Section

malabari-logo-mobile

ചില്‍ഡ്രന്‍സ് ഹോമിന്റെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ആന്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു

HIGHLIGHTS : തവനൂര്‍ ഗവ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സിന്റെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ആന്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും കെട്ടിടം വനിതാ – ശിശ...

തവനൂര്‍ ഗവ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സിന്റെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ആന്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും കെട്ടിടം വനിതാ – ശിശു വികസന വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. മനോഹരവും സൗകര്യപ്രദവുമായ കെട്ടിടമാണ് തവനൂരില്‍ ഒരുക്കിയിരിക്കുന്നതെന്നും കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി സര്‍ക്കാര്‍ നിരവധി സഹായ സംവിധാനങ്ങളും പദ്ധതികളും നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ടാസ്‌ക് ഫോഴ്‌സ് പദ്ധതിയിലൂടെ നിരവധി കുഞ്ഞുങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജീവിതത്തിന്റെ ഒരുപാട് ദുരിതാനുഭവങ്ങളിലൂടെ കടന്നു കയറി വന്നിട്ടുള്ള കുട്ടികളാണ് ഇവരെന്നും നമ്മളില്‍ നിന്ന് സ്‌നേഹവും പരിലാളനയുമാണ് പ്രതീക്ഷിക്കുന്നതെന്നും അത് നമുക്ക് ഓരോരുത്തര്‍ക്കും അവര്‍ക്ക് നല്‍കാന്‍ കഴിയണമെന്നും ചടങ്ങില്‍ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. അസാപ്പ് സ്‌കില്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് സൗജന്യമായോ സാമൂഹ്യനീതി വകുപ്പിന്റെ ഏതെങ്കിലും സ്‌റ്റൈപ്പന്റ് പ്രയോജനപ്പെടുത്തിയോ തൊഴില്‍ നൈപുണ്യ കോഴ്‌സില്‍ പരിശീലനം നല്‍കുമെന്നും മന്ത്രി സൂചിപ്പിച്ചു. വിവിധ സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളും ജയിലും നിലകൊള്ളുന്ന പ്രദേശം കൂടുതല്‍ വികസനത്തിലേക്ക് നീങ്ങുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

sameeksha-malabarinews

കുട്ടികള്‍ക്ക് ശ്രദ്ധയും പരിരക്ഷയും നീതിയും ഉറപ്പ് വരുത്തുന്നതിനായി മികച്ച അടിസ്ഥാന സൗകര്യങ്ങളോടു കൂടിയാണ് തവനൂര്‍ ഗവ.ചില്‍ഡ്രന്‍സ് ഹോമും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ആന്‍ഡ് മലപ്പുറം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെയും പുതിയ കെട്ടിടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 1558 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ചില്‍ഡ്രന്‍സ് ഹോമിന്റെ മൂന്ന് നില കെട്ടിടം. ബോയ്‌സ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ലൈബ്രറി, വാര്‍ഡന്‍ റൂം, ഡോര്‍മിറ്ററികള്‍, ഡൈനിങ് ഹാള്‍, അടുക്കള, സ്റ്റോര്‍ റൂം, സ്റ്റാഫ് റെസ്റ്റ് റൂം, തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒന്നാം നിലയില്‍ ഡോര്‍മിറ്ററികള്‍, റീഡിങ് റൂം, ഗസ്റ്റ് റൂം തുടങ്ങിയ സൗകര്യങ്ങളും രണ്ടാമത്തെ നിലയില്‍ ഡോര്‍മിറ്ററികള്‍, റീഡിങ് റൂം, സിക്ക് റൂം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്ന് നിലകളിലും ശുചിമുറി സംവിധാനവുമുണ്ട്.

394 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ച ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് ആന്‍ഡ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കെട്ടിടത്തില്‍ കോര്‍ട്ട് ഹാള്‍, മജിസ്‌ട്രേറ്റ് റൂം, ഓഫീസ് റൂം, റെക്കോര്‍ഡ് റൂം, മെമ്പേഴ്‌സ് കാമ്പിന്‍ തുടങ്ങിയ സൗകര്യങ്ങളും ശുചിമുറി സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി , തിരൂര്‍ ആര്‍ഡിഒ അബ്ദുള്‍ നാസര്‍ എന്നിവര്‍ മുഖ്യാതിഥികളായി. കെട്ടിടങ്ങളുടെ ശിലാഫലകങ്ങള്‍ മന്ത്രി ഡോ.കെ.ടി ജലീല്‍ അനാച്ഛാദനം ചെയ്തു.സംസ്ഥാന ബാലവകാശ കമ്മീഷന്‍ മെമ്പര്‍ സി.വിജയകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് എഞ്ചിനീയര്‍ സാന്റോസ് സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചടങ്ങില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് പി.സുഷമ, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. പി ഷാജേഷ് ഭാസ്‌ക്കര്‍, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.രാമകൃഷ്ണന്‍, തവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ, ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍ ഇടശ്ശേരി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കൃഷ്ണമൂര്‍ത്തി ഗവ.ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബിനു ജോണ്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെട്ടിടങ്ങള്‍ നിര്‍മിച്ച പെരിന്തല്‍മണ്ണ മന്‍സില്‍ കണ്‍സ്ട്രക്ഷന്‍സിനെ ചടങ്ങില്‍ മന്ത്രി കെ.ടി ജലീല്‍ ആദരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!