ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നാലു ദിവസം ബഹ്‌റൈനില്‍ നില്‍കാം

മനാമ: ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഇനിമുതല്‍ നാലുദിവസം ബഹ്‌റൈനില്‍ താമസിക്കാം. വിസ ഓണ്‍ അറൈവല്‍ സൗകര്യം അനുവദിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക.

രാജ്യത്തിന്റെ വിനോദ സഞ്ചാരമേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള ആനൂകൂല്യം ലഭ്യമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുപ്രകാരം ബഹ്‌റൈന്‍ വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന യാത്രക്കാര്‍ക്ക് ചില നിബന്ധനകള്‍ പാലിച്ച് നാലു ദിവസത്തെ വിസയാണ് അനുവദിക്കുക.

ഗള്‍ഫ് എയറിന്റെ പ്രാബല്യമുള്ള ടിക്കറ്റാണ് നിങ്ങളുടെ കൈവശമുള്ളതെങ്കില്‍ ഈ ദിവസങ്ങളില്‍ ബഹ്‌റൈനില്‍ തങ്ങുന്നവരുടെ വിസ ചാര്‍ജ് രാജ്യത്തെ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി വഹിക്കും.

നിലവില്‍ അറുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കാന്‍ യോഗ്യതയുണ്ട്. ഇതിനുപുറമെ 113 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇ വിസയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. ഈ പുതിയ ചുവടുവെപ്പ് രാജ്യത്തേക്ക് ട്രാന്‍സിറ്റ് യാത്രക്കാരുടെ വര്‍ധനവിന് ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

Related Articles