കേളകത്ത് അടയ്ക്കാത്തോട് മലവെള്ളപ്പാച്ചില്‍;അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കണ്ണൂര്‍: കേളകത്ത് അടയ്ക്കാത്തോട് മലവെള്ളപ്പാച്ചില്‍. കൊട്ടിയൂര്‍, മന്നംചേരി, ചെട്ടിയാംപറമ്പ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. 7 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി. ഇതുവരെ ആളപായമോ കനത്ത നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ശാന്തിഗിരി മേഖലയിലെ വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അതെസമയം വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് തീവ്രമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്.

അതേസമയം, വയനാട് പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ ഡാമില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു. ഡാമിലെ ജലനിരപ്പ് 773.50 മീറ്റര്‍ ആയി ഉയര്‍ന്നു. സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. പനമരം ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

കനത്തമഴ തുടരുന്നതിനാല്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചതായി ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top