കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ബാറ്ററിക്ക് പകരം സൂപ്പര്‍ കപ്പാസിറ്റര്‍ കാലിക്കറ്റിന് പേറ്റന്റ്

HIGHLIGHTS : Calicut University News; Calicut patents super capacitor instead of battery

careertech

ബാറ്ററിക്ക് പകരം സൂപ്പര്‍ കപ്പാസിറ്റര്‍ കാലിക്കറ്റിന് പേറ്റന്റ്

മികച്ച സ്‌റ്റോറേജിനോടൊപ്പം ചാര്‍ജിങ്ങും ഡിസ്ചാര്‍ജിങ്ങും ലഭ്യമാക്കുന്ന സൂപ്പര്‍ കപ്പാസിറ്ററിന്റെ കണ്ടുപിടിത്തത്തിന് കാലിക്കറ്റ് സര്‍വകലാശാലക്ക് പേറ്റന്റ്. കെമിസ്ട്രി പഠനവകുപ്പ് പ്രൊഫസര്‍ ഡോ. എ.ഐ. യഹിയ, ഗവേഷണ വിദ്യാര്‍ഥി ശിവകൃഷ്ണ പ്രകാശ് എന്നിവരാണ് പദ്ധതിക്ക് പിന്നില്‍ പ്രയത്‌നിച്ചത്. ഊര്‍ജ സംഭരണത്തിനായി ഉപയോഗിക്കുന്ന രണ്ട് സാങ്കേതിക വിദ്യകളാണ് സൂപ്പര്‍ കപ്പാസിറ്ററുകളും ലിഥിയം – അയണ്‍ ബാറ്ററികളും. ചാര്‍ജ് സംഭരിക്കാനുള്ള  കഴിവും ചാര്‍ജ് ചെയ്യാനും ഡിസ്ചാര്‍ജ് ചെയ്യാനുമുള്ള സമയ വ്യത്യാസവും അടിസ്ഥാനമാക്കി ഇവ രണ്ടും വ്യത്യസ്ത ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.

sameeksha-malabarinews

ലിഥിയം – അയണ്‍ ബാറ്ററികള്‍ വലിയ അളവില്‍ ചാര്‍ജ് സ്റ്റോര്‍ ചെയ്യുമെങ്കിലും അവയ്ക്ക് ചാര്‍ജ് ചെയ്യാനും ഡിസ്ചാര്‍ജ് ചെയ്യാനും സമയം കൂടുതല്‍ വേണം. സ്ഥിരതയും കുറവാണ്. എന്നാല്‍ സൂപ്പര്‍കപ്പാസിറ്ററുകളില്‍ ബാറ്ററിയുടെ അത്ര ചാര്‍ജ് സ്റ്റോര്‍ ചെയ്യാന്‍ സാധിക്കില്ലെങ്കിലും വളരെ വേഗത്തില്‍ ചാര്‍ജിങ്ങും ഡിസ്ചാര്‍ജും നടക്കും.  കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ചാര്‍ജ് ലഭിക്കേണ്ട ആവശ്യത്തിന്, ഉദാഹരണത്തിനു ഒരു വാഹനം ഇലക്ട്രിക് സ്റ്റാര്‍ട്ട് വഴി സ്റ്റാര്‍ട്ട് ചെയ്യുന്നതിനു ഈ സൂപ്പര്‍ കപ്പാസിറ്ററുകള്‍ ഉപയോഗിക്കുന്നു. മൊത്തത്തിലുള്ള ഊർജ്ജ ക്ഷമത വർദ്ധിപ്പിക്കുന്നതിനായി സൂപ്പർകപ്പാസിറ്ററുകൾ പലപ്പോഴും ബാറ്ററികളുമായി സംയോജിപ്പിച്ചും ഉപയോഗിക്കാറുണ്ട്. ഇത് ഊർജ്ജത്തിൻ്റെ കൂടുതൽ കാര്യക്ഷമമായ ഉപയോഗം സാധ്യമാക്കുന്നു.

