Section

malabari-logo-mobile

ബഫര്‍ സോണ്‍; കേരളം സുപ്രീംകോടതിയില്‍ നിന്നും ചോദിച്ചു വാങ്ങിയ വിധി; വിഡി സതീശന്‍

HIGHLIGHTS : buffer zone; Kerala asked for the verdict from the Supreme Court; VD Satheesan

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സുപ്രീംകോടതിയില്‍ നിന്നും ചോദിച്ചു വാങ്ങിയ വിധിയാണിത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കെടുകാര്യസ്ഥത ഉണ്ടായെന്നും ഇതോടൊപ്പം വനംവകുപ്പിന്റെ അശ്രദ്ധയും കൂടി ചേര്‍ന്നപ്പോള്‍ ആണ് ബഫര്‍ സോണ്‍ കേരളത്തിന് മുകളില്‍ ഇടിത്തീയായി വീണതെന്നും സതീശന്‍ പറഞ്ഞു. നിയമസഭയിലെ മീഡിയാ റൂമില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശന്‍. സുപ്രീംകോടതിയുടെ ജൂണ്‍ 3ലെ ബഫര്‍സോണ്‍ ഉത്തരവിനെതുടര്‍ന്ന് ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തിര
പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

 

പ്രതിപക്ഷനേതാവിന്റെ വാക്കുകള്‍ –

sameeksha-malabarinews

ബഫര്‍ സോണ്‍ വിഷയം ജനവാസ കേന്ദ്രങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്. ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കണം എന്നായിരുന്നു 2013 -ലെ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ 2019-ല്‍ യുഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി മന്ത്രിസഭാ തീരുമാനമെടുത്തു. അത് കേന്ദ്രത്തിന് അയച്ച് കൊടുക്കുകയും ചെയ്തു. ഈ നിലപാട് കൂടിയാണ് സുപ്രീംകോടതിയിലേക്ക് പോയതും ഇപ്പോള്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന ഇടിത്തീയായി വന്നിരിക്കുകയും ചെയ്തിരിക്കുന്നത്.

ബഫര്‍ സോണ്‍ വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇക്കാര്യത്തില്‍ ഹര്‍ത്താല്‍ നടത്തി ജനങ്ങളെ കബളിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഗുരുതരമായ പല വീഴ്ചകളും ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നുണ്ടായി. സുപ്രീംകോടതിയില്‍ നിന്നും ചോദിച്ചു വാങ്ങിയ വിധിയാണിത്. ഒരു കിലോമീറ്റര്‍ ബഫര്‍ സോണാക്കി തരണം എന്ന് ഫലത്തില്‍ കേരളസര്‍ക്കാര്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കെടുകാര്യസ്ഥതയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. വനംവകുപ്പിന് ഇക്കാര്യത്തില്‍ ഒരു ശ്രദ്ധയുമുണ്ടായില്ല. ബഫര്‍സോണില്‍ പ്രതിപക്ഷം സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ല.

സ്വര്‍ണക്കടത്ത് കേസില്‍ ഗുരുതര ആരോപണമാണ് ഇന്നലെ സ്വപ്ന ഉന്നയിച്ചത്. ഇക്കാര്യത്തില്‍ ശക്തമായ സമരം തുടരും. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കും. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയട്ടെ. സിസിടിവി പരിശോധിക്കണമെന്ന് സ്വപ്ന പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സിസിടിവി പരിശോധിക്കണം എന്ന് പിണറായിയും പറഞ്ഞിരുന്നു. അന്ന് ഇക്കാര്യം ആവശ്യപ്പെട്ട പിണറായി ഇപ്പോള്‍ സിസിടിവി ദൃശ്യം പുറത്തുവിടാന്‍ തയ്യാറാകുമോ?.: സോളാര്‍ കേസ് വിട്ടതുപോലെ സ്വര്‍ണക്കടത്ത് കേസും സിബിഐയ്ക്ക് വിടണം. ഈ കേസ് അണിയറിയില്‍ സെറ്റില്‍ ചെയ്യുകയാണ്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തിയാല്‍ സെറ്റില്‍മെന്റ് നടക്കില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!