HIGHLIGHTS : Attack on vehicle broker's house: 8 people remanded
താമരശേരി: കാര്‍ വില്‍പ്പന തര്‍ക്കത്തെ തുടര്‍ന്ന്, ഉടമയായ യുവതിയുടെ നേതൃത്വത്തിലെത്തിയ ഇരുപതോളം പേരടങ്ങിയ സംഘം വാഹന വില്‍പ്പന ഇടനിലക്കാരന്റെ വീട്ടില്‍ കയറി അക്രമം നടത്തിയ കേസില്‍ എട്ട് പ്രതികള്‍ റിമാന്‍ഡില്‍. താമരശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപം കല്ലറക്കാംപൊയിലില്‍ ഞായര്‍ പകല്‍ ഒന്നോടെയായിരുന്നു സംഭവം.
കോഴിക്കോട് തടമ്പാട്ടുതാഴം ടി ടി റുഷൈദ് മുഹമ്മദ് (19), നരിക്കുനി പി സി പാലം കളത്തിങ്ങല്‍ കെ അബ്ദുല്‍ സാലം (56), എരവത്തൂര്‍ ടി ടി അബ്ദുല്‍
റഹീസ് (43), പി സി പാലം കളത്തിങ്ങല്‍ കെ ഷബീര്‍ മുഹമ്മദ് (18), നരിക്കുനി പാറന്നൂര്‍ കൊളത്തുര്‍കണ്ടിയില്‍ സാജിദ് (47), പാറന്നൂര്‍ മുണ്ടപുറത്ത് എം വി റംഷിദ് (38), നരിക്കുനി കാവുമ്പറത്ത് കെ നാഫിദ് (39), കാപ്പാടന്‍ ഷക്കീര്‍ ഹുസൈന്‍ (41) എന്നിവരാണ് അറസ്റ്റിലായത്.
ചുങ്കത്ത് കല്ലറക്കാംപൊയില്‍ സി പി അഷ്‌റഫിന്റെ വീട്ടില്‍ ആയുധവുമായി അതിക്രമിച്ചുകയറിയ സംഘം അഷ്‌റഫിനെ ഇരുമ്പുവടികൊണ്ട് മര്‍ദിക്കുകയും ഭാര്യയെയും മക്കളെയും തള്ളിവീഴ്ത്തുകയും ചെയ്‌തെന്നാണ് പരാതി. പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ അഷ്‌റഫിന്റെ കൈപ്പത്തിയിലും വിരലിലും മുറിവേറ്റു. വലതുചുമലില്‍ ക്ഷത മേല്‍ക്കുകയും ചെയ്തു. അഷ്‌റഫ് താമരശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവവുമായി ബന്ധപ്പെട്ട് ഷഹനയ്ക്കും കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഡ്രൈവിങ് പരിശീലന സ്ഥാപനം നടത്തിയിരുന്ന യുവതിയുടെ കാര്‍ ആവിലോറ സ്വദേശിയായ മുന്‍ പാര്‍ട്ണര്‍ മുന്‍കൂര്‍ പണം വാങ്ങി മറിച്ചു വില്‍പ്പന നടത്താനായി അഷറഫിന്
കൈമാറുകയായിരുന്നു. കാര്‍ വില്‍ക്കാനുണ്ടെന്ന് കാണിച്ച് അഷ്‌റഫ് പരസ്യം നല്‍കുകയും കാര്‍ സൂക്ഷിച്ച സ്ഥലമറിഞ്ഞ യുവതി ഒരു സംഘം ആളുകള്‍ക്കൊപ്പം അഷ്‌റഫിന്റെ വീട്ടിലെത്തുകയുമായിരുന്നു. വീട്ടുകാരോട് താക്കോല്‍ വാങ്ങി കാറെടുത്ത് പോവാന്‍ ശ്രമിക്കവേ, അഷ്‌റഫ് വീട്ടില്‍ മടങ്ങിയെത്തുകയും കാര്‍ തടയുകയും ചെയ്തു. തന്റെ പേരിലുള്ള കാര്‍ അഷ്‌റഫ് കൈവശംവച്ചതിനെ ചോദ്യംചെയ്ത് യുവതിയും കൂടെയുള്ളവരും രംഗത്തെത്തുകയും വാക്കേറ്റം കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു