കോഴിക്കോട് : സാമൂഹ്യപ്രവര്‍ത്തകയായ ബിന്ദു അമ്മിണിക്കെതിരെ ക്രൂരമായ ആക്രമണം. കോഴിക്കോട് ബീച്ചില്‍ വെച്ചാണ് ആക്രമണം നടന്നത്. ബുധനാഴ്ച വൈകീട്ടാണ് ആക്രമണം നടന്നത്. ആക്രമണം നടത്തിയ ആളെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണ് ആക്രമണം നടത്തിയതായി പോലീസ് പറയുന്നത്. ബിന്ദു അമ്മിണിയുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. ആക്രമണത്തിനിടെ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഇയാള്‍ക്കെതിരെ അടിപിടി, സ്ത്രീകളെ അപമാനിക്കല്‍,323,509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് വെള്ളയില്‍ പോലീസ് കേസെടുത്തത്.
മറ്റൊരു കേസുമായി ബന്ധപ്പെട്ട് കാറില്‍ മറ്റു സ്ത്രീകള്‍ക്കൊപ്പം കോഴിക്കോട് ബീച്ചിലെത്തിയപ്പോളാണ് സംഭവം നടന്നത്. കുറച്ചാളുകള്‍ ഇവരുടെ കാര്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുകയും പിന്നീട് അക്രമികള്‍ ബിന്ദുവിന് നേരെ തിരിയുകയുമായിരുന്നു. ഇതില്‍ ഒരാള്‍ ബിന്ദുവിന്റെ കഴുത്ത് പിടിച്ച് തിരിക്കുകയും താഴെ തള്ളിയിട്ട് മര്‍ദ്ധിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഇത് പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.



