ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ബലി പെരുന്നാള്‍; അറഫാ സംഗമം ഇന്ന്

ജിദ്ദ: സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ് ബലി പെരുന്നാള്‍. ഹജ്ജിന്റെ പ്രധാന ചടങ്ങുകളിലൊന്നായ അറഫാ സംഗമം ഇന്ന്. മിനായില്‍ രാപ്പാര്‍ത്ത തീര്‍ഥാടകര്‍ പുലര്‍ച്ചെ തന്നെ അറഫ മലയെ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. ഇന്ന് പകല്‍ മുഴുവന്‍ തീര്‍ഥാടകര്‍ അറഫയില്‍ ചെലവഴിക്കും.

ഇന്നലെ ഹജ്ജ് കര്‍മങ്ങള്‍ക്കായി തീര്‍ഥാടകര്‍ മിനായിലെത്തി. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ‘ദൈവത്തിന്റെ വിളിക്കുത്തരം നല്‍കുന്നു’ എന്ന അര്‍ഥമുള്ള ‘ലബൈക്’ മന്ത്രങ്ങളുമായാണ് 20 ലക്ഷത്തോളം തൂവെള്ള വസ്ത്രധാരികള്‍ പുണ്യ താഴ്വരയില്‍ വന്നണഞ്ഞത്. ഞാറാഴ്ച രാത്രി മുതല്‍ തന്നെ തീര്‍ഥാടകര്‍ മിന ലക്ഷ്യമാക്കി ഒഴുകി തുടങ്ങിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ തീര്‍ഥാടകരുടെ വരവ് പൂര്‍ണമായി. മഹാമാരിയുടെ പരിമിതികളും നിയന്ത്രണങ്ങളും എല്ലാം വിട്ടകന്ന ഇത്തവണ മിനാ താഴ്വരം ഹാജിമാരാല്‍ പൂര്‍ണമായും നിറഞ്ഞു. അഞ്ചു നേരത്തെ നമസ്‌കാരങ്ങള്‍ തമ്പുകളില്‍ സമയത്തു നിര്‍വഹിച്ചു. നാലു നാള്‍ തീര്‍ഥാടകരുടെ താമസം മിനായിലാണ്. ഹജ്ജിന്റെ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഇടമാണ് ലോകത്തെ ഏറ്റവും വലിയ തമ്പുകളുടെ നഗരം എന്നറിയപ്പെടുന്ന മിനാ താഴ്വാരം. ദുല്‍ഹജ്ജ് 13 വരെ ഈ താഴ്വാരം ഭക്തരാല്‍ പ്രാര്‍ഥനാമുഖരിതമാകും.

മിനായില്‍ തീര്‍ഥാടകര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മലഞ്ചെരുവിലെ പാര്‍പ്പിട ഗോപുരങ്ങളായ ആറ് ‘അബ്‌റാജ് മിനാ’ കെട്ടിടങ്ങളിലും കിദാന കമ്പനി ഒരുക്കിയ തമ്പുകളിലുമാണ് ആഭ്യന്തര തീര്‍ഥാടകര്‍ക്ക് താമസം ഒരുക്കിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്നെത്തിയ ഒന്നേമുക്കാല്‍ ലക്ഷം തീര്‍ഥാടകരും ഹജ്ജില്‍ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച വെകീട്ട് മുതലാണ് ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖാന്തിരം എത്തിയ തീര്‍ഥാടകര്‍ മിനയിലേക്ക് എത്തിത്തുടങ്ങിയത്. ഇവര്‍ക്ക് മിനായില്‍ ഇന്ത്യന്‍ ‘പില്‍ഗ്രിം അസിറ്റന്‍സ് സെന്റര്‍’ എന്ന പേരില്‍ ഓഫീസും പ്രവര്‍ത്തിക്കുന്നുണ്ട്. ചികിത്സ കേന്ദ്രങ്ങള്‍, ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക് എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

