തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Untitled-1 copyതലശേരി: തലശ്ശേരിയില്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. കതിരൂര്‍ പത്തായക്കുന്നില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ പത്തായക്കുന്ന് ചമ്പാടന്‍കണ്ടി മാധവന്റെ മകന്‍ നിഖിലിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും അയല്‍വാസിയും സഹപ്രവര്‍ത്തകനുമായിരുന്ന തെക്കുമ്പാട് പൊയില്‍ അജയന്റെ മകന്‍ അമിത്തിനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പത്തായക്കുന്ന് മൂഴിവയല്‍ കനാല്‍കാവില്‍ തെയ്യം കണ്ടു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരെയും അഞ്ചംഗ സി പി എം സംഘം വീടിനു സമീപത്തെ ഇടവഴിയില്‍ വച്ച് വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നുവെന്നു ബി ജെ പി കേന്ദ്രങ്ങള്‍ പറഞ്ഞു. നിഖിലിന്റെ പുറത്തും തലയ്ക്കും വെട്ടേറ്റിട്ടുണ്ട്. കൈകാലുകള്‍ ഇരുമ്പുവടി കൊണ്ട് അടിച്ചു തകര്‍ത്ത നിലയിലാണ്.

അമിത്തിന്റെ കാലിനും കൈയ്ക്കും വെട്ടേറ്റു. കൈ അടിച്ചു തകര്‍ത്തു. പരിക്കേറ്റ ഇരുവരെയും ബഹളംകേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷകള്‍ക്കു ശേഷം നിജിലിനെ കോഴിക്കോട്ടേക്കു കൊണ്ടുപോവുകയുമായിരുന്നു.

അക്രമത്തില്‍ പ്രതിഷേധിച്ച് പത്തായക്കുന്ന് ടൗണില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. അക്രമം നടന്നയുടന്‍ കതിരൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ കുട്ടിക്കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പ്രതികള്‍ക്കായി വ്യാപകമായി റെയ്ഡ് നടത്തിയെങ്കിലും ആരെയും പിടികൂടാനായില്ല. സംഭവത്തില്‍ അഞ്ചു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കതിരൂര്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു.

Share news
error: Content is protected !!
Scroll to Top