കോഴിക്കോട്:12 വര്‍ഷം സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കോഴിക്കോട് വെള്ളിമാടുകുന്നില്‍ പ്രവര്‍ത്തിക്കുന്ന, പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള
ആശ ഭവനിലെ അന്തേവാസിയായിരുന്ന കോയമ്പത്തൂര്‍ സ്വദേശി ഭദ്രന്‍ ഒടുവില്‍ നാട്ടിലേക്ക്.
ഭദ്രന്റെ വീടിനെക്കുറിച്ചോ നാടിനെക്കുറിച്ചോ അധികൃതര്‍ക്ക് ഒന്നുമറിയാത്ത അവസ്ഥയിലാണ്
സാമൂഹ്യ പ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്‍ ഉദ്യോഗസ്ഥനുമായ ശിവന്‍ കോട്ടൂളി സഹായത്തിനെത്തുന്നത്. ശിവന്റെ സഹായത്തോടെ പോലീസ് സ്റ്റേഷനുകള്‍ വഴി അന്വേഷിച്ചപ്പോള്‍ 56-കാരനായ ഭദ്രന്‍ കോയമ്പത്തൂര്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.
സ്വന്തം കുടുംബത്തില്‍ ആരും ഏറ്റെടുക്കാന്‍ ഇല്ലാത്തതിനാല്‍
കോയമ്പത്തൂര്‍ സാമൂഹ്യക്ഷേമ ഓഫീസറുമായി ശിവന്‍ ബന്ധപ്പെടുകയും തുടര്‍ന്ന്
കോയമ്പത്തൂരിലെ യൂണിവേഴ്‌സല്‍ പീസ് ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. ഇതിന് സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ 24 ന് ഭദ്രന്‍ സ്വദേശത്തേക്ക് മടങ്ങും.
‘മേട്ടുപാളയം പോലീസ് വഴി നടത്തിയ അന്വേഷണത്തിലാണ് ഭദ്രന്റെ വീട് കണ്ടെത്തിയത്,’ ശിവന്‍ കോട്ടൂളി പറഞ്ഞു. 50 ഓളം അന്തേവാസികളുള്ള ആശ ഭവനിലെ ഏറ്റവും ശാന്തനായ ആളായിരുന്നു ഭദ്രനെന്ന് സ്ഥാപനത്തിന്റെ സൂപ്രണ്ട് ഡോ. എം ഐശ്വര്യ പ്രതികരിച്ചു. ‘ആഘോഷവേളകളില്‍ തമിഴ് ശൈലിയിലുള്ള ഡാന്‍സ് ആയിരുന്നു ഭദ്രന്റെ പ്രത്യേകത,’ അവര്‍ പറഞ്ഞു.
ചൊവ്വാഴ്ച ആശ ഭവന്‍ അധികൃതര്‍ ഭദ്രന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.