ലിഥിയം – അയണ്‍ ബാറ്ററികളുടെ ചാര്‍ജ് സ്റ്റോറേജ് കപ്പാസിറ്റിയും സൂപ്പര്‍ കപ്പാസിറ്ററുകളുടെ ചാര്‍ജിങ് – ഡിസ്ചാര്‍ജിങ് വേഗതയും സ്റ്റബിലിറ്റിയും ഒത്തിണങ്ങുന്ന ഒരുപകരണം ഉണ്ടാക്കുന്നതിനായി മികച്ച ഊര്‍ജ സംഭരണിയായ പോളിഅനിലിനാണ് കാലിക്കറ്റിലെ ഗവേഷകര്‍ തിരഞ്ഞെടുത്തത്. ഇതിനെ റെഡ്യൂസ് ചെയ്ത ഗ്രാഫിന്‍ ഒക്‌സൈഡുമായി സംയോജിപ്പിച്ച് ഒരു സിസ്റ്റം തയ്യാറാക്കി. അതില്‍ സള്‍ഫര്‍, നൈട്രജന്‍ എന്നിവ ഉപയോഗിച്ച് ഡോപ് ചെയ്ത് വ്യത്യസ്ത മെറ്റീരിയല്‍ ഉണ്ടാക്കുകയും അവയുടെ ചാര്‍ജ് സ്റ്റോറേജ്, ചാര്‍ജിങ് – ഡിസ്ചാര്‍ജിങ് കപ്പാസിറ്റി എന്നിവ പഠിക്കുകയും ചെയ്തു. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ മെറ്റീരിയല്‍ കൊണ്ട് ഉണ്ടാക്കുന്ന സൂപ്പര്‍കപ്പാസിറ്ററുകള്‍ ലിഥിയം – അയണ്‍ ബാറ്ററികളോട് കിടപിടിക്കുന്ന ഡിവൈസുകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. 5000 സൈക്കിള്‍ ചാര്‍ജിങ്ങും ഡിസ്ചാര്‍ജിങ്ങും നടത്തിയാലും 99% സ്റ്റബിലിറ്റി ഇവ കാണിക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. ഇലക്ട്രോണിക് മേഖലയിലെ നൂതന ആവശ്യങ്ങള്‍ക്ക് വളരെ വില കുറഞ്ഞ രീതിയില്‍ ബാറ്ററികള്‍ക്ക് പകരമായി ഉപയോഗിക്കാന്‍ സാധിക്കും.

ഇന്റർ യൂണിവേഴ്സിറ്റി വനിതാ കരാട്ടെ കാലിക്കറ്റിന് ഓവറോൾ കിരീടം

തമിഴ്നാട്ടിലെ ബി.എസ്. അബ്ദുറഹ്മാൻ ക്രെസന്റ് സർവകലാശാലയിൽ നടന്ന സൗത്ത് വെസ്റ്റ് ഇന്റർ യൂണിവേഴ്സിറ്റി വനിതാ കരാട്ടെ മത്സരങ്ങളിൽ മൂന്നാം തവണയും ഓവറോൾ കരസ്ഥമാക്കി കാലിക്കറ്റ് സർവകലാശാല. മണ്ണാർക്കാട് എം.ഇ.എസ്. കല്ലടി കോളേജിലെ പി.പി. ഫർസാന, സ്റ്റേസി എസ്. ചരുവിൽ, കെ. ഐശ്വര്യ, ഒറ്റപ്പാലം എൻ.എസ്.എസ്. ട്രെയിനിങ് കോളേജിലെ എ. ഗായത്രി, പഴഞ്ഞി എം.ഡി. കോളേജിലെ കെ.എൻ. സാനിയ തുടങ്ങിയവർ വിവിധ വിഭാഗങ്ങളിൽ മെഡലുകൾ നേടി. എം.എ. ആഷിഫ (ഫാറൂഖ് കോളേജ്), മറിയ സാജൻ (ക്രൈസ്റ്റ് കോളേജ്), കെ. കൃഷ്ണ (ശാരദാ കോളേജ്) എന്നിവർ അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. അബ്ദുൽ അസീസ് പൂക്കാടൻ, പി. ആരിഫ്, സി.കെ. സുബൈർ എന്നിവർ ടീമിന്റെ പരിശീലകരും പി.എം. ജിസ്‍മ മാനേജരുമാണ്.

