കൊച്ചി: നടി ഷമ്‌നാ കാസിമിനെ ബ്ലാക്‌മെയില്‍ ചെയ്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പാലക്കാട് സ്വദേശിയായ മുഹമ്മദ് ഷെരീഫാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതി അറസ്റ്റിലായത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ സഞ്ചരിച്ച കാറും കണ്ടെത്തി. കേസില്‍ ഇതുവരെ ഏഴു പ്രതികളാണ് പിടിയിലായത്. പരസ്യം ചെയ്ത് പെണ്‍കുട്ടികളെ വിളിച്ചുവരുത്തിയിരുന്നത് ഷെരീഫ് ആണെന്ന് പൊലീസ് പറഞ്ഞു.
അഞ്ചാം പ്രതിയായ അബ്ദുള്‍ സലാം ഇന്നവെ കീഴടങ്ങിയിരുന്നു. കേസിലെ പ്രതികള്‍ക്കെതിരെ ഇന്ന് പൊലീസ് മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയിരുന്നു.
ഷമ്‌നയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയില്‍ പകര്‍ത്തിയ ശേഷം പണം തന്നില്ലെങ്കില്‍ കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഘം വിവാഹാലോചനയുമായാണ് ഷമ്‌നയുടെ വീട്ടിലെത്തിയത്.
ഈ കേസിലെ പ്രതികള്‍ സിനിമ, സീരിയല്‍, മോഡലിങ്, ഇവന്റ് മാനേജ്‌മെന്റ് രംഗത്തെ കൂടുതല്‍ പെണ്‍കുട്ടികളെ തട്ടിപ്പിന് ഇരയാക്കിയതായാണ് സൂചന. ഷമ്‌ന കാസിമിന്റെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.




