വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പുറത്തെടുത്തു

കോഴിക്കോട്: ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തു. തഹസീല്‍ദാരുടെ സാന്നിധ്യത്തിലാണ് കാക്കൂര്‍ പാവണ്ടൂര്‍ ജുമാ മസ്ജിദ് ഖബറിടത്തില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്.

കഴിഞ്ഞ മാര്‍ച്ച് ഒന്നാം തിയതിയാണ് റിഫ മെഹ്നുവിനെ ദുബായിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.നാട്ടിലെത്തിച്ച മൃതദേഹം മാര്‍ച്ച് മൂന്നിന് രാവിലെ കബറടക്കുകയായിരുന്നു.

തങ്ങളുടെ മകള്‍ക്ക് ആത്മഹത്യ ചെയ്യത്തക്ക കാരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് റിഫയുടെ രക്ഷിതാക്കളും ബന്ധുക്കളും പറയുന്നത്. മരിക്കുന്നതിന് മുന്‍പ് റിഫ വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ദുബായില്‍ വെച്ച് റിഫയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവും സുഹൃത്തുക്കളും കബളിപ്പിച്ചതായും റിഫയുടെ കുടുംബം ആരോപിച്ചിരുന്നു.

റിഫയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തിരുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് കാസര്‍കോട് നീലേശ്വരം സ്വദേശിയായ മെഹ്നാസും കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫയും പരിചയപ്പെട്ടത്. മൂന്ന് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകനുണ്ട്. കഴിഞ്ഞ ജനുവരി 24 നാണ് പര്‍ദ്ദ ഷോപ്പില്‍ ജോലിക്കായി റിഫ ദുബായിലെത്തിയത്.

Share news
error: Content is protected !!
Scroll to Top