മനാമ: റോഡപകടങ്ങള്‍ സംഭിക്കുന്ന സമയത്തോ, സിഗ്നല്‍ തകരാറ് സംഭവിക്കുന്ന സ്ഥലങ്ങളിലോ ട്രാഫിക് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിന് വേണ്ടിയോ, ജംഗ്ഷനുകളില്‍ വണ്ടി നിര്‍ത്തിയിടുന്നത് അപകരമാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയിലെ തിരക്കേറിയ ജംഗ്ഷനില്‍ ട്രാഫിക്കിന്റെ ഒഴുക്ക് നിയന്ത്രിക്കുന്ന ഒരു സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് ഡയറക്ടറേറ്റ് ഇങ്ങനെയൊരു മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഒമാന്‍ അവന്യൂവിനും ഹൈവെ 35 നും ഇടയിലുള്ള ഏറ്റവും തിരക്കേറിയ ജംഗ്ഷനില്‍ നിന്നായിരുന്നു അവര്‍ ട്രാഫിക് നിയന്ത്രിച്ചത്. വീഡിയോയിലെ ദൃശ്യത്തില്‍ ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ട്രാഫിക് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പൗരന്റെ ഉദ്യമങ്ങള്‍ക്ക് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് നന്ദി പ്രകടിപ്പിച്ചെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ അപകടം ക്ഷണിച്ചുവരുത്തുമെന്ന് അദേഹം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ട്രാഫിക് സിഗ്നല്‍ തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഓപ്പറേഷന്‍ റൂമിലേക്ക് വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. ട്രാഫിക് നിയന്ത്രിക്കുന്നതിന് ട്രാഫിക് ജീവനക്കാര്‍ പിന്തുടരുന്ന നിയമങ്ങളുണ്ട്. കൂടാതെ ഉചിതമായ പരിശീലനം നല്‍കാതെ ഇത്തരം പ്രവൃത്തികള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.




