നഗരവല്‍ക്കരണത്തിനനുസൃതമായ ചികില്‍സ സൗകര്യങ്ങള്‍ സംസ്ഥാനത്തൊരുക്കും: മുഖ്യമന്ത്രി, മലപ്പുറം ജില്ലയില്‍ ആറ് ഐസൊലേഷന്‍ വാര്‍ഡുകളും അഞ്ച് നഗരജനകീയാരോഗ്യകേന്ദ്രങ്ങളും നാടിന് സമര്‍പ്പിച്ചു

നഗരവത്കരണത്തിനനുസൃതമായി ആരോഗ്യ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനാണ് കേരളം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അപൂര്‍വരോഗ ചികിത്സാ പദ്ധതി പ്രഖ്യാപനവും 42 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളുടെയും 37 ഐസൊലേഷന്‍ വാര്‍ഡുകളുടെയും സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ 93 നഗരപ്രദേശങ്ങളിലായി 380 നഗര ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേര്‍ന്ന് പുതുതായി ആരംഭിക്കുന്ന 42 നഗര ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ നാടിനു സമര്‍പ്പിക്കപ്പെടുകയാണ്. കാലാനുസൃതമായി നഗരപ്രദേശങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രങ്ങളിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ നേര്‍സാക്ഷ്യമാണ്. താരതമ്യേന ജീവിതചെലവ് കൂടുതലുള്ള നഗര പ്രദേശങ്ങളിലും സൗജന്യവും സമഗ്രവുമായ പ്രാഥമികാരോഗ്യ പരിരക്ഷ ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാകും. ഉയര്‍ന്ന ചെലവിന്റെ പേരില്‍ ആര്‍ക്കും ചികില്‍സ നിഷേധിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട് ഇതോടൊപ്പം പൂര്‍ത്തിയായ 37 ഐസൊലേഷന്‍ വാര്‍ഡുകളുടെ സേവനവും പൊതുജനങ്ങള്‍ക്ക് ലഭിക്കും. അപൂര്‍വരോഗങ്ങളുടെ ചികിത്സയില്‍ സമഗ്ര ചികിത്സാ പദ്ധതിയും ചികിത്സാനയവും രാജ്യത്ത് ആദ്യമായി ആവിഷ്‌ക്കരിക്കുന്ന സംസ്ഥാനമാണ് കേരളം. ഓരോ നിയോജക മണ്ഡലത്തിലും പത്ത് കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കുന്നത് തുടരും. പകര്‍ച്ച വ്യാധി വ്യാപന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കണം. കോവിഡിന്റെ പശ്ചാത്തലത്തില്‍ നമുക്കിതു ബോധ്യമായതാണ്. 250 കോടി രൂപ ചെലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. 50 % കിഫ്ബി ഫണ്ടും 50 % എം എല്‍ എ ആസ്തി വികസന ഫണ്ടും ഇതിനായി വിനിയോഗിക്കും.

അപൂര്‍വ രോഗ ചികില്‍സ രംഗത്ത് മാതൃകാപരമായ നടപടികളാണ് കേരളം സ്വീകരിക്കുന്നത്.5000 അപൂര്‍വ രോഗങ്ങളാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുള്ളത്. 2021-ലെ ദേശീയ സൂചിക പ്രകാരം 11 മികവിന്റെ കേന്ദ്രങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ തിരുവനന്തപുരം എസ് എ ടി ആശുപത്രി ഉള്‍പ്പെട്ടു. എന്നാല്‍ പല രോഗങ്ങള്‍ക്കും ചികില്‍സ ചെലവ് വളരെ ഉയര്‍ന്ന സാഹചര്യത്തില്‍ പരിചരണത്തിന് സമഗ്രനയം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.രോഗങ്ങളെ കണ്ടെത്തി പ്രതിരോധിക്കുന്നതിന് ഗൃഹകേന്ദ്രീകൃത സേവനം ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അപൂര്‍വ രോഗ ചികില്‍സ പദ്ധതിയായ കെയറിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു

തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് സ്വാഗതം ആശംസിച്ചു. ആന്റണി രാജു എം എല്‍ എ, മേയര്‍ ആര്യ രാജേന്ദ്രന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. റീന കെ ജെ ,കെ എം എസ് സി എല്‍ ജനറല്‍ മാനേജര്‍ ഡോ. എ ഷിബുലാല്‍, എന്‍ എച്ച് എം ഡയറക്ടര്‍ ജീവന്‍ ബാബു എന്നിവര്‍ പങ്കെടുത്തു.

