ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോര്‍ മേഖലയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ബാരാമുള്ള ജില്ലയിലെ സോപോര്‍ പട്ടണത്തിലെ ഷേര്‍ കോളനിയില്‍ ആക്രിക്കടയിലാണ് സ്ഫോടനം ഉണ്ടായത്.
സംഭവം നടക്കുന്ന സമയത്ത് ചിലര്‍ ട്രക്കില്‍ നിന്ന് ആക്രി സാധനങ്ങള്‍ ഇറക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് രണ്ട് പേര്‍ പിന്നീട് മരണത്തിന് കീഴടങ്ങി, നസീര്‍ അഹമ്മദ് നദ്രൂ (40), ആസിം അഷ്റഫ് മിര്‍ (20), ആദില്‍ റഷീദ് ഭട്ട് (23), മുഹമ്മദ് അസ്ഹര്‍ (25) എന്നിവരാണ് മരിച്ചത്.
കൊല്ലപ്പെട്ടവരെല്ലാം ഷേര്‍ കോളനി നിവാസികളാണ്. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഫോറന്‍സിക് വിദഗ്ധര്‍, പോലീസ്, ആര്‍മി എന്നിവരടങ്ങുന്ന സംയുക്ത അന്വേഷണ സംഘം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ക്കായി തിരച്ചില്‍ നടത്താന്‍ ബോംബ് നിര്‍വീര്യ സേനയെയും നിയോഗിച്ചിട്ടുണ്ട്.




