HIGHLIGHTS : Beypore Water Fest Season 4 concludes with a bang
ബേപ്പൂരിലും ചാലിയത്തും കടലിലും കരയിലും ആകാശത്തും സാഹസികതയുടെയും വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും വിസ്മയ വിരുന്നൊരുക്കി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് നാലാം സീസണിന് ഉജ്വല പരിസമാപ്തി. കടലിന്റെ ഓളപ്പരപ്പില്‍ സാഹസിക കായിക വിനോദത്തിന്റെ വശ്യദൃശ്യങ്ങള്‍ ഇതള്‍ വിരിഞ്ഞപ്പോള്‍, വ്യോമസേനാ ഹെലികോപ്റ്ററുകളുടെ അഭ്യാസ പ്രകടനങ്ങള്‍ ആകാശത്ത് ഉദ്വേഗത്തിന്റെയും കൗതുകത്തിന്റെയും കാഴ്ചകള്‍ നിറച്ചു. ബേപ്പൂര്‍ മറീനയ്ക്കു മുകളില്‍ നൂറുകണക്കിന് ഡ്രോണുകള്‍ എംടി വാസുദേവന്‍ നായരുടെ ചിത്രംവരച്ചു. അത് താഴെ ജനസമുദ്രത്തിന്റെ മനസ്സില്‍ ഓര്‍മകളുടെ കടലിരമ്പം തീര്‍ത്തു. പ്രദേശത്തെ അക്ഷരാര്‍ഥത്തില്‍ ശ്വാസം മുട്ടിച്ചുകൊണ്ട് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ആബാല വൃദ്ധം ജനങ്ങള്‍ക്ക് എന്നും ഓര്‍ത്തുവയ്ക്കാവുന്ന മനോഹര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ബേപ്പൂര്‍ ഫെസ്റ്റിന്റെ നാലാം സീസണിന് കൊടിയിറങ്ങിയത്.
അന്താരാഷ്ട്ര ജല സാഹസിക കായിക ടൂറിസത്തിന്റെ ഭൂപടത്തില്‍ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിനെ കൂടുതല്‍ അടയാളപ്പെടുത്തുന്നതായിരുന്നു നാലാം സീസണ്‍. അനുബന്ധമായി നടന്ന അന്താരാഷ്ട്ര കൈറ്റ് ഫെസ്റ്റിവലും നാവിക തീരദേശ സംരക്ഷണ സേനകളുടെ കപ്പല്‍ കാഴ്ചകളും സാഹസിക പ്രകടനങ്ങളിലൂടെ കാണികളെ വിസ്മയിപ്പിച്ച പാരമോട്ടറിങ്ങും ഫ്‌ലൈ ബോര്‍ഡ് ഡെമോയും ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ചു. പ്രാദേശിക മത്സ്യതൊഴിലാളികളുടെ വീറും വാശിയും പ്രദര്‍ശിപ്പിച്ച ചൂണ്ടയിടല്‍, വലയെറിയല്‍, നാടന്‍ വെള്ളംകളി, ഡിങ്കി ബോട്ട് മത്സരങ്ങളും വലിയ കയ്യടി നേടി. വൈവിധ്യമാര്‍ന്ന നാട്ടു രുചികള്‍ മുതല്‍ വിവിധ ദേശങ്ങളിലെ രുചിഭേദങ്ങളും രുചിയിലെ പുതു തരംഗങ്ങളും അണിനിരത്തിയ ഫുഡ് ഫെസ്റ്റിവല്‍ ഭക്ഷണപ്രേമികള്‍ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിച്ചു. മലയാളത്തിന്റെ പ്രിയ ഗായകരായ വിനീത് ശ്രീനിവാസന്‍, ജോത്സനാ രാധാകൃഷ്ണന്‍, കെ.എസ്. ഹരിശങ്കര്‍ തുടങ്ങിയവര്‍ നയിച്ച സംഗീത നിശ നിറഞ്ഞ കരഘോഷത്തോടെയാണ് ആസ്വാദകര്‍ നെഞ്ചേറ്റിയത്. പോലീസിന്റെ ഭാഗത്തുനിന്നുള്ള കൃത്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ മേളയെ കുറ്റമറ്റതാക്കി. കൃത്യമായ ഗതാഗത നിയന്ത്രണം, പാര്‍ക്കിംഗ് സംവിധാനം, തിരക്ക് നിയന്ത്രണം എന്നിവ ഏര്‍പ്പെടുത്തിയതും ചാലിയത്തേക്ക് പ്രത്യേക ജങ്കാര്‍ സര്‍വീസ് ഏര്‍പ്പെടുത്തിയതും ജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമായി.
ബേപ്പൂര്‍ മറീന തീരത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണ നേതൃത്വവും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. സമാപന ചടങ്ങിന് മുന്നോടിയായി ബേപ്പൂര്‍ തുറമുഖത്തു നിന്നും ആരംഭിച്ച് സമാപന വേദിയായ മറീന ബീച്ചില്‍ അവസാനിച്ച വര്‍ണശമ്പളമായ ഘോഷയാത്രയില്‍ മന്ത്രിയും ജനപ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സമാപന ചടങ്ങും തുടര്‍ന്ന് വിനീത് ശ്രീനിവാസിന്റെ നേതൃത്വത്തില്‍ നടന്ന സംഗീത നിശയും ഡ്രോണ്‍ ഷോയും കാണാനും കേള്‍ക്കാനുമായി പതിനായിരക്കണക്കിന് ആളുകളാണ് ബേപ്പൂരിലേക്ക് ഒഴുകിയെത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു