ഡോ.ബാബുപോള്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ബാബുപോള്‍(78)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ചീഫ് സെക്രട്ടറിയുടെ റാങ്കില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്‌സ് മാനായും പ്രവര്‍ത്തിച്ചു. നിലവില്‍ കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്(കിഫ്ബി)അംഗമാണ്.

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി എ പൗലോസ് കോറെപ്പിസ്‌കോപ്പയുടെയും മേരി പോളിന്റെയും മകനായി 1941 ലാണ് ബാബു പോള്‍ ജനിച്ചത്. തന്റെ 21 ാമത്തെ വയസിലാണ് അദേഹം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. 59 ാമത്തെ വയസില്‍ ഐഎഎസില്‍ നിന്ന് സ്വമേധയാ വിരമിച്ച് ഓംബുഡ്‌സ്മാന്‍ സ്ഥാനം സ്വീകരിച്ചു. 2001 ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു. സിവില്‍ സര്‍വീസ് മേഖലയില്‍ മിടുക്കരെ വളര്‍ത്തിയെടുക്കാനായി സ്ഥാപിച്ച കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ മെന്റര്‍ എമിരറ്റസ് ആയിരുന്നു. നാല്‍പ്പതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. ‘വേദശബ്ദരത്‌നാകരം’ എന്ന ബൈബില്‍ വിജ്ഞാനകോശം 2000 ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരമുള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക് അര്‍ഹമായി.

ഭാര്യ: പരേതയായ അന്ന ബാബുപോള്‍(നിര്‍മല). മക്കള്‍: മറിയം ജോസഫ്, ചെറിയാന്‍ സി പോള്‍. മരുമക്കള്‍: സതീഷ് ജോസഫ്, ദീപ. മുന്‍ വ്യോമസേന സെക്രട്ടറിയും യുപിഎസ്‌സി അംഗവുമായിരുന്ന കെ റോയി പോള്‍ സഹോദരനാണ്.

Related Articles