കോവിഡ്കാല നഷ്ടം നികത്താന്‍ ബിയറിന് ആയുസ്സ് നീട്ടുന്നു

തിരുവനന്തപുരം: കോവിഡുണ്ടാക്കിയ നഷ്ടം നികത്താന്‍ ബ്രൂവറികള്‍ ബിയറിന്റെ ഉപയോഗ കാലാവധി നീട്ടുന്നു. ഒരു വര്‍ഷംവരെ സൂക്ഷിക്കാന്‍ കഴിയുന്ന ബിയറുകള്‍ വില്‍പ്പനയ്‌ക്കെത്തി. നിലവില്‍ ആറുമാസമായിരുന്നു കാലാവധി. കോവിഡ് ലോക്ക്ഡൗണില്‍ ഷോപ്പുകള്‍ അടച്ചിട്ടപ്പോള്‍ ഇവ കേടായതുകാരണം വന്‍ നഷ്ടമാണ് കമ്പനികള്‍ക്കുണ്ടായത്.

ഇതിനിടെയാണ് ഒരു വര്‍ഷത്തെ കാലാവധിയുള്ള ബിയറുകളുമായി രണ്ടു കമ്പനികള്‍ എത്തിയത്. ഇവയ്ക്ക് ആദ്യം ബിവറേജ് കോപ്പറേഷന്‍ അനുമതി നിഷേധിച്ച് എക്‌സൈസിന്റെ നിയമോപദേശം
തേടി. അബ്കാരി നിയമപ്രകാരം ബിയറിന് കാലാവധി നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു മറുപടി. കാലാവധി രേഖപ്പെടുത്തണമെന്നുമാത്രമാണ് ഭക്ഷ്യസുരക്ഷാ നിയമത്തിലുള്ളത്. ആറുമാസത്തിനുള്ളില്‍ ഉപയോഗിക്കണമെന്ന് ബിയര്‍ നിര്‍മ്മാതാക്കളാണ് നിഷ്‌കര്‍ഷിച്ചിരുന്നത്. ലേബലിലും ഇക്കാര്യം രേഖപ്പെടുത്തിയിരുന്നു. ഇത് പരിഗണിച്ചാണ് എക്‌സൈസും ബിവറേജസ് കേര്‍പ്പറേഷനം ആറുമാസമായി ബിയറിന്റെ കാലാവധി നിശ്ചയിച്ചിരുന്നത്. നിലപാട് മാറ്റിയ ബിവറേജസ് കോര്‍പ്പറേഷന്‍ രാസപരിശോധനാഫലവും കമ്പനി ഹാജരാക്കിയ രേഖകളും പരിഗണിച്ച് പുതിയ ബ്രാന്‍ഡുകള്‍ക്ക് വില്‍പ്പനാനുമതി നല്‍കി.

നഷ്ടം നേരിട്ട മറ്റു ബിയര്‍ കമ്പനികളും ഇതേ വഴിക്ക് നീങ്ങുകയാണ്. രാസപരിശോധനയ്ക്കു ശേഷമേ തുടര്‍ന്ന് വില്‍പ്പനാനുമതി നല്‍കുകയുള്ളൂ.

Share news
error: Content is protected !!
Scroll to Top