എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞു

തിരുവനന്തപുരം സിപിഐഎം സംസ്ഥാനകമ്മറ്റി ഓഫീസായ എകെജി സെന്ററിന് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രിയില്‍ 11.25 മണിയോടെ ബൈക്കിലെത്തിയ അജ്ഞാതന്‍ സ്‌ഫോടകവസ്തു എറിയുകയായിരുന്നു. ഉഗ്രശബ്ദത്തോടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചുവെന്ന് ഓഫീസിലുണ്ടായിരുന്നവര്‍ പറഞ്ഞു.

ഓഫീസിന്റെ മതിലില്‍ സ്‌ഫോടകവസ്തു പതിച്ചതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തി. വാഹനം നിര്‍ത്തിയ ശേഷം ഇയാള്‍ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നും സ്‌ഫോടകവസ്തു എറിയുന്ന ദൃശ്യങ്ങള്‍ സിസിടിവി ഫൂട്ടേജിലുണ്ട്. എകെജി സെന്ററിന്റെ പിന്‍ഭാഗത്തുള്ള എകെജി ഹാളിന്റെ ഗേറ്റിലാണ് സ്‌ഫോടനം ഉണ്ടായത്.

കുന്നുകുഴി ഭാഗത്തുനിന്ന് ഇരുചക്രവാഹനത്തിലെത്തിയ ആളാണ് കൃത്യം ചെയ്തതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്.

സംഭവമറിഞ്ഞ് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ സ്ഥലത്തെത്തി. കൂടാതെ സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി. സമീപസ്ഥലത്തുള്ള സിസിടിവി ഫൂട്ടേജുകളല്ലാം ഇന്നെ രാത്രി തന്നെ പോലീസ് പരിശോധിക്കുന്നുണ്ട്.

സംഭവമറിഞ്ഞ തിരുവനന്തപുരത്തും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ രാത്രിയില്‍ തന്നെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം പോലീസ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top