ചെന്നൈ: നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ തമിഴ്‌നടി അറസ്റ്റില്‍. തമിഴ്, കന്നഡ ചിത്രങ്ങളിലെ താരമായ ശ്രുതി ചന്ദ്രലേഖ (22) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരില്‍ നിന്നാണ് നടി അറസ്റ്റിലായത്. 8 മാസങ്ങള്‍ക്ക് മുമ്പാണ് നടിയും ഭര്‍ത്താവിന്റെ രണ്ട് സുഹൃത്തുക്കളും, മറ്റു അഞ്ചു പേരും ചേര്‍ന്നാണ് റൊണാള്‍ഡ് പീറ്റര്‍ പ്രിന്‍സോ (35) നെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം നടി ഒളിവില്‍ പോയിരുന്നു.
ബിസിനസുകാരനായ പ്രിന്‍സോയുടെയും, ചന്ദ്രലേഖയുടേയും രണ്ടാം വിവാഹമായിരുന്നു. ബിസിനസുകാരനായ പ്രിന്‍സോ ബിസിനസ് തകര്‍ന്നതോടെ നീലച്ചിത്ര നിര്‍മ്മാണത്തിലേക്ക് തിരിയുകയായിരുന്നു. ചിത്രത്തില്‍ അഭിനയിക്കാന്‍ ചന്ദ്രലേഖയെ നിര്‍ബന്ധിക്കുകയും ചെയ്തു. ഇത് എതിര്‍ത്തതോടെ ഇരുവരും പിണങ്ങുകയും പ്രിന്‍സോ ബംഗളൂരുവിലേക്ക് പോകുകയും ചെയ്തു. എന്നാല്‍ പ്രിന്‍സോ ബിസിനസിലെ പങ്കാളികളായ ഉമാചരണ്‍, പ്രിന്‍സണ്‍ എന്നിവരെ ചതിച്ചു എന്ന് വിശ്വസിപ്പിക്കാനും ചന്ദ്രലേഖക്ക് കഴിഞ്ഞു. ഇതേ തുടര്‍ന്ന് ഉമാചരണും, പ്രിന്‍സണും, ചന്ദ്രലേഖയും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
തുടര്‍ന്ന് നടി പ്രിന്‍സോക്ക് പാലില്‍ മയക്കുമരുന്ന് നല്‍കുകയും സുഹൃത്തുക്കളുടെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
പ്രിന്‍സോയെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ നല്‍കിയ പരാതിയിലാണ് കൊലപാതക വിവരം പുറത്തായത്.



