യൂണീറ്റ് സാക്ഷാത്ക്കരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 578 രോഗികളാണ് ഈ വിഭാഗത്തില്‍ ചികിത്സ നേടിയത്. 262 സങ്കീര്‍ണ ശസ്ത്രക്രിയകളാണ് നടത്തിയത്. ഏര്‍ളി ആന്റ് അള്‍ട്രാ ഏര്‍ളി എക്സിഷന്‍ ആന്റ് ഗ്രാഫ്റ്റിംഗ്, എസ്ചാറോട്ടമി (Early and ultra early excision and grafting, escharotomy) മുതലായ സര്‍ജറികള്‍ ഇവിടെ നടത്തി വരുന്നു.

പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ കീഴിലാണ് ബേണ്‍സ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെ 8 കിടക്കകളും, 4 ഐസിയു കിടക്കകളും, ഓപ്പറേഷന്‍ തീയറ്ററുകളും ഈ വിഭാഗത്തിലുണ്ട്. ബേണ്‍സ് ചികിത്സയില്‍ പ്രത്യേക പരിശീലനവും പ്രാവീണ്യവുമുള്ള അതിനായി മാത്രം പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് സര്‍ജന്‍ ആണ് ഇതിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അനസ്തേഷ്യോളജിസ്റ്റ്, ഫിസിയോതെറാപ്പി വിഭാഗം, നഴ്സസ് മുതലായവരുടെ കൂട്ടായ്മയിലൂടെ രോഗികള്‍ക്ക് വേദനയില്ലാതെയും, പൊള്ളലേറ്റവര്‍ക്ക് ദീര്‍ഘകാലം ഉണ്ടായേക്കാവുന്ന വൈരൂപ്യം ഇല്ലാതെയുമുള്ള അത്യാധുനിക ചികിത്സയാണ് ഇവിടെ ലഭ്യമാക്കുന്നത്.

ഗുരുതരമായി പൊള്ളലേറ്റവരുടെ മരണസംഖ്യ ആഗോള തലത്തില്‍ തന്നെ വലുതാണ്. അതേസമയം അനേകം രോഗികളെ രക്ഷിച്ചെടുക്കാന്‍ ഇവിടത്തെ ബേണ്‍സ് യൂണിറ്റിനായി. വളരെ സങ്കീര്‍ണവും ഗുരുതരവുമായി പൊള്ളലേറ്റ രോഗികളെ ചികില്‍സിക്കുന്ന ഈ യൂണിറ്റില്‍ 2024ലെ മരണ നിരക്ക് 26 ശതമാനം മാത്രമാണെന്നുള്ളത് ഈ വിഭാഗത്തിലെ ചികിത്സയുടെ ഗുണമേന്മയാണ് കാണിക്കുന്നത്. 40 ശതമാനം വരെയുള്ള ആഴത്തിലുള്ള പൊള്ളലുകളും 70 ശതമാനം വരെയുള്ള ആഴം കുറഞ്ഞ പൊള്ളലുകളുമുള്ള (superficial burns) നിരവധി രോഗികള്‍ വൈരൂപ്യമില്ലാതെ ഭേദമായി ഇവിടെ നിന്നും വീട്ടില്‍ പോകുന്നു എന്നുള്ളതും അഭിമാനിക്കാവുന്ന നേട്ടമാണ്.

പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. ലക്ഷ്മി എം., പ്ലാസ്റ്റിക് സര്‍ജറി കണ്‍സള്‍ട്ടന്റ് – ബേണ്‍സ് യൂണിറ്റ് ഇന്‍ചാര്‍ജ് ഡോ. തോമസ് ഡേവിഡ്, പ്ലാസ്റ്റിക് സര്‍ജറി അസോ. പ്രൊഫസര്‍ ഡോ. സാബു സി.പി., പ്ലാസ്റ്റിക് സര്‍ജറി അസി. പ്രൊഫസര്‍ ഡോ. ഫോബിന്‍ വര്‍ഗീസ്, അനസിതേഷ്യോളജിസ്റ്റ് കണ്‍സള്‍ട്ടന്റ് ഡോ. ബിറ്റ്‌സന്‍ മുതലായവരുടെ നേതൃത്വത്തിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!