Section

malabari-logo-mobile

ആറ്റുകാല്‍ പൊങ്കാല: 2.48 കോടി അനുവദിച്ചു, ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് സുരക്ഷാ നിർദേശം പുറപ്പെടുവിച്ചു

HIGHLIGHTS : Attukal Pongala: 2.48 crore sanctioned

ഫെബ്രുവരി 17 മുതല്‍ 26 വരെ നടക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരില്‍ നിന്നും2.48 കോടി (2,47,98,041) രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 25 നാണ് ആറ്റുകാല്‍ പൊങ്കാല. പൊങ്കാലയോടനുബന്ധിച്ച് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സ്വീവര്‍ ലൈനുകളുടെ ക്ലീനിംഗ് എന്നീ പ്രവര്‍ത്തികള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗത്തിനുള്ള ആകെ 11 റോഡുകളില്‍ ഏഴ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. ബാക്കി അറ്റകുറ്റ പണികള്‍ പുരോഗമിക്കുകയാണ്.

കെ.ആര്‍.എഫ്.ബിയുടെ 29 റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ഒരു റോഡ് ഫെബ്രുവരി 22നകം പൂര്‍ത്തിയാക്കും. ബാക്കിയുള്ളവ പൊങ്കാലയ്ക്കു വേണ്ടി അനുയോജ്യമാക്കും. സ്മാര്‍ട്ട് സിറ്റി 28 റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അഞ്ച് റോഡുകള്‍ ഫെബ്രുവരി 22നകം പൂര്‍ത്തിയാക്കും. സ്മാര്‍ട്ട് സിറ്റി, കെ.ആര്‍.എഫ്. ബി എന്നിവയുടെ പണിപൂര്‍ത്തിയാക്കാനുള്ള റോഡുകളില്‍ സബ് കളക്ടറും പോലീസും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി പൊങ്കാലയ്ക്ക് അനുയോജ്യമാകാത്തവ ബാരിക്കേഡുകള്‍ സ്ഥാപിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തും.

sameeksha-malabarinews

പൊങ്കാലയോടനുബന്ധിച്ച് പോലീസ് വ്യക്തമായ ഗതാഗത പ്ലാനുകളും പാര്‍ക്കിംഗ് പ്ലാനുകളും തയ്യാറാക്കിയിട്ടുണ്ട്. ഭക്തരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 1000 വനിതാ പോലീസ് ഉള്‍പ്പടെ 4120 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പോലീസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ് എന്നീ വകുപ്പുകള്‍ ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികള്‍, പൊങ്കാലയോടനുബന്ധിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍, തെരുവു നായ്ക്കളെ ക്ഷേത്രപരിസരത്തു നിന്നും മാറ്റി പുനരധിവസിപ്പിക്കുന്ന നടപടികള്‍ എന്നിവ നഗരസഭയില്‍ നിന്നും പൂര്‍ത്തിയാക്കും. തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പ്രകാശിപ്പിക്കുന്നതിനും വൈദ്യുത വിതരണം തടസ്സമില്ലാതെ തുടരുന്നതിനു വേണ്ട നടപടികള്‍ കെ.എസ്.ഇ.ബി സ്വീകരിച്ചിട്ടുണ്ട്. ഉത്സവാരംഭം മുതല്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടീമിന്റെ സേവനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടാതെ കുത്തിയോട്ട കുട്ടികള്‍ക്കായി 24 മണിക്കൂറും പീഡിയാട്രീഷ്യന്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ടീം ക്ഷേത്രത്തില്‍ ക്യാമ്പ് ചെയ്യുന്നതുമാണ്.

പബ്ലിക് ടാപ്പുകളില്‍ 24 മണിക്കൂറും ജല ലഭ്യത ഉറപ്പുവരുത്തുന്നതിനും പൊങ്കാല ദിവസം ക്ഷേത്ര പരിസരത്ത് ടാപ്പുകളും ഷവറുകളും സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ഫെബ്രുവരി 23 നകം പൂര്‍ത്തിയാക്കും.

റവന്യൂ, പോലീസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ്, കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി, ഫുഡ് സേഫ്റ്റി, നഗരസഭ എന്നീ വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകള്‍ ക്ഷേത്രപരിസരത്ത് ഉണ്ടായിരിക്കും.

കെ.എസ്.ആര്‍.ടി.സി തമ്പാനൂര്‍ നിന്നും കിഴക്കേക്കോട്ടയില്‍ നിന്നും ക്ഷേത്രത്തിലേക്കും തിരിച്ചും ബസ് സര്‍വീസ് നടത്തും. മുന്നൂറോളം ബസുകളാണ് പൊങ്കാല ദിവസം സജ്ജീകരിച്ചിട്ടുള്ളത്.

ജില്ലാ സപ്ലൈ ഓഫീസ്, ഫുഡ് സേഫ്റ്റി വകുപ്പ്, വാട്ടര്‍ അതോറിറ്റി, വാട്ടര്‍ അതോറിറ്റി സ്വീവറേജ് ഡിവിഷന്‍, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടമെന്റ്, ലീഗല്‍ മെട്രോളജി തുടങ്ങിയ വകുപ്പുകളുടെ സ്‌ക്വാഡുകള്‍ ഉത്സവ ദിവസങ്ങളില്‍ പരിശോധന നടത്തും.