മലപ്പുറം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ പ്രവർത്തനസജ്ജമായ ആറ് ഐസൊലേഷൻ വാർഡുകളുടെയും അഞ്ച് നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകർച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതൽ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് മൾട്ടിപർപ്പസിനായി ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിരിക്കുന്നത്. എം.എൽ.എ. ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചുള്ള ഈ പദ്ധതി കെ.എം.എസ്.സി.എൽ. ആണ് നടപ്പാക്കിയത്. 10.74 കോടി രൂപയാണ് ആറു ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മമാണത്തിനായി ചെലവായത്.
ജില്ലയില്‍ കരുവാരകുണ്ട്, ഓമാനൂര്‍, തവനൂര്‍, താനൂര്‍, നെടുവ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പൊന്നാനി ഡബ്ല്യു ആന്‍ഡ് സി എന്നിവിടങ്ങളിലെ ഐസൊലേഷന്‍ വാര്‍ഡുകളുടെയും നിലമ്പൂര്‍ ബീരാന്‍ കോളനി, പൊന്നാനിയിലെ പുതുപൊന്നാനി, വണ്ടിപ്പേട്ട, തിരൂരിലെ ഇല്ലത്തപ്പാടം, നടുവിലങ്ങാടി തുടങ്ങിയ നഗര ജനകീയാരോഗ്യകേന്ദ്രങ്ങളുടെയും ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. പരിപാടിയുടെ ഭാഗമായി അതത് ആരോഗ്യസ്ഥാപനങ്ങളില്‍ പ്രാദേശിക പരിപാടികളും നടന്നു.
പൊന്നാനി അമ്മയും കുഞ്ഞും ആശുപത്രിയിൽ നടന്ന ചടങ്ങിൽ പി.നന്ദകുമാർ എം.എൽ.എ മുഖ്യാത്ഥിയായി. ശിലാഫലകം എം എൽ എ അനാച്ഛാദനം ചെയ്തു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ഒ.ഒ ഷംസു, ടി. മുഹമ്മദ് ബഷീർ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ:ആഷ,ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീജ തുടങ്ങിയവർ പങ്കെടുത്തു. പുതുപൊന്നാനി നഗര ജനകീയ ആരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പി.നന്ദകുമാർ എം.എൽ.എ, പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം,വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ഒ.ഒ ഷംസു,ഷീന സുദേശൻ, രജീഷ് ഊപ്പാല,വാർഡ് കൗൺസിലർ ബാദുഷ നഗരസഭ സെക്രട്ടറി സജിറൂൺ തുടങ്ങിയവർ പങ്കെടുത്തു.
തിരൂര്‍ നടുവിലങ്ങാടി, ഇല്ലത്തപ്പാടം നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് തിരൂര്‍ നഗരസഭ ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൺ എ.പി നസീമ അധ്യക്ഷയായി. വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
താനൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ താനൂർ നഗരസഭ ചെയർമാൻ പി പി ഷംസുദ്ദീൻ, ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ അലി അക്ബർ, ജെ എച്ച് ഐ അനീഷ് ചക്കാലക്കൽ, ഡിവിഷൻ കൗൺസിലർ ഹാബിദ് വടക്കയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഓമാനൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റുഖിയ ഷംസു, വൈസ് പ്രസിഡണ്ട് ഗഫൂർ ഹാജി, സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഹരിദാസ് പുൽപ്പറ്റ, ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എളങ്കയിൽ മുംതാസ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ,ചീക്കോട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, മെഡിക്കൽ ഓഫീസർ ഡോ: അമീൻ, ഡോ ലക്ഷ്മി, എച്ച്. എം. സി അംഗങ്ങൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.
കരുവാരകുണ്ട്‌ ഹെൽത്ത്‌ സെന്ററിൽ നടന്ന ചടങ്ങിൽ കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ് പൊന്നമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കുമ്മ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
error: Content is protected !!
Scroll to Top