തിരു:കുപ്രസിദ്ധ ഹൈടക്ക് മോഷ്ടാവ് ബണ്ടി ചോറിനെ പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഒരാഴ്ചയായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ബണ്ടിയെ കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ബണ്ടി ജയില്‍ ചാടാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നത് എന്ന ജയില്‍ അധികൃതര്‍ക്ക് സംശയമുള്ളതായും റിപ്പോര്‍ട്ടുണ്ട്.
സഹ തടവു കാരനോട് ജയില്‍ ചാടുന്നതിനെ കുറിച്ച് സംസാരിച്ച ബണ്ടി ചോറിന് കനത്ത സുരക്ഷയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ഏര്‍പെടുത്തിയിരിക്കുന്നത്. സിസി ടിവി ക്യാമറകളുടെ നിരീക്ഷണമുള്ള സെല്ലിലേക്കാണ് ബണ്ടിയെ മാറ്റിയത്. എന്നാല്‍ അന്ന് മുതല്‍ താന്‍ ഭഗവാന്‍ ശ്രീകൃഷ്ണനാണെന്ന് പറഞ്ഞാണ് ബണ്ടി ബഹളം വെച്ചത്.
ഈ സംഭവത്തെ തുടര്‍ന്ന് ബണ്ടിയുടെ അഭിഭാഷകന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് ബണ്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് അറിയിച്ചു. ബണ്ടിക്ക് ആവശ്യമായ ചികില്‍സ നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ഇയാളെ പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിലും ബണ്ടിക്ക് കനത്ത കാവല്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശമുണ്ട്.



