മുലയൂട്ടല്‍ വാരാചരണം ഇന്ന് മുതല്‍

കേരളത്തിലെ എല്ലാ കുഞ്ഞുങ്ങള്‍ക്കും ജനിച്ച് ആദ്യമണിക്കൂറില്‍ തന്നെ അമ്മയുടെ മുലപ്പാല്‍ നല്‍കുന്നുവെന്നും ആറ് മാസംവരെ മുലപ്പാല്‍ മാത്രം ഭക്ഷണമായി നല്‍കുന്നുവെന്നും ഉറപ്പാക്കുന്നതിനുള്ള ബോധവത്കരണം ശക്തമാക്കുന്നതിനായി ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ മുലയൂട്ടല്‍ വാരാചരണം സംഘടിപ്പിക്കും. വാരാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
കേരളത്തില്‍ നിലവില്‍ 56 ശതമാനം കുഞ്ഞുങ്ങള്‍ക്ക് മാത്രമാണ് ആറ് മാസം വരെ മുലപ്പാല്‍ മാത്രം ലഭ്യമാക്കുന്നതെന്നും എട്ട് ശതമാനം കുട്ടികള്‍ക്ക് ആദ്യ ദിനത്തില്‍ തന്നെ മുലപ്പാല്‍ അല്ലാതെ മറ്റെന്തെങ്കിലും കൂടി നല്‍കുന്നതായുമാണ് കണ്ടെത്തല്‍.

മുലപ്പാലിന്റെ പ്രയോജനങ്ങള്‍

പ്രസവിച്ചയുടനെ ഊറിവരുന്ന ഇളംമഞ്ഞ നിറത്തിലുള്ള പാലായ കൊളസ്ട്രത്തില്‍ പോഷകങ്ങള്‍, ആന്റി ബോഡികള്‍ എന്നിവ സമൃദ്ധമായി അടങ്ങിയതിനാല്‍ കുഞ്ഞിനെ അണുബാധയില്‍നിന്ന് സംരക്ഷിക്കാനും ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സഹായിക്കും.

ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കുന്നതിലൂടെ രോഗപ്രതിരോധശേഷി കൈവരിക്കുന്നതോടൊപ്പം ടൈപ്പ്-1 പ്രമേഹം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ദഹന പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള സാധ്യത കുറയുകയും ചെയ്യുന്നു. കുഞ്ഞിന്റെ വളര്‍ച്ചക്കാവശ്യമായ അന്നജം, പ്രോട്ടീന്‍, കൊഴുപ്പ്, ലാക്ടോസ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ലവണങ്ങള്‍, എന്‍സൈമുകള്‍ തുടങ്ങിയവ കുഞ്ഞിന് ഉചിതമായ അളവിലും ദഹിക്കാന്‍ എളുപ്പമുള്ള രൂപത്തിലും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെ ശരിയായ വളര്‍ച്ചക്കും ബുദ്ധിവികാസത്തിനും ആവശ്യമായ ഘടകങ്ങളും കൃത്യമായ അളവിലുണ്ട്. മുലപ്പാല്‍ മാത്രം കുടിക്കുന്നതിലൂടെ അണുബാധ സാധ്യതയും വയറിളക്കരോഗങ്ങളും കുറക്കുന്നു.

അമ്മയും കുഞ്ഞും തമ്മിലുളള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതിനും മുലയൂട്ടല്‍ സഹായകമാകുന്നു. അമ്മയുടെ ഗര്‍ഭപാത്രം പൂര്‍വസ്ഥിതിയില്‍ എത്തുന്നതിനും ഗര്‍ഭാവസ്ഥക്ക് മുമ്പുള്ള ശരീരഭാരത്തിലേക്ക് തിരിച്ചെത്തുന്നതിനും പ്രസവശേഷമുള്ള രക്തസ്രാവം, ഗര്‍ഭധാരണം, സ്തനാര്‍ബുദം എന്നിവക്കുള്ള സാധ്യത കുറക്കുന്നതിനും മുലയൂട്ടല്‍ സഹായകരമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top