മിനയില്‍ നിന്ന് പ്രവാചകന്‍ മുഹമ്മദ് നബി വിടവാങ്ങല്‍ പ്രസംഗം നടത്തിയ അറഫയിലേക്ക് പാപമോചനത്തിന്റെ പ്രാര്‍ഥനകളുമായി തീര്‍ഥാടകര്‍ പുലര്‍ച്ചെ തന്നെ നീങ്ങിത്തുടങ്ങി. നമീറ പള്ളിയും അറഫാ നഗരിയും ഉച്ചയോടെ വിശ്വാസ സാഗരമായി മാറും, മുഹമ്മദ് നബി ഹജ്ജില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തിയ ശേഷം ഇവിടെ വച്ച് കാരുണ്യത്തിനായി ദൈവത്തോട് പ്രാര്‍ഥിച്ചെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്നത്. ഉച്ച നമസ്‌കാരത്തിന് മുന്നോടിയായി പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിച്ച് ഇമാം അറഫാ പ്രഭാഷണം നടത്തും. അറഫ ദിനത്തില്‍ മസ്ജിദുന്നമിറയില്‍ നടക്കുന്ന അറഫ പ്രസംഗം ‘മനാറത്ത് അല്‍ഹറമൈന്‍ പ്ലാറ്റ്ഫോമി’ന്റെ സഹായത്തോടെ ലോകമെമ്പാടുമുള്ള എല്ലാ മുസ്ലിംകള്‍ക്കും ഇത്തവണ 20 ലോക ഭാഷകളില്‍ ഒരേസമയം പ്രഭാഷണം കേള്‍ക്കാനാവും. 30 കോടിയിലധികം ആളുകള്‍ക്ക് അറഫയുടെ സന്ദേശമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ലോകത്തിന് ഇരുഹറമുകളുടെ സന്ദേശമെത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമാണ് അറഫ പ്രസംഗം വിവര്‍ത്തനം ചെയ്യുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ് പറഞ്ഞു.

ദിവസം മുഴുവന്‍ പ്രാര്‍ഥനകളുമായി തീര്‍ഥാടകര്‍ അറഫയില്‍ ചെലവഴിക്കും. ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ അറഫയില്‍ നിര്‍വഹിക്കുന്ന ഹാജിമാര്‍ സൂര്യാസ്തമനത്തിന് ശേഷം മുസ്ദലിഫയിലേക്ക് പോകും. രാത്രി അവിടെ ചെലവഴിക്കുന്ന തീര്‍ഥാടകര്‍, ജംറകളില്‍ എറിയുന്നതിനുള്ള കല്ലുകള്‍ ശേഖരിക്കും.

ബലിപരുനാള്‍ ദിവസം ബലികര്‍മവും മുടി മുറിക്കലും നടത്തും. തുടര്‍ന്ന് ജംറയിലെ ആദ്യ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കുന്നതോടെ ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ അവസാനിക്കും. തുടര്‍ന്ന് ഹറം പള്ളിയിലേക്കെത്തുന്ന തീര്‍ഥാടകര്‍ സഫ, മര്‍വ മലകള്‍ക്കിടയില ഓട്ടം പൂര്‍ത്തീകരിച്ച് മിനായിലേക്ക് മടങ്ങും. തുടര്‍ന്ന് മൂന്ന് ദിവസം മിനായില്‍ രാപാര്‍ത്ത് ഹജ്ജിന്റെ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കും. ശനിയാഴ്ച വിടവാങ്ങല്‍ പ്രദക്ഷിണം നിര്‍വഹിച്ച് ഹാജിമാര്‍ മക്കയോട് വിട പറയും.

ശക്തമായ ചൂടാണ് ഇത്തവണ ഹജ്ജ് ദിനങ്ങളില്‍ ഉണ്ടാവുകയെന്ന് കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കണക്കിലെടുത്ത് അതിനെ പ്രതിരോധിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ പുണ്യകേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ലോകമുസ്ലിംകളുടെ പ്രതിനിധികളായാണ് 160ല്‍പരം രാജ്യങ്ങളില്‍നിന്ന് ഇത്രയും തീര്‍ഥാടക ലക്ഷങ്ങള്‍ ഹജ്ജില്‍ പങ്കെടുക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top