കഫ് ആന്റ് കാർണിവൽ സർവകലാശാലാ വിദ്യാർഥി യൂണിയൻ ഫെസ്റ്റ്

കാലിക്കറ്റ് സർവകലാശാലാ വിദ്യാർഥി യൂണിയൻ ജനുവരി 13, 14, 15 തീയതികളിൽ സർവകലാശാലാ ക്യാമ്പസിൽ ‘കഫ് ആന്റ് കാർണിവൽ’ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് അന്താരാഷ്ട്ര ചലച്ചിത്ര മേള, സർവകലാശാല യിലെ കോസ്റ്റിയൂം ആന്റ് ഫാഷൻ ഡിസൈൻ സെന്ററുമായി സഹകരിച്ച് ഫാഷൻ ഷോ, വിവിധ വാഹനങ്ങളുടെ മോഡിഫിക്കേഷൻ മോഡലുകളുടെ പ്രദർശനം, ജിം ബോഡി ഷോ, ഷോർട് ഫിലിം മത്സരം, റീൽസ് വീഡിയോ മത്സരം, വിദ്യാർഥികൾക്ക് നൈപുണ്യ പരിശീലനം നൽകികൊണ്ട് വിവിധ വിഷയങ്ങളിൽ വർക്ക്ഷോപ്പുകൾ, കായിക മത്സരങ്ങൾ, സെമിനാറുകൾ തുടങ്ങി ഫെസ്റ്റ് നടക്കുന്ന മൂന്ന് ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ സംഗീത പരിപാടികളും നടക്കും. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ എല്ലാ കോളേജ് വിദ്യാർഥികൾക്കും പരിപാടിയിൽ പങ്കെടുക്കാം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും https://www.cuffncarnival.site/വെബ്‌സൈറ്റ് സന്ദർശിക്കുക.

വാക് – ഇൻ – ഇന്റർവ്യൂ

തൃശ്ശൂർ പോലീസ് അക്കാഡമിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഫോറൻസിക് സയൻസ് പഠനവകുപ്പിൽ ഫോറൻസിക് കെമിസ്ട്രി ആന്റ് ടോക്സിക്കോളജി എന്ന പേപ്പർ കൈകാര്യം ചെയ്യുന്നതിന് മണിക്കൂറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് വാക് – ഇൻ – ഇന്റർവ്യൂ ജനുവരി 20-ന് നടക്കും. ഒരൊഴിവാണുള്ളത്. യോഗ്യത : 55 ശതമാനം മാർക്കിൽ കുറയാത്ത എം.എസ് സി. ഫോറൻസിക് സയൻസ് / തത്തുല്യം, നിർദിഷ്ട വിഷയത്തിൽ നെറ്റ് / പി.എച്ച്.ഡി. ഉയർന്ന പ്രായ പരിധി 65 വയസ്. യോഗ്യരായവർ രാവിലെ 10.30-ന് കാലിക്കറ്റ് സർവകലാശാലാ പ്രധാന ക്യാമ്പസിൽ ലൈഫ് സയൻസ് പഠനവകുപ്പിൽ ഹാജരാകണം.

സര്‍വകലാശാലാ പെന്‍ഷന്‍കാര്‍ സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കണം

കാലിക്കറ്റ് സര്‍വകലാശാലാ പെന്‍ഷന്‍കാരുടെ 2024 – 2025 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ഷിക വരുമാനം സംബന്ധിച്ച വിശദാംശങ്ങളും സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കുന്നതിനുള്ള ഫോമും സര്‍വകലാശാലാ വെബ്‌സൈറ്റിലെ പെന്‍ഷനേഴ്‌സ് സ്‌പോട്ടില്‍ ലഭ്യമാണ്. പെന്‍ഷന്‍ ഐ.ഡി. നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച സ്റ്റേറ്റ്‌മെന്റും ആവശ്യമായ രേഖകളുടെ പകർപ്പുകളും സഹിതം ജനുവരി 20 – ന് മുൻപായി ഫിനാന്‍സ് ബ്രാഞ്ചില്‍ സമർപ്പിക്കേണ്ടതാണ്.

പരീക്ഷാഫലം

വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ (CBCSS & CUCBCSS) ബി.കോം, ബി.ബി.എ. നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!