മലപ്പുറം:കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കുന്നതിനും വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ സംഘടിപ്പിക്കുന്ന ‘തിരികെ സ്‌കൂളിൽ’ ക്യാമ്പയിന്റെ ജില്ലതല ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.
വീടുകളിൽ അടയ്ക്കപ്പെട്ടവരെ പുറത്ത് കൊണ്ടുവരാൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. പുതിയ കാലത്തേക്ക് സഞ്ചരിക്കാൻ നമുക്കാവണമെന്നും അതിനു വേണ്ടിയാണ് തിരികെ സ്‌കൂൾ എന്ന പദ്ധതിക്ക് സർക്കാർ നേതൃത്വം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഒഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്‌ന പാലേരി മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി.
ഒഴൂർ അയ്യായ സി.പി.പി.എച്ച്.എം.എച്ച്.എസ് സ്‌കൂളിൽ വെച്ച് നടന്ന പരിപാടിയിൽ കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത് സ്വാഗതം പറഞ്ഞു. ഒഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.യൂസഫ് അധ്യക്ഷത വഹിച്ചു.
ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ 10 വരെയുള്ള അവധി ദിവസങ്ങളിൽ സ്‌കൂളുകളിൽ വെച്ചാണ് ക്യാമ്പയിൻ നടത്തുന്നത്. സ്‌കൂൾ കാലഘട്ടത്തെ അനുസ്മരിക്കും വിധമാണ് കാമ്പയിൻ പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
രാവിലെ തുടങ്ങി വൈകീട്ട് അവസാനിക്കുന്ന ക്യാമ്പയിനിൽ ഹരിത പ്രോട്ടോക്കോൾ പാലിച്ചുള്ള തോരണങ്ങളോടെയാകും പ്രവേശനോത്സവം സജ്ജമാക്കുക.
ഏകദിന ക്യാമ്പയിന്റെ തുടക്കം രാവിലെ അസംബ്ലി (കുടുംബശ്രീ മുദ്രഗീതം, ഉദ്ഘാടന ചടങ്ങ്)യോടെ ആരംഭിക്കും. ഒരു ദിവസവും 50 മുതൽ 75 അയൽക്കൂട്ടങ്ങൾ വരെ ക്ലാസിൽ ഉൾപ്പെടുത്തും. കുടുംബശ്രീ അയൽക്കൂട്ട സംവിധാനത്തെ കൂടുതൽ ചലനാത്മകമാകാനും അയൽക്കൂട്ട അംഗങ്ങളിൽ കൂട്ടായ്മയും ഒത്തൊരുമയും ഊട്ടിയുറപ്പിക്കുക, ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പ്രധാന്യത്തെക്കുറിച്ചും സാമ്പത്തിക പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട വിഷയങ്ങളെകുറിച്ചും അവബോധം ഉണ്ടാക്കുക, സ്ത്രീപദവി ഉയർത്തുന്നതിനാവശ്യമായ കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
ഡിജിറ്റൽ പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തിയാണ് ക്ലാസുകൾ നൽകുക. സംഘശക്തി അനുഭവപാഠങ്ങൾ പാഠം, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, സംഘഗാനം, ജീവിത ഭദ്രത ഞങ്ങളുടെ സന്തോഷം,ഉപജീവനം ആശയങ്ങൾ, പദ്ധതികൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശീലനമാണ് അംഗങ്ങൾക്ക് ക്ലാസുകളിൽ നൽകുക.
ചടങ്ങിൽ കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗങ്ങളായ സലീം മാട്ടുമ്മൽ, പി.കെ. സൈനബ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ കെ. രതീഷ്‌കുമാർ, താനൂർ ബ്ലോക്ക് പഞ്ചായത്ത് കെ. സൽമത്ത്, ഒഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്‌ന പാലേരി, കുഞ്ഞേനി മാസ്റ്റർ, മുംതാസ് ടീച്ചർ അഷ്‌കർ കോരാട്, ജില്ലാപഞ്ചായത്ത് മെമ്പർമാരായ ശ്രീദേവി പ്രാക്കുന്ന്, യാസ്മിൻ അരിമ്പ്ര, താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജലിൽ മാസ്റ്റർ, മൊയിൻ, ഒഴൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കെ.വി പ്രജിത, സൈതലവി, മുക്കാട്ടിൽ സെലിന, മൂസക്കുട്ടി സുബൈദ, നൂഹ് കരിങ്കപ്പാറ, റസിന, നോവൽ മുഹമ്മദ്, നബീല, ജമീല, പ്രമീള, സവിത, സ്‌കൂൾ പ്രിസിപ്പൽ ഹനീഫ തയ്യൻ, ഹെഡ്മാസ്റ്റർ ഹൈദ്രോസ് മാഷ്, എം. മുഹമ്മദ്, മുഹിയുദ്ധീൻ, സി.പി ചാൾസ് എന്നിവർ പങ്കെടുത്തു. കുടുംബശ്രീ ഒഴൂർ സി.ഡി.എസ് ചെയർപേഴ്‌സൺ എ.പി ഗീത ചടങ്ങിന് നന്ദി പറഞ്ഞു.