പൊങ്കാലയുടെ തലേ ദിവസം ആറ്റുകാല്‍ ക്ഷേത്രത്തിന് അടുത്തുള്ള പ്രദേശങ്ങളിലും, പൊങ്കാല ദിവസം സ്റ്റാച്യുവിലും സപ്ലൈകോയുടെ മൊബൈല്‍ മാവേലി സ്റ്റോര്‍ സജ്ജീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 24ന് വൈകിട്ട് ആറ് മണി മുതല്‍ 25 നു വൈകിട്ട് ആറ് മണി വരെ തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ വര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളറട വാര്‍ഡിലും മദ്യനിരോധനം എര്‍പ്പെടുത്തി ഉത്തരവായിട്ടുണ്ട്.

100 ശതമാനം ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനായി എല്ലാ വകുപ്പുകളുടെയും സേവനം ഉറപ്പുവരുത്തിയിട്ടിട്ടുണ്ട്. ഓരോ ആഴ്ചയും ജില്ലാ കളക്ടര്‍, സബ് കളക്ടര്‍ എന്നിവരുടെ അധ്യക്ഷതയില്‍ അവലോകന യോഗങ്ങള്‍ നടത്തി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ നാഗരാജു ചകിലം, ഡെപ്യൂട്ടി കമ്മിഷണര്‍ (ലോ ആന്‍ഡ് ഓര്‍ഡര്‍) നിധിന്‍രാജ്, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് വൈദ്യുതി ലൈനുകളുടെയും ട്രാൻസ്ഫോർമറുകളുടെയും സമീപം പൊങ്കാല അർപ്പിക്കുന്നത് സംബന്ധിച്ച് ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റ് സുരക്ഷാ നിർദേശങ്ങൾ നൽകി.

ട്രാൻസ്ഫോർമറുകൾക്ക് സമീപം പൊങ്കാല ഇടുമ്പോൾ സുരക്ഷിത അകലം പാലിക്കണം. ട്രാൻസ്ഫോർമർ സ്റ്റേഷൻ ചുറ്റുവേലിക്ക് സമീപം സാധനസാമഗ്രികൾ സൂക്ഷിക്കുകയോ വിശ്രമിക്കുകയോ ചെയ്യരുത്. ട്രാൻസ്ഫോർമറുകൾ, വൈദ്യുത പോസ്റ്റുകൾ എന്നിവയുടെ ചുവട്ടിൽ ചപ്പുചവറുകൾ കൂട്ടിയിടരുത്. വൈദ്യുതി പോസ്റ്റിനു ചുവട്ടിലും താഴ്ന്ന് കിടക്കുന്ന വൈദ്യുത ലൈനുകൾക്കിടയിലും പൊങ്കാലയിടരുത്. ക്ഷേത്ര പരിസരങ്ങളിൽ ശബ്ദം, വെളിച്ചം എന്നിവയ്ക്ക് ഉപയോഗിക്കുന്ന വൈദ്യുത വയറുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ ഗുണനിലവാരം ഉള്ളതാണെന്ന് ഉറപ്പാക്കണം. ഉത്സവവേളകളിൽ ജനറേറ്റർ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ, അംഗീകാരമുള്ള കോൺട്രാക്ടർ മുഖേന നടത്തുകയും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ മുൻകൂർ അനുമതി വാങ്ങുകയും വേണം.

ട്യൂബ് ലൈറ്റുകൾ, ദീപാലങ്കാരങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് കയ്യെത്താത്ത ഉയരത്തിൽ സ്ഥാപിക്കണം. ഗേറ്റുകൾ, ഇരുമ്പ് തൂണുകൾ, ഗ്രില്ലുകൾ, ലോഹബോർഡുകൾ എന്നിവയിൽ ദീപാലങ്കാരങ്ങൾ ചെയ്യരുത്. വൈദ്യുത ലൈനിനു സമീപത്തായി ബാനറുകൾ, കമാനങ്ങൾ പരസ്യബോർഡുകൾ മുതലായവ സ്ഥാപിക്കരുത്. ഇൻസുലേഷൻ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴകിയതോ, കൂട്ടിയോജിപ്പിച്ചതോ ആയ വയറുകൾ വയറിംഗിന് ഉപയോഗിക്കരുത്. വൈദ്യുത ലൈനുകൾക്ക് സമീപത്തുകൂടിയോ അടിയിലൂടെയോ വൈദ്യുതീകരണത്തിനായുള്ള വയറുകൾ അലക്ഷ്യമായി എടുക്കുകയോ എറിയുകയോ ചെയ്യരുത്.

വിളക്കുകെട്ടിനു മുളം തൂണുകളിൽ ട്യൂബ് ലൈറ്റുകളോ ബൾബുകളോ കെട്ടി കയ്യിൽ കൊണ്ടുപോകുന്നത് ഒഴിവാക്കണം. ഫ്ളോട്ടുകൾ വൈദ്യുത ലൈനിനു സമീപം വരുമ്പോൾ ലൈനുകൾ സ്വയം ഉയർത്താൻ ശ്രമിക്കരുത്. വൈദ്യുത പോസ്റ്റുകളിൽ അലങ്കാര വസ്തുക്കൾ സ്ഥാപിക്കരുത്. അനധികൃതമായ വയറിംഗ് നടത്തരുത്. തുടർച്ചയായ വൈദ്യുത കണക്ഷൻ എടുക്കുന്നതിന് ഗുണനിലവാരമുള്ള പ്ലഗ്ഗുകൾ, സോക്കറ്റുകൾ, കണക്ടറുകൾ എന്നിവ ഉപയോഗിക്കണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!