കൊച്ചി: ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍. നടി ഹണി റോസ് നല്‍കിയ ലൈംഗിക അധിക്ഷേപക്കേസിലാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 2 ആണ് ബോബിയെ റിമാന്‍ഡ് ചെയ്തത്. അഡ്വ. ബി രാമന്‍പിള്ളയാണ് ബോബിക്കായി ഹാജരായത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതിനാല്‍ ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചിരുന്നു. ഗുരുതരമായ കുറ്റമല്ല ബോബി ചെയ്തതെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്.
വയനാട്ടിലെ റിസോട്ടില്‍നിന്ന് ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ വൈകിട്ട് ഏഴുമണിയോടെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം രാത്രി ഏഴരയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ള കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധന പൂര്‍ത്തിയാക്കി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ച ബോബി ചെമ്മണൂരിനെ ഇന്നലെ ലോക്കപ്പിലാക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ബോബിയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വിധി കേട്ട ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം ഉണ്ടായി



