താമരശ്ശേരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണു; 23 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നു വീണ് 23 പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണ്. കോടഞ്ചേരിയിലെ നോളജ്‌സിറ്റിയിലാണ് കെട്ടിടം തകര്‍ന്നു വീണത്. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി.

ആകെ അപകട സ്ഥലത്തുനിന്നും 23 പേരെയാണ് കാണാതായത്. ഇതില്‍ 17 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ട് പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബാക്കി വിവരങ്ങള്‍ ശേഖരിച്ചു വരുന്നെന്ന് പൊലീസ് അറിയിച്ചു. കോണ്‍ക്രീറ്റ് താങ്ങിയ തൂണുകള്‍ തെന്നിയതാണ് അപകടകാരണമായതെന്നാണ് വിലയിരുത്തലെന്ന് മര്‍കസ് നോളജ് സിറ്റി സിഇഒ അബ്ദുല്‍ സലാം പറഞ്ഞു. ആരുടെയും നില ഗുരുതരമല്ലെന്നാണ് കിട്ടിയ വിവരമെന്നും അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെട്ടിടത്തിന്റെ നിര്‍മാണം അനുമതിയോടെ തന്നെയാണെന്നും മര്‍കസ് അധികൃതര്‍ അറിയിച്ചു.

അതേസമയം, പ്രാഥമികമായി കെട്ടിടത്തിന് അനുമതിയില്ലെന്ന്‌ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശേരി പറഞ്ഞു. കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി അപേക്ഷ ലഭിച്ചിരുന്നെങ്കിലും പരിശോധന നടത്തി അനുമതി നല്‍കുന്ന നടപടി പൂര്‍ത്തിയായിരുന്നില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.

 

Share news
error: Content is protected !!
Scroll to Top