ഡേറ്റിങ് ആപ്പിലൂടെ പൈലറ്റ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; ആലപ്പുഴ സ്വദേശിനിയില്‍നിന്ന് 10 ലക്ഷം തട്ടിയ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍

പൈലറ്റ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആലപ്പുഴ സ്വദേശിയായ യുവതിയുടെ പക്കല്‍ നിന്നും പണം തട്ടിയ നൈജീരിയക്കാരന്‍ അറസ്റ്റിലായി. എനുക അരിന്‍സി ഇഫെന്ന എന്ന നൈജീരിയന്‍ പൗരനെയാണ് ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് ഡല്‍ഹി ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും പിടികൂടിയത്. പിടിയിലായ നൈജീരിയന്‍ പൗരന്‍ ഓണ്‍ലൈന്‍ പണം തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ്.

ആലപ്പുഴ സ്വദേശിനിയായ യുവതി ഡേറ്റിങ് ആപ്പിലൂടെയാണ് പ്രതിയെ പരിചയപ്പെടുന്നത്. യു എസില്‍ പൈലറ്റ് ആണെന്നും ഇന്ത്യക്കാരിയായ യുവതിയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞുവിശ്വസിപ്പിച്ച് പ്രതി യുവതിയുമായി അടുപ്പത്തിലായി.

പിന്നീട് ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്നും കൊണ്ടുവന്ന ഡോളര്‍ എക്‌സ്‌ചേഞ്ച് ചെയ്യാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി യുവതിയില്‍ നിന്നും പ്രതി 10ലക്ഷം രൂപ ആവശ്യപ്പെട്ടു. വീണ്ടും 11ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടത്തോടെ യുവതി പണം അയയ്ക്കാന്‍ ബാങ്കിലെത്തിയപ്പോള്‍ സംശയം തോന്നിയ ബാങ്ക് മാനേജര്‍ വിവരം പൊലീസിനെ അറിയിച്ചതോടെയാണ് തട്ടിപ്പു പുറത്തറിഞ്ഞത്.

ആലപ്പുഴ സൈബര്‍ സി ഐ എം കെ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം നോയിഡയില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്. ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പണം സ്വീകരിച്ച്, ഉടന്‍ തന്നെ തുക നൈജീരിയന്‍ അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു ഇയാളെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ് പറഞ്ഞു. പ്രതിയെ ഇന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

 

Share news
error: Content is protected !!
Scroll to Top