Section

malabari-logo-mobile

മലബാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണേണ്ട  മൂടാല്‍ – കഞ്ഞിപ്പുര ബൈപാസിന്‍റെ തടസ്സങ്ങള്‍ നീക്കും : മന്ത്രി മുഹമ്മദ് റിയാസ്

HIGHLIGHTS : Blockades of Moodal-Kanjipura Bypass to solve traffic jam in Malabar will be removed: Minister Muhammad Riaz

കോഴിക്കോട് – തൃശൂര്‍ ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവും ഗതാഗത കുരുക്കുള്ള വളാഞ്ചേരി നഗരവും ഒഴിവാക്കി യാത്രചെയ്യാവുന്ന കഞ്ഞിപ്പുര- മൂടാല്‍ ബൈപാസ് റോഡ് വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു.

2012 ലാണ് മൂടാല്‍ – കഞ്ഞിപ്പുര ബൈപാസിന് ഭരണാനുമതി ലഭ്യമാകുന്നത്. സ്ഥലം ഏറ്റെടുത്ത് വളവുകളും കയറ്റങ്ങളും കുറച്ച് വീതികൂട്ടിയാണ് റോഡ് വിഭാവന ചെയ്തത്. ഭൂമിയേറ്റെടുക്കുന്നതിന് 10 കോടി രൂപയും റോഡ് പ്രവൃത്തിക്ക് 15 കോടി രൂപയും അനുവദിച്ചിരുന്നു.

sameeksha-malabarinews

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2014 ലാണ് ഒരു വര്‍ഷത്തെ കാലാവധിയില്‍ കരാറുകാരന്‍ പ്രവൃത്തി ഏറ്റെടുത്തത്. എന്നാല്‍ നഷ്ടപരിഹാരം ലഭ്യമാക്കാതെ പ്രവൃത്തി നടത്താന്‍ പറ്റില്ലെന്ന പ്രദേശവാസികളുടെ ആവശ്യം കാരണം അന്ന് പ്രവൃത്തി ആരംഭിക്കുവാന്‍ സാധിച്ചില്ല.

തുടര്‍ന്ന് 2015 ല്‍ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗതീരുമാന പ്രകാരം ലഭ്യമായ 1.85 കിലോമീറ്റര്‍ റോഡില്‍ പ്രവൃത്തി നടത്താന്‍ തീരുമാനിച്ചു. 2016 ജനുവരി മാസത്തില്‍ കരാറുകാരന് പ്രസ്തുത സ്ഥലം കൈമാറി. തുടര്‍ന്ന് 3 കള്‍വര്‍ട്ട്, സൈഡ് പ്രൊട്ടക്ഷന്‍ എന്നിവ  പൂര്‍ത്തിയാക്കി 1.16 കോടി രൂപയുടെ പ്രവൃത്തി ചെയ്തു. ഇതിനിടെ കരാര്‍ കാലാവധി കഴിയുകയും ഷെഡ്യൂള്‍ ഓഫ് റേറ്റില്‍ വ്യത്യാസം വരുകയും ചെയ്തതിനാല്‍ ബാക്കി പ്രവൃത്തിക്ക് കരാറുകാരന്‍ അധിക തുക ആവശ്യപ്പെട്ടു. പ്രവൃത്തി മുന്നോട്ട് പോകാത്ത സ്ഥിതി വരികയും കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്യുകയും ചെയ്തു.

തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ജി സുധാകരന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥലമേറ്റെടുക്കല്‍ പ്രവൃത്തി ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചു. 2016, 2018 വര്‍ഷങ്ങളില്‍ സ്ഥലമേറ്റെടുക്കാനുള്ള മുഴുവന്‍ തുകയ്ക്കും ഭരണാനുമതി നല്‍കി.

സ്ഥലമേറ്റെടുത്ത് പൂര്‍ത്തിയാക്കി റോഡ് പ്രവൃത്തിക്കുള്ള നടപടികള്‍ ആരംഭിച്ചു.
2020 ല്‍ 13.43 കോടി രൂപ വിനിയോഗിച്ച് മൂടാല്‍ – കഞ്ഞിപ്പുര ബൈപാസിന്‍റെ ബാക്കിയുള്ള  പ്രവൃത്തി ആരംഭിച്ചു. കലുങ്ക്, പ്രൊട്ടക്ഷന്‍ വാള്‍, ഡ്രൈനേജ് എന്നിവ ഉള്‍പ്പെടുത്തി 7 മീറ്റര്‍ വീതിയില്‍ 8 മാസം കൊണ്ട് റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കണം എന്നായിരുന്നു കരാര്‍.

ആകെയുള്ള ആറ് കിലോമീറ്റര്‍ റോഡില്‍ ഇതുവരെ 3 കിലോമീറ്റര്‍ റോഡിന്‍റെ പ്രവൃത്തി മാത്രമാണ് പൂര്‍ത്തീകരിച്ചത്. ബാക്കി മൂന്ന് കിലോമീറ്ററില്‍ കള്‍വര്‍ട്ട്, പ്രൊട്ടക്ഷന്‍ വാള്‍ തുടങ്ങിയ പ്രവൃത്തി പുരോഗമിക്കുന്നതേയുള്ളു.

പൊതുമരാമത്ത് വകുപ്പിന്‍റെ ചുമതലയേറ്റെടുത്ത ശേഷം ഈ റോഡിന്‍റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മന്ത്രിക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന്  2021 സെപ്റ്റംബര്‍ 30ന് മന്ത്രി നേരിട്ട് ബൈപാസ് സന്ദര്‍ശിച്ചിരുന്നു.

ഇന്ന് ചേര്‍ന്ന യോഗത്തില്‍ ബാക്കിയുള്ള 3 കിലോമീറ്ററില്‍ വേഗത്തില്‍ തന്നെ ടാറിംഗ് പ്രവൃത്തി നടത്താന്‍ തീരുമാനിച്ചു. ബൈപാസിന്‍റെ തുടര്‍നിര്‍മ്മാണം സംബന്ധിച്ച കാര്യങ്ങള്‍ ധനകാര്യവകുപ്പുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

യൂട്ടിലിറ്റി ഷിഫ്റ്റിംഗിന്‍റെ കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. മൂടാല്‍ – കഞ്ഞിപ്പുര ബൈപാസ് യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ട എല്ലാ ശ്രമവും നടത്തുന്നതാണെന്ന് മന്ത്രി പറഞ്ഞു.

ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!