മുംബൈ:രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് സമാപിക്കും. യാത്രയുടെ സമാപനത്തിന്റെ ഭാഗമായി മുംബൈയില്‍ ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണിയുടെ ശക്തി പ്രകടന റാലി വൈകിട്ട് അഞ്ചുമണിയോടെ ശിവാജി പാര്‍ക്കില്‍ നടക്കും.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, എസ് പി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് അടക്കമുള്ള നേതാക്കള്‍ ഇന്ന് പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട് . രാവിലെ 8 മണിയോടെ മഹാത്മാഗാന്ധിയുടെ ഭവനമായ മണിഭവനില്‍ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ന്യായ് സങ്കല്‍പ് പദയാത്ര നടത്തും . വിവിധ മേഖലകളില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ വ്യക്തികളുമായി തേജ്പാല്‍ ഹാളില്‍ വച്ച് രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. 15 സംസ്ഥാനങ്ങളിലൂടെ ആയിരത്തി അറുന്നൂറിലേറെ കിലോമീറ്റര്‍ താണ്ടിയാണ് ഭാരത് ജോഡോ ന്യായ് യാത്ര മുംബൈയിലെത്തിയത്.
പ്രിയങ്കാ ഗാന്ധി, അശോക് ഗെലോട്ട് , കെസി വേണുഗോപാല്‍, രമേശ് ചെന്നിത്തല അടക്കം നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു.




