ബിഗ് ബോസ് ഷോയില്‍ കണ്ണില്‍ മുളക് തേക്കല്‍: ഡോ. രജിത് കുമാറിനെതിരെ കേസെടുത്തേക്കും

നടന്‍ മോഹന്‍ലാല്‍ അവതാരകനായ റിയാലിറ്റി ഷോ ബിഗ് ബോസ് സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥി ഡോ.രജിത് കുമാറിനെതിരെ കേസെടുത്തേക്കും. ഷോയിലെ 66ാം എപ്പിസോഡിലെ അനിഷ്ടസംഭവങ്ങളുടെ പേരിലായിരിക്കും കേസെടുക്കുക. ഷോയുടെ ഭാഗമായുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളായി മത്സരാര്‍ത്ഥികള്‍ മാറുന്ന ടാസ്‌കില്‍ ക്ലാസ് മുറിയില്‍ വെച്ച് സഹ മത്സരാര്‍ത്ഥിയായ രേഷ്മ രാജന്റെ കണ്ണിലാണ് പച്ചമുളക് പേസ്റ്റാക്കി തേച്ചുപിടിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് രജിത്തിനെ ഷോയില്‍ നിന്നും താ്ത്ക്കാലികമായി പുറത്താക്കിയിരിക്കുകയാണ്.

ഒരു സ്ത്രീയുടെ കണ്ണില്‍ മുളക് തേക്കുക എന്നത് നമ്മുടെ രാജ്യത്ത് ശിക്ഷാര്‍ഹമായ കുറ്റമാണ്. പരാതിയില്ലെങ്ങില്‍ പോലും ഇത്തരത്തില്‍ ഒരാളെ ആക്രമിച്ചാല്‍ പോലീസിന് സ്വമേധയാ കേസെടുക്കാവുന്നതാണ്. ഷോയിലൂടെ ഈ രംഗങ്ങള്‍ ആയിരക്കണക്കിന് ആളുകള്‍ കണ്ട് കഴിഞ്ഞതോടെ ഈ വിഷയത്തില്‍ നടപടിയടുക്കാതെ മാറിനില്‍ക്കാന്‍ പോലീസിനാകില്ല. ഷോ ഷൂട്ട് ചെയ്ത സ്ഥലത്തുള്ള സ്‌റ്റേഷനിലായിരിക്കും കേസ് രജിസ്റ്റര്‍ ചെയ്യുക.
ഈ ഷോയില്‍ ഏറ്റവും അധികം പിന്തുണയുള്ള മത്സരാര്‍ത്ഥിയാണ് രജിത്. ഒരു സമയത്ത് ബിഗ് ബോസ് വീട്ടില്‍ എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട ഇദ്ദേഹം സഹതാപം പിടിച്ചുപറ്റിയാണ് പുറത്ത് സ്വീകാര്യത വര്‍ദ്ധിപ്പിച്ചത്. രജിത്തിനുവേണ്ടി പുറത്ത് ഫാന്‍സ് ഗ്രൂപ്പുകളും, വാട്ടസ് ആപ്പ് ആര്‍മിയുമൊക്കെ സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്.

വീടിനകത്ത് ഗായികമാരായ അമൃത, അഭിരാമി, ആര്‍ജെ രഘു, മോഡല്‍ സുജോ എന്നിവരും രജിത്തിന്റെ സ്വന്തം ആളുകളാണ്. രജിത്തിന്റെ ഈ കടുത്ത പ്രവര്‍ത്തിയില്‍ വീടിനകത്തുള്ള ഇവര്‍ പോലും ചെയ്തത് തെറ്റാണ് എന്ന അഭിപ്രായം ഉയര്‍ത്തിയിരുന്നു. എന്നാല്‍ പുറത്തുള്ള ഫാന്‍സ് ഇപ്പോഴും വിശ്വസിക്കുന്നത് ഇത് ഗെയിമിന്റെ ഭാഗമാണെന്നും രജിത്ത് ഗ്ലിസറിനാണ് കണ്ണില്‍ തേച്ചതെന്നും അദ്ദേഹം തിരിച്ചുവന്ന് വിജയിക്കുമെന്നുമാണ്. ഇവര്‍ ഒരിക്കലും രജിത്ത് ചെയ്ത ക്രിമനില്‍ കുറ്റത്തെ കുറിച്ച് ചിന്തിക്കുന്നുപോലുമില്ല.

 

Related Articles