Section

malabari-logo-mobile

തല ചായ്ക്കാന്‍ വീടായി: അന്ധ ദമ്പതികള്‍ക്ക് ഇത് സ്വപ്ന സാക്ഷാത്കാരം

HIGHLIGHTS : കാഴ്ചയില്ലാത്ത ലോകത്ത് ഒറ്റയായ ചക്കിയും അമ്മ മാത്രം ആശ്രയമായ ഏലിയാസും സുഹൃത്തുക്കളാകുന്നത് അരീക്കോട് കീഴ്പറമ്പിലെ അഗതിമന്ദിരത്തില്‍ വെച്ചാണ്. തന്നി...

കാഴ്ചയില്ലാത്ത ലോകത്ത് ഒറ്റയായ ചക്കിയും അമ്മ മാത്രം ആശ്രയമായ ഏലിയാസും സുഹൃത്തുക്കളാകുന്നത് അരീക്കോട് കീഴ്പറമ്പിലെ അഗതിമന്ദിരത്തില്‍ വെച്ചാണ്. തന്നിലെ ഗായകനെ തിരിച്ചറിഞ്ഞ ചക്കിയെ ഏലിയാസ് തന്റെ ജീവിത
സഖിയാക്കി. അന്നു മുതല്‍ തല ചായ്ക്കാന്‍ സുരക്ഷിതമായൊരിടം നോക്കുകയാണ് ഇരുവരും. ലോട്ടറി വിറ്റും തെരുവില്‍ പാട്ടു പാടിയുമാണ് വീട്ടുവാടകക്കും ജീവിതം കരുപ്പിടിപ്പിക്കുന്നതിനുമുള്ള വരുമാനം കണ്ടെത്തിയിരുന്നത്. ഇവരുടെ ദയനീയാവസ്ഥ കേട്ടറിഞ്ഞ പെരിന്തല്‍മണ്ണ നഗരസഭ, ആശ്രയ കുടുംബങ്ങള്‍ക്കായി ജൂബിലി റോഡിലെ കാഞ്ഞിരക്കുന്ന് കോളനിയില്‍ നിര്‍മ്മിച്ചു നല്‍കിയ ‘സ്നേഹഭവനത്തിലെ’ ഒരു വീട് നല്‍കി. വീടിന്റെ
താക്കോല്‍ ദാനം നഗരസഭാ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം നിര്‍വ്വഹിച്ചു.

2015 ലാണ് ആശ്രയ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സുസ്ഥിര വികസന പദ്ധതി നഗരസഭ ആവിഷ്‌കരിച്ചത്. തൊട്ടടുത്ത വര്‍ഷങ്ങളില്‍ വിശദ പദ്ധതി രേഖയും ഇതിനുള്ള ഏഴ് ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡി പി ആര്‍ സമര്‍പ്പിക്കുകയും ചെയ്തു. ആശ്രയ കുടുംബത്തില്‍ ഉള്‍പ്പെടുത്തിയാണ് മാനത്ത് മംഗലം താമരത്ത് കോളനിയിലെ
അന്ധ ദമ്പതികളായ താമരത്ത് ചക്കിക്കും, ഏലിയാസ് ഇല്ലിച്ചാലിനും
സ്നേഹഭവനത്തില്‍ വീട് നല്‍കിയത്. മൂന്ന് ഫ്ളാറ്റുകളിലായി നാല് വീടുകള്‍ വീതം 12 വീടുകളാണ് ഈ ഫ്ളാറ്റ് സമുച്ചയത്തിലുള്ളത്. ഒരു ഹാള്‍, ബെഡ്റൂം, അടുക്കള, ടോയ്ലറ്റ്, എന്നിങ്ങനെ 392 സ്‌ക്വയര്‍ ഫീറ്റില്‍ ഉള്ള സൗകര്യങ്ങള്‍ ഉണ്ട്. 75 ലക്ഷം രൂപയാണ് ആകെ നിര്‍മ്മാണ ചെലവ്. നഗരസഭയുടെ സ്നേഹത്തണലില്‍ തല ചായ്ക്കാന്‍ ഇടം ലഭിച്ച ഇരുവരും സന്തോഷത്തിലാണ്. ഒരു കേന്ദ്രത്തിലിരുന്ന് ജോലി ചെയ്യാനാവണം എന്നതാണ്
ഇരുവരുടെയും ആഗ്രഹം. മലയാളത്തില്‍ ബിരുദമുള്ള ഏലിയാസ് സ്പോക്കണ്‍ ഇംഗ്ലീഷില്‍ വിവിധ കോഴ്സുകള്‍ പാസായിട്ടുണ്ട്. യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച രൂപത്തില്‍ ഇംഗ്ലീഷും മലയാളവും ട്യൂഷന്‍ എടുക്കാന്‍ ഏലിയാസിനു കഴിയും. ഏഴാം ക്ലാസുവരെ ദീപാലയ ബ്ലൈന്‍ഡ് സ്‌കൂളില്‍ പഠിച്ച ചക്കിക്ക് ചവിട്ടി നിര്‍മ്മാണം, ചന്ദന തിരി നിര്‍മ്മാണം എന്നിവയിലും പ്രാവീണ്യം ഉണ്ട്. ഇരുവര്‍ക്കുമിഷ്ടപ്പെട്ട ജോലിയില്‍ സഹായം നല്‍കി പുനരധിവസിപ്പിക്കുമെന്നും നഗരസഭ ഉറപ്പു നല്‍കി.
ചക്കിയും ഏലിയാസും അടുത്തയാഴ്ച സ്നേഹ ഭവനത്തിലേക്ക് താമസം മാറുകയാണ്.

sameeksha-malabarinews

പുതിയ അയല്‍ക്കാര്‍ ആശ്രയമാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. ഇവര്‍ക്കുള്ള മറ്റ് ഒമ്പത് ആശ്രയ കുടുംബങ്ങളുടേയും ഗൃഹപ്രവേശനവും ഇതോടനുബന്ധിച്ച് നടന്നു. സ്നേഹഭവനത്തിലെ ‘പുതിയ അതിഥികള്‍ ‘ക്ക് അന്തേവാസികളും ഉപഹാരം നